Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖ്യമന്ത്രി ദുരഭിമാനം വെടിയണം: സുരേഷ് ഗോപി

suresh-gopi-speech

ശബരിമല വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് സുരേഷ് ഗോപി. കേരളത്തിലെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിൽ അതിനുകാരണം സർക്കാർ ആണെന്നും ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടുകൾ അവിടെയുള്ള വ്യാപാരികളുടെ അടക്കം ജീവിതം നശിപ്പിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സുപ്രീം കോടതി വിലയിരുത്തൽ നടത്തണം. വിധിയുടെ പുനപരിശോധന നടത്തുമ്പോൾ ഉണ്ടാകുന്ന തിരുത്തലുകൾ സുപ്രീം കോടതിയെ പ്രണയിക്കാനുളള അന്തരീക്ഷം ഒരുക്കുന്നതാകട്ടെ. ഈശ്വരവിശ്വാസത്തിന്റെ പേരിൽ ആരാധനയുടെ പേരിൽ സമാധാന അന്തരീക്ഷം വേണം. സംസ്ഥാനത്തുവരുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽപോലും അരക്ഷിതാവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം സർക്കാർ തന്നെയാണ്. ഭൂമി പണയംവെച്ച് കടമെടുത്ത് വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന പത്തനംതിട്ട, പമ്പ സ്ഥലങ്ങളിലെ ആളുകളൊക്കെ നഷ്ടത്തിലാണ്.’

‘ശബരിമല തീർത്ഥാടനത്തിലൂടെ വരുന്ന സമ്പാദ്യം നശിപ്പിച്ചിരിക്കുകയാണ് ഈ സർക്കാർ. മുഖ്യമന്ത്രി ഒരുതിരിച്ചുപോക്കുനടത്തിയാൽ കയ്യടിച്ച് ഞങ്ങൾ പ്രോത്സാഹിപ്പിക്കും. ദുരഭിമാനംവെടിഞ്ഞ് അദ്ദേഹം മുന്നോട്ട് വരണം. പാര്‍ലമെന്റ് തുടങ്ങിക്കഴിഞ്ഞാൽ ഈ വിഷയം അവിടെ ചർച്ചയാകും’.–സുരേഷ് ഗോപി പറഞ്ഞു.

ഒ.രാജഗോപാല്‍ എംഎല്‍എ, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ എന്നിവര്‍ ഇന്ന് സമരപന്തലിലെത്തി എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ചു. കെ.സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ സരോജ് പാണ്ഡെ എംപിയാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്.

related stories