Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രോളന്മാരുടെ സമ്മാനം കണ്ട് സുരാജിനും ചിരിപൊട്ടി

suraj-troll

ട്രോളന്മാരുടെ കണ്ണിലുണ്ണിയെന്ന വിശേഷണത്തിന് അർഹനാണ് ദശമൂലം ദാമു. ‘നെ‌ഞ്ചിനകത്ത് ദശമൂലം, നെഞ്ചു വിരിച്ച് ദശമൂലം. മീശ പിരിച്ച് ദശമൂലം, മുണ്ടു മടക്കി ദശമൂലം’. എവിടെ തിരിഞ്ഞാലും ദശമൂലം. കക്ഷിയെ അറിയില്ലേ? പേരുകേട്ട ഗുണ്ടയാ! പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ഗംഭീരമാക്കിയ കഥാപാത്രമാണ് ചട്ടമ്പിനാടിലെ ദശമൂലം ദാമു. 

സിനിമ ഇറങ്ങി ഒൻപത് വർഷങ്ങൾ പിന്നിട്ടിട്ടും ഈ കഥാപാത്രം ഇപ്പോഴും തരംഗമാണ്. ട്രോളന്മാരുടെ ഇടയിൽ തനിക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് നന്ദി പറഞ്ഞ് സുരാജ് തന്നെ രംഗത്തുവന്നു. ദശമൂലം ദാമു സൂപ്പർഹീറോ ആയി എത്തുന്ന ട്രോൾ വിഡിയോസ് ആണ് തന്റെ ഔദ്യോഗിക പേജിലൂടെ സുരാജ് പങ്കുവെച്ചത്. ‘ട്രോളന്മാരുടെ സമ്മാനം... ഒരുപാട് നന്ദി ഉണ്ട് ഈ കാണിക്കുന്ന സ്നേഹത്തിനോട്’–സുരാജ് കുറിച്ചു.

അതേസമയം, ദാമുവിന്റെ പിറവി എങ്ങനെയായിരുന്നുവെന്ന് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ തിരക്കഥകൃത്ത് ബെന്നി പി നായരമ്പലം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍–‘അത് തീര്‍ത്തും യാദൃച്ഛികമായി ഉണ്ടായൊരു കഥാപാത്രമാണ്. ഷാഫി ഇങ്ങനെയൊരു പ്രമേയം പറയുകയും അതിനനുസരിച്ച് എഴുതിത്തുടങ്ങുകയും ചെയ്തപ്പോള്‍ അത്തരത്തിലൊരാള്‍ വേണമായിരുന്നു. എന്റെ നാട്ടുമ്പുറത്തും കൂട്ടുകാര്‍ പറഞ്ഞും അല്ലാതെയുമൊക്കെ ഇത്തരത്തിലുള്ള വ്യാജചട്ടമ്പികളെ എനിക്കറിയാം. നമുക്കെല്ലാവര്‍ക്കും അറിയാം. വിടുവായത്തം മാത്രം പറയുന്ന, പ്രവൃത്തിയില്‍ അങ്ങനെയൊട്ടും അല്ലാത്ത മഹാ പേടിത്തൊണ്ടനായ നാട്ടുമ്പുറം വില്ലന്‍മാര്‍.അവരുടെ പേരുകള്‍ മിക്കപ്പോഴും ദാമു എന്ന മറ്റോ ആയിരിക്കും. ഒരു വട്ടപ്പേരും കാണും.’

‘അങ്ങനെ ഓര്‍ത്തപ്പോഴാണ് ദശമൂലം ദാമു എന്നാക്കിയാലോ എന്നു തോന്നിയത്. അത് എല്ലാവര്‍ക്കും ഇഷ്ടമായി. ഈ വില്ലന്‍മാരുടെ പണി അടികൊള്ളലാണല്ലോ, എന്നിട്ട് ഉഴിച്ചിലും പിഴിച്ചിലുമൊക്കെയായി നടക്കുക. അപ്പോള്‍ ദശമൂലം എന്ന പേര് നന്നായി ചേരും എന്നു തോന്നി. അങ്ങിനെയാണ് ആ പേര് നല്‍കിയത്. സുരാജ് വളരെയധികം രസകരമായിട്ടാണ് ആ കഥാപാത്രമായി മാറിയത്. സെറ്റില്‍ ഒക്കെ ആകെ ചിരി ആയിരുന്നു. ആ ചിരി അതേപടി തിയറ്ററുകളിലും മുഴങ്ങിക്കേട്ടു.’

related stories