Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിമുഴക്കമായി ഒടിയനിൽ മമ്മൂട്ടി

odiyan-mammootty

മോഹന്‍ലാല്‍ ചിത്രം ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ ലോകം. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഈ മാസം 14 നാണ് പ്രദര്‍ശനത്തിനെത്തുക. ഇപ്പോഴിതാ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തു വരികയാണ്. ചിത്രത്തിന്റെ വിവരണം നടന്‍ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിലായിരിക്കും. വി.എ. ശ്രീകുമാർ മേനാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘നന്ദി മമ്മൂക്ക. ഇത് ഞങ്ങൾക്കൊരു സ്വപ്നസാഫല്യമാണ്. താങ്കളുടെ വശ്യതയാർന്ന, ഇടിമുഴക്കമുള്ള ശബ്ദം കൂടി ചേരുമ്പോൾ ഞങ്ങളുടെ ഒടിയൻ പൂർണമാവുകയാണ്. ഇതിന് അകമഴിഞ്ഞ നന്ദി’.- റെക്കോഡിങ് സ്റ്റുഡിയോയിൽ മൈക്കിന് മുന്നിൽ നിൽക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ശ്രീകുമാർ മേനോൻ കുറിച്ചു.

നേരത്തെ മോഹന്‍ലാലിന്റെ ‘1971 ബിയോണ്ട് ബോര്‍ഡേഴ്‌സ്’ എന്ന മേജര്‍ രവി ചിത്രത്തിന്റെ വിവരണവും മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ ശബ്ദവിവരണം മോഹന്‍ലാലായിരുന്നു. 

ഒടിവിദ്യയുമായി മോഹൻലാലിനൊപ്പം മമ്മൂട്ടിയുമെത്തുന്നതോടെ ഒടിയൻ ആരാധകർക്കൊരു വിരുന്നാകുമെന്നതിൽ സംശയമില്ല.

ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ. പുലിമുരുകനിലൂടെ മലയാളി സിനിമാപ്രേമിയെ ഞെട്ടിച്ച പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി ആക്‌ഷൻ ഒരുക്കുന്നത്.