Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീശമാധവന് കൂവലെന്ന് ദിലീപ്, കയ്യടിയെന്ന് ലാൽ ജോസ്: ഒടുവിൽ വാക്കുതർക്കം !

laljose-meesha-madhavan

ഒരുപാട് പ്രശ്നങ്ങളിലൂടെ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയാണ് മീശമാധവനെന്ന് ലാൽജോസ്. ദിലീപിനെ നിർമാതാക്കളുടെ സംഘടന രണ്ടുവർഷം വിലക്ക് ഏർപ്പെടുത്തുന്നത് മീശമാധവന്റെ ചിത്രീകരണം തുടങ്ങുന്ന സമയത്താണ്. നിർമാണം ഏറ്റിരുന്ന സ്വർഗചിത്ര അപ്പച്ചൻ അവസാനനിമിഷം പിന്മാറി. ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മീശമാധവനിലെ അറിയാക്കഥകൾ പ്രേക്ഷകരുമായി പങ്കുവെച്ചത്.

ലാൽ ജോസിന്റെ വാക്കുകളിലേയ്ക്ക്–

മീശമാധവനിൽ കുട്ടിക്കാലത്തുനിന്നും സിനിമ തുടങ്ങാമെന്ന് തീരുമാനിക്കുന്നത് തെങ്കാശിപ്പട്ടണത്തിൽ നിന്നുമാണ്. അത് വളരെ മനോഹരമായി രഞ്ജൻ പ്രമോദ് തിരക്കഥയിൽ എഴുതി. എന്നാൽ തിരക്കഥയുടെ നീളം അൽപം കൂടുതലുണ്ടായിരുന്നു. രസകരമായ എല്ലാ നിമിഷങ്ങളും ചിത്രീകരിച്ചു. അവസാനം ചിത്രം പൂർത്തിയായി കഴിഞ്ഞപ്പോൾ മൂന്നേകാൽ മണിക്കൂര്‍ ഉണ്ട് നീളം. അതിൽ നിന്നും അരമണിക്കൂർ കുറക്കേണ്ടി വന്നു. കവലയിൽ വെച്ചുള്ള ദിലീപും ഇന്ദ്രജിത്തും തമ്മിലുള്ള ആക്‌ഷൻ രംഗം അതുപോലെ തന്നെ എടുത്തുമാറ്റി. 

Dileep | Harisree Ashokan | Meesamadhavan

അവസാനം ഇതിന്റെ ഫൈനൽ ഔട്ട്പുട്ട് കണ്ടപ്പോൾ തിരക്കഥാകൃത്തായ രഞ്ജന് ഈ സിനിമ ഓടുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. അതുപോലെ മീശമാധവന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

അന്ന് കാവ്യ മറ്റൊരു ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു. മീശമാധവന്റെ ചിത്രീകരണത്തിനിടയിൽ നിന്നും കാവ്യയെ ആ സിനിമയുടെ ഡബ്ബിങിന് വിടണമെന്ന് അവർ വാശിപിടിച്ചു. അങ്ങനെ ഈ സിനിമയുടെ ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യം വരെ ഉണ്ടായി. മീശമാധവന്റെ ഷൂട്ടിങിനിടെയാണ് ഒരു നിര്‍മാതാവിന്റെ ചെക്ക് മടങ്ങിയതിന് ദിലീപ്  കേസുകൊടുക്കുന്നത്. ആ നിർമാതാവ് അറസ്റ്റിലായി. അതിനുശേഷം നിർമാതാക്കളുടെ സംഘടന ദിലീപിനെ രണ്ട് വർഷത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി.

എങ്ങനെയെങ്കിലും കരിയർ തിരിച്ചുപിടിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞങ്ങൾ. മീശമാധവൻ ഷൂട്ടിങ് തുടങ്ങിയ സമയത്താണ് ദിലീപിനെതിരെ വിലക്ക് വരുന്നത്. ഒരാൾ ഒരു ചെക്ക് കൊടുത്തു, അത് മൂന്നാമത്തെ തവണ മടങ്ങിയപ്പോഴാണ് കേസാക്കുന്നത്. അറസ്റ്റ് ചെയ്തത് ശനിയാഴ്ചയായതുകൊണ്ട് ഒരുദിവസം ലോക്കപ്പിൽ കിടന്നു. അവർ അതു വലിയ പ്രശ്നമാക്കി. അവസാനം വാദി പ്രതിയായി. ദിലീപിനെ രണ്ടുവർഷം വിലക്കുകയും ചെയ്തു.

അത് ബാധിച്ചത് ഈ സംഭവുമായി ബന്ധമില്ലാത്ത സിനിമയെയാണ്. ദിലീപിന് വളരെ വിഷമമായി.  ചിങ്ങമാസം വന്നുചേർന്നാൽ എന്ന പാട്ട് ചിത്രീകരിക്കുന്ന സമയത്താണ് ദിലീപിന് വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത കേൾക്കുന്നത്. ദിലീപ് ആകെ നിരാശനായി. സിനിമ പാതിവഴിയിൽ മുടങ്ങിപ്പോകുമെന്ന അവസ്ഥ. ‘ജീവിതത്തിൽ ഒരുപാട് അഗ്നിപരീക്ഷകൾ നേരിടേണ്ടിവരും, സിനിമ രണ്ടുകൊല്ലം കഴിഞ്ഞേ റിലീസ് ചെയ്യാൻ സാധിക്കൂ എങ്കില്‍ അതുമതി, നമ്മൾ ഷൂട്ടിങ് മുടക്കില്ലെന്ന്, ഞാൻ ദിലീപിനോട് പറഞ്ഞു. 

കാരണം നിർമാതാക്കള്‍ കടം മേടിച്ച് തുടങ്ങിയ സിനിമ കൂടിയാണ് മീശമാധവൻ. സ്വർഗചിത്ര അപ്പച്ചനോടാണ് ഈ സിനിമയുടെ വൺലൈൻ ആദ്യം പറയുന്നത്. അദ്ദേഹം കഥ കേട്ടിട്ട് സംവിധായകൻ സിദ്ദിഖുമായി ചർച്ച ചെയ്യാൻ നിർദേശിച്ചു. സിദ്ദിഖ് സാറും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സ്വർഗചിത്ര അപ്പച്ചനെ വിളിച്ച് ഈ ചിത്രം നിർമിക്കണമെന്ന് അപ്പച്ചനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവസാനനിമിഷം അപ്പച്ചൻ സാർ ഈ സിനിമയിൽ നിന്നും പിന്മാറി. അങ്ങനെയാണ് ഈ ചിത്രം സുധീഷിലേയ്ക്കും സുബൈറിലേയ്ക്കുമെത്തുന്നത്. അവര്‍ ഒരു സാഹസികന്മാരായതിനാലാണ് ഈ സിനിമ തന്നെ തുടങ്ങുന്നത്. നാട്ടിൽ നിന്നും സകല ആൾക്കാരോടും കടംമേടിച്ചാണ് നിർമാണത്തിനുള്ള പണം ഇവർ കണ്ടെത്തിയത്. 

അങ്ങനെ ചിത്രീകരണം കഴിഞ്ഞു. അതിന്റെ ഫൈനൽ വർക്കിനു വേണ്ടി ഞങ്ങൾ മദ്രാസിൽ പോയി. അവസാന ഔട്ട്പുട്ട് കാണാൻ രഞ്ജനെ വിളിച്ചു. സിനിമ കണ്ട ശേഷം രഞ്ജന് എന്തോ ഒരപകടം മണത്തു. കാരണം ആ ആക്‌ഷൻ സീൻ ഒക്കെ എടുത്തുകളഞ്ഞിരുന്നു. ‘രണ്ടാം ഭാവം’ സിനിമയുടെ അവസ്ഥ വരുമോ എന്ന ആശങ്ക എന്നോട് പങ്കുവച്ചു. മറ്റൊന്നും പറയാതെ അദ്ദേഹം തിരിച്ച് നാട്ടിലേയ്ക്കുപോയി. 

Meeshamadhavan Comedy

സിനിമ റിലീസിങിന് തീരുമാനിച്ചു. എന്നാൽ കുറച്ച് പൈസ കൂടി ആവശ്യമായി വന്നു. അങ്ങനെ അതിന്റെ റൈറ്റ്സ് വിൽക്കാനായി അന്യഭാഷക്കാരെ ചിത്രം കാണിക്കാൻ തീരുമാനിച്ചു. ആ സമയത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും പടങ്ങൾ ഡബ്ബിങിനായി തമിഴിലൊക്കെ മേടിക്കാറുണ്ട്. 

എവിഎം സ്റ്റുഡിയോയിലെ പ്രിവ്യു തിയറ്ററിലാണ് മീശമാധവൻ ഇവർക്കായി പ്രദർശിപ്പിച്ചത്. െതലുങ്കിലെ മുൻനിര നിർമാതാക്കൾ വന്നിരുന്നെങ്കിലും ആരുമൊന്നും പറയാതെ പോയി. എന്നാൽ ശ്രീനിവാസറാവു എന്ന നിർമാതാവ് എന്റെ അടുത്തുവന്ന് ഈ ചിത്രം തനിക്കുവേണെന്ന് പറഞ്ഞു. ആ കാലത്ത് മലയാളത്തിൽ ദിലീപിന്റെ സിനിമകൾക്ക് പരമാവധി അഞ്ചുലക്ഷം രൂപയ്ക്കാണ് റൈറ്റ്സ് പോയിട്ടുള്ളത്. ഞാൻ രണ്ടുംകൽപിച്ച് പത്തുലക്ഷം രൂപ പറഞ്ഞു. അദ്ദേഹം അത് സമ്മതിച്ചു. ഇവിടെ സംഗീതസംവിധായകനുകൊടുക്കാൻ 50000 രൂപ പോലും കൊടുക്കാനില്ലാത്ത സമയമാണ്. അടുത്ത മാസം ജൂലൈ നാലിന് റിലീസും ചെയ്യണം. ദൈവദൂതനെപോലെയാണ്് ആ നിർമാതാവ് അവതരിപ്പിച്ചത്. ഈ പൈസ ലഭിച്ച് കടങ്ങളൊക്കെ കൊടുത്തുതീർത്താണ് മീശമാധവൻ റിലീസ് ചെയ്തത്.

സിനിമ സെൻസറിങ്ങിനു പോയിരുന്നു. തിരുവനന്തപുരത്ത് എന്റെ സുഹൃത്തുക്കളെയൊക്കെ കൂട്ടി ശ്രീപത്നമാഭ തിയറ്ററിൽ പോയി കണ്ടു. അവർക്കൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു. പിറ്റേദിവസം സിനിമ റിലീസ് ചെയ്യും. ആദ്യദിനം കാണാൻ ധൈര്യമില്ലായിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോൾ നല്ല റിപ്പോർട്ട് വന്നു. 

എന്നാൽ ദിലീപിനെ ഒന്നുവിളിക്കാമെന്ന് വിചാരിച്ചു. അങ്ങനെയൊരു ബൂത്തിൽ ചെന്നു. അപ്പോൾ അവിടെയൊരു സംവിധായകൻ ബൂത്തിൽ മറ്റൊരു ഫോണിലാണ്. അയാൾ വിളിക്കുന്നത് ദിലീപിനെയാണ്. സിനിമയെക്കുറിച്ച് വളരെ മോശമായാണ് അദ്ദേഹം ദിലീപിനോട് സംസാരിച്ചത്. സിനിമ ലാഗ് ഉണ്ടെന്നും ആക്‌ഷൻ രംഗങ്ങൾ നന്നായില്ലെന്നും അയാൾ പറയുന്നുണ്ടായിരുന്നു. ഇതൊക്കെ കഴിഞ്ഞ് അദ്ദേഹം ബൂത്തിൽ നിന്നും ഇറങ്ങിയപ്പോൾ കാണുന്നത് എന്നെ. അദ്ദേഹത്തിന്റെ മുഖം ഒന്ന് മഞ്ഞച്ചു. 

സിനിമ ഇഷ്ടമായില്ലെ എന്നു ചോദിച്ചു, ‘പോര ലാലു’ എന്നുപറഞ്ഞ് അദ്ദേഹം പോയി. ഞാൻ ടെൻഷൻ അടിച്ച് ദിലീപിനെ വിളിച്ചു. ദിലീപും ഇതേ അഭിപ്രായമാണ് പറഞ്ഞത്, ആക്‌ഷൻ രംഗത്തുള്ള സലിം കുമാറിന്റെ ഭാഗം ഭയങ്കരമോശമാണെന്നും ചിലയിടച്ച് കൂവലുണ്ടെന്നും അത് കട്ട് ചെയ്യണമെന്നും പറഞ്ഞു. ‘തിയറ്ററിൽ പോയി ഞാൻ സിനിമ കാണട്ടെ എന്നിട്ട് തീരുമാനിക്കാം ഏത് ഭാഗം കട്ട് ചെയ്യേണ്ടതെന്നു ഞാൻ പറഞ്ഞു.

അങ്ങനെ സിനിമ കണ്ടു, ചിത്രം തുടങ്ങി അവസാനിക്കുന്നതുവരെ കയ്യടിയും ബഹളവും. ചിത്രം കണ്ടിറങ്ങി ഞാൻ ദിലീപിനെ വിളിച്ച് കാര്യം പറഞ്ഞു. എന്നാൽ ദിലീപ് സമ്മതിക്കുന്നില്ല, മറ്റ് സ്ഥലങ്ങളിൽ കൂവലുണ്ടെന്നാണ് കേൾക്കുന്നതെന്നു പറഞ്ഞു. അങ്ങനെ ഞങ്ങൾ തമ്മിൽ ചെറിയവാക്ക് തർക്കവും ഉണ്ടായി. അവസാനം ചിത്രം വീണ്ടും എഡിറ്റ് ചെയ്യാൻ തീരുമാനിച്ചു. സെക്കൻഡ് ഷോ കഴിഞ്ഞ് ശ്രീകുമാർ തിയറ്ററിൽ എഡിറ്റ് ചെയ്യാൻ എത്തി. അന്ന് ഫിലിം ആയതിനാൽ ഓരോ തിയറ്ററിലും പോയി കട്ട് ചെയ്യണം. അന്ന് ശ്രീകുമാർ തിയറ്ററിലെ ഓപ്പറേറ്റർ എന്നോട് പറഞ്ഞു, ‘എന്തിനാണ് സാർ ഈ സീൻ കട്ട് ചെയ്യുന്നത്, ഇത് നൂറുദിവസം ഓടാൻ പോകുന്ന സിനിമയാണ്. പ്രൊജക്ടർ റൂമിലെ ഈ ഹോളിൽ കൂടി ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. പത്തുമിനിറ്റ് കട്ട് ചെയ്താൽ അതിൽ ഏറ്റവും ഗുണം അനുഭവിക്കുന്നത് ഞാനാണ്. കാരണം നേരത്തെ എനിക്ക് വീട്ടിൽ പോകാം.  ഇതിലെ ഒരു സീൻ പോലും കളയരുത് സാർ, ആളുകൾ വളരെ സന്തോഷത്തോടെയാണ് സിനിമ കണ്ടിറങ്ങുന്നത്.’

അപ്പോൾ എനിക്ക് വല്ലാത്തൊരു ഊർജം കിട്ടി. ഇനി ആരുപറഞ്ഞാലും ആ സീൻ കട്ട് ചെയ്യില്ലെന്ന് ഞാൻ തീരുമാനിച്ചു. ഈ സിനിമയുടെ വിധി ഇങ്ങനെയാകുമെന്ന് ഞാൻ വിചാരിച്ചു. അങ്ങനെ മീശമാധവൻ 202 ദിവസം ഓടി. വലിയ ദുരന്തമുണ്ടാകുമ്പോൾ അതിനെ തുടർന്ന് നല്ലൊരു സന്തോഷം വരുമെന്ന് പണ്ട് കേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് ബോധ്യപ്പെട്ടത് മീശമാധവനിലൂടെയാണ്. ഈ ചിത്രത്തിലൂടെ ദിലീപ് സൂപ്പർസ്റ്റാറായി. അതുവരെ നടൻ എന്ന പേരിൽ മാത്രമാണ് ദിലീപ് അറിയപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹത്തിന് താരമൂല്യം വന്നു.

എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ മീശമാധവനാണ്. പൈസ വാരിയ സിനിമകൾ വേറെ ഉണ്ടാകാം. മീശമാധവൻ സിനിമ ചെയ്ത സംവിധായകൻ എന്ന വിശേഷണത്തിലാണ് പലരും എന്നെ ഇപ്പോഴും സ്വീകരിക്കുന്നത്. എന്റെ ജീവിതയാത്രയിലെ വലിയ ഇന്ധനമായിരുന്നു ഈ സിനിമ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.