Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശകർക്കു മറുപടിയുമായി രജിഷ വിജയൻ; അടിമുടി മാറി താരം

rajisha-vijayan-june

തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടി, പ്രതിഭ തെളിയിച്ച താരമാണ് രജിഷ വിജയന്‍. എന്നാൽ പിന്നീട് ചുരുക്കം ചില സിനിമകളിൽ മാത്രമാണ് രജിഷയെ കാണാനായത്. കഴിഞ്ഞ വർഷം ജോർജേട്ടൻ പൂരത്തിലും ഒരു സിനിമാക്കാരനിലും നടി നായികയായി എത്തി.

ഈ വർഷം ഒരു ചിത്രത്തിൽ പോലും നടി അഭിനയിച്ചിരുന്നില്ല. ഇതേതുടർന്ന് രജിഷയ്ക്കുനേരെ വിമർശനങ്ങളും ഉണ്ടായി. മറ്റുനായികമാർക്കെല്ലാം കൈനിറയെ ചിത്രങ്ങളുള്ളപ്പോൾ രജിഷയെ ഒഴിവാക്കുന്നതെന്തിനെന്നായിരുന്നു ഏവരുടെയും സംശയം. എന്തായാലും അതിനൊരു ഉത്തരവുമായി രജിഷ തന്നെ എത്തി.

അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണ്‍ എന്ന സിനിമയിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. ഒരു കൗമാര വിദ്യാര്‍ത്ഥിനിയായി ഞെട്ടിക്കുന്ന മേക്കോവറിലാണ് നടി എത്തുന്നത്. കഥാപാത്രമാവാന്‍ വേണ്ടി രജിഷ ഒന്‍പത് കിലോ ശരീര ഭാരം കുറയ്ക്കുകയും നീളമുള്ള മുടി മുറിക്കുകയും ചെയ്തു. 

ഒരു പെണ്‍കുട്ടിയുടെ കൗമാരം മുതൽ വിവാഹം വരെയുള്ള ജീവിതമാണ് സിനിമ. അവളുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ ദൃശ്യവത്കരിക്കുക.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയാകും ജൂണ്‍ എന്നാണ് വിജയ് ബാബു പറയുന്നത്. ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.