Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

50 ലക്ഷം തട്ടാൻ ശ്രമിച്ചത് ദുൽഖർ–ടൊവീനോ ചിത്രങ്ങളുടെ നിർമാതാവിൽ നിന്നും; ഞെട്ടിക്കുന്ന അനുഭവം

c-r-salim-producer സി.ആർ. സലിം

ചിത്രീകരണം നടക്കുന്ന രണ്ട് സിനിമകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതാണ് പ്രവാസി മലയാളിയും നിർമാതാവുമായ ആർ. സലിം. അതിനിടെയാണ് ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സലിമിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിലല്ലാതെ കേസെടുത്ത് സലിമിൽ നിന്നും പൈസ തട്ടുകയായിരുന്നു ലക്ഷ്യം. പൊലീസ് സ്റ്റേഷനിലെത്തിയ സലിമിനെ കാത്തിരുന്നത് ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത ദുരനുഭവങ്ങളും. പൊലീസിൽ നിന്നും അനുഭവിച്ച മാനസികപീഡനത്തിൽ നിന്നും പുറത്തുകടക്കാൻ കൗൺസിലിങിനു പോകേണ്ടി വന്നുവെന്ന് സലിം മനോരമ ഓൺലൈനോടു പറഞ്ഞു. 

പുറത്തിറങ്ങാനിരിക്കുന്ന ടൊവീനോ തോമസ് ചിത്രം 'എന്‍റെ ഉമ്മാന്‍റെ പേര്', ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഒരു യമണ്ടന്‍ പ്രേമകഥ' തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാതാവാണ് സലിം. ഇതില്‍ ടൊവീനോ ചിത്രത്തിന്‍റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. മകളെ അമിതമായി ജോലിയെടുപ്പിക്കുന്നു, ശമ്പളം നൽകുന്നില്ല എന്നൊക്കെ ആരോപിച്ച് ഖത്തറിലെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ അമ്മ പരാതി നൽകിയിട്ടുണ്ടെന്നു പറഞ്ഞാണു സലിമിനെ കഴിഞ്ഞ ഓഗസ്റ്റ് 8നു രാത്രി ആലുവ തോട്ടുമുഖത്തെ വീട്ടിൽ നിന്ന് ആലുവ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. താൻ നിർമിക്കുന്ന സിനിമയുടെ പൂജയ്ക്കു നാട്ടിലെത്തിയതായിരുന്നു സലിം. 

പിന്നീട് സംഭവിച്ച കാര്യങ്ങൾ സലിമിന്റെ വാക്കുകളിലൂടെ–

സ്റ്റേഷനിലെത്തിയതോടെ ക്രിമിലനിനോടു പെരുമാറുന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. അവർ എന്തോ മുൻകൂട്ടി ഉറപ്പിച്ചതുപോലെയായിരുന്നു. പൊലീസുകാർ പറയുന്ന പരാതിയുടെ കാര്യം ഓർമയിലൂടെ പോയില്ലെങ്കിലും ദോഹയിലേക്ക് വിളിച്ച് സഹപ്രവര്‍ത്തകരോട് വൈകിട്ട് തന്നെ അവരെ കയറ്റിവിടാന്‍ വേണ്ടത് ചെയ്യണമെന്ന് പറഞ്ഞു. അപ്പോഴേയ്ക്കും അവിടെയുള്ള പൊലീസുകാര്‍ എന്‍റെ ഫോണൊക്കെ വാങ്ങിവെച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിളിച്ചതനുസരിച്ച് വക്കീല്‍ വന്നു. ആ സ്ത്രീയ്ക്ക് ബോര്‍ഡിങ് പാസ് കിട്ടിയാല്‍ പിന്നെ പ്രശ്നമൊന്നുമില്ലെന്നാണ് വക്കീലിനോട് സിഐ പറഞ്ഞത്.

എന്നാല്‍ പിന്നീട് ഒരു മധ്യസ്ഥന്‍ വഴി പണം തട്ടാനുള്ള ശ്രമമുണ്ടായി. കസ്റ്റഡിയിൽ ആയിരിക്കെ, രാത്രി 9ന് ആലുവയിലെ ശരത് എന്നയാൾ ഇൻസ്പെക്ടർ വിശാൽ ജോൺസന്റെ നിർദേശപ്രകാരമാണെന്നു പറഞ്ഞു സ്റ്റേഷനിലെത്തി. കേസിൽ കുടുക്കിയതാണെന്നും 50 രൂപ തന്നാൽ ഊരിത്തരാമെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു സ്റ്റേഷനിലേക്കു വിളിക്കുമെന്നും ഇയാൾ പറഞ്ഞു. പൊലീസ് പിടിച്ചു വച്ചിരുന്ന ഫോൺ തിരിച്ചു തന്നു. പണം നൽകിയാൽ രാത്രി 10.30നു തന്നെ പുറത്തിറക്കാമെന്നു ശരത് വാഗ്ദാനം ചെയ്തു. 

സിനിമയുടെ പൂജ ഉള്ളതിനാൽ പെട്ടെന്നു സ്റ്റേഷനിൽ നിന്നു പുറത്തിറങ്ങണമായിരുന്നു. '50 രൂപ' എന്നതു കൊണ്ട് 50,000 രൂപയാണ് ഉദ്ദേശിച്ചതെന്നു കരുതി, ഒരുലക്ഷം രൂപ സുഹൃത്തു വഴി ശരത്തിനു കൈമാറിയപ്പോഴാണ് 50 ലക്ഷം രൂപയാണ് ഉദ്ദേശിച്ചതെന്നു ശരത് പറഞ്ഞത്. ശരത് വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞു. അത്രയും വലിയ തുക തരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ശരത്തിനോട് ഞാന്‍ പറഞ്ഞു. ഒരു കാരണവശാലും പണം കൊടുക്കരുതെന്ന് വക്കീലും എന്നോട് പറ‍ഞ്ഞു. ഫോൺ വീണ്ടും പൊലീസ് പിടിച്ചു വാങ്ങി. അർധരാത്രിയോടെ കേസെടുത്തു.

പുലര്‍ച്ചെ പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞ സ്ത്രീ വിമാനത്താവളത്തില്‍ വന്നു. പൊലീസ് പോയി അവരെ കൂട്ടിക്കൊണ്ടുവന്നു. മൊഴിയെടുത്തപ്പോള്‍ ഇത് ഞങ്ങളുടെ എംഡിയാണെന്നും പക്ഷേ ആദ്യമായാണ് കാണുന്നതെന്നും ഒരു പരാതിയും ഇല്ലെന്നുമാണ് അവര്‍ പറഞ്ഞത്. രാവിലെ സിഐയോടും പരാതിയില്ലെന്ന കാര്യം അവര്‍ ആവര്‍ത്തിച്ചു." പക്ഷേ അവരെയും അകത്തിടുമെന്നായിരുന്നു സിഐയുടെ ഭീഷണി. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വരാന്‍പറ്റില്ലെന്നും അവര്‍ എന്‍റെ സുഹൃത്തുക്കളോട് പറഞ്ഞു.

പിറ്റേന്നു വിശാൽ ജോൺസൺ 'ഞാൻ പറഞ്ഞയച്ചയാൾ പറഞ്ഞ പ്രകാരം നീ പ്രവർത്തിച്ചില്ലല്ലോ, നീ ഉണ്ട തിന്നു കിടക്കണം' എന്നു പറഞ്ഞു. എന്റെ ആൾക്കാർ വീണ്ടും ബസപ്പെട്ടപ്പോൾ 60 ലക്ഷം രൂപയാണു ശരത് ആവശ്യപ്പെട്ടത്. പണം നൽകിയാലും 2 ദിവസം ജയിലിൽ കിടക്കേണ്ടി വരുമെന്നും പറഞ്ഞു. ശരത് പറഞ്ഞത് അനുസരിക്കാനായിരുന്നു വിശാൽ ജോൺസന്റെ നിർദേശം. ഉച്ചയോടെ എന്നെ കോടതിയിൽ ഹാജരാക്കി. സംഭവങ്ങൾ ബോധിപ്പിച്ചപ്പോൾ കോടതി അന്നു തന്നെ ജാമ്യം അനുവദിച്ചു.

‘അതിനിടെ കോടതിയുടെ മുന്നിൽ നിർത്തി എസ്ഐ മറ്റു പൊലീസുകാരോട് പറഞ്ഞ് എന്റെ ഫോട്ടോ മൊബൈലിൽ എടുത്തു.  പിറ്റേന്ന് ചില പത്രങ്ങളിലൊക്കെ 'വീട്ടുജോലിക്കാരിയെ നിര്‍മാതാവ് പീഡിപ്പിച്ചു’ എന്നമട്ടില്‍ വാര്‍ത്തകള്‍ വന്നു. ഇതുപോലെ മാനസികമായ പീഡനങ്ങൾ സഹിച്ച ശേഷമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങിയത്.

‘സിപിഎം ജില്ലാ സെക്രട്ടറി വഴി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങിയപ്പോള്‍ തനിക്കെതിരേ പരാതിപ്പെടരുതെന്ന് സിഐ അഭ്യര്‍ഥിച്ചു. പരാതിപ്പെടരുതെന്ന് പറയണമെന്നും മറ്റൊരാള്‍ക്കുവേണ്ടി ചെയ്തതാണെന്നും എന്‍റെ ഒരു സുഹൃത്ത് വഴിയാണ് സിഐ അറിയിച്ചത്. അതിനുശേഷം മുഖ്യമന്ത്രിക്ക് ഞാന്‍ നേരിട്ട് പരാതി കൊടുത്തു. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ പരാതി കേട്ടു. അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എസ്പി ജമാലുദ്ദീനെ ചുമതലപ്പെടുത്തുകയായിരുന്നു.

‘പരാതിക്ക് ആസ്പദമായ തെളിവുകളെല്ലാം ഞാൻ നൽകിയിരുന്നു. ആലുവയിലെ എന്റെ വീട്ടിൽ പൊലീസുകാർ എത്തിയത് സ്വകാര്യവാഹനത്തിലാണ്. വാഹനം ഓടിച്ചിരുന്ന ആളായിരുന്നു വണ്ടിയുടെ ഉടമ. അയാൾ പൊലീസുകാരനാണെന്നാണ് ഞാനും വിചാരിച്ചത്. എന്നാൽ അയാൾ പൊലീസ് അല്ലായിരുന്നു. വലിയ ആക്രോശത്തോടെയാണ് ഇയാൾ എന്നെ വീട്ടിൽ നിന്നും ഇറക്കികൊണ്ട് പോയത്. വണ്ടി വരുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ റെക്കോർഡ് ആയിരുന്നു.

‘മറ്റാർക്കും ഇതുപോലെ സംഭവിക്കരുതെന്നാണ് എന്റെ പ്രാർഥന. എനിക്കൊപ്പം സുഹൃത്ത് ഉണ്ടായതുകൊണ്ട് മാത്രമാണ് പുറംലോകവുമായി ബന്ധപ്പെടാൻ സാധിച്ചത്. അങ്ങനെ അല്ലാത്തൊരു അവസ്ഥയെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു.’–സലിം പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് ആലുവ ഇൻസ്പെക്ടർ വിശാൽ ജോൺസണെതിരെ കർശന നടപടിയെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ റിപ്പോർട്ട്. വിശാൽ ജോൺസന്റെ സമ്മതത്തോടെ രാത്രി മുഴുവൻ സ്റ്റേഷനിൽ വിലപേശൽ നടന്നതായും മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേര് ദുരുപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ആലുവയിലെ ഹോട്ടൽ ഉടമ ശരത്തിനെതിരെ നിയമ നടപടി വേണമെന്നും സലിമിനെതിരായ കേസിന്റെ അന്വേഷണം വിശാൽ ജോൺസണിൽ നിന്നു മാറ്റണമെന്നും ക്രൈംബ്രാഞ്ച് എഡിജിപിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 

 

സലിമിനെതിരെ വ്യക്തമായ പരാതി ഉണ്ടായിരുന്നില്ലെന്നും അർധരാത്രിയിൽ തട്ടിക്കുട്ടിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സലിമിന്റെ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ പലതും ശരിവയ്ക്കുന്നതാണ് എസ്പിയുടെ റിപ്പോർട്ട്.

related stories