Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതുപോലെ ആരും വേദനിപ്പിച്ചിട്ടില്ല; അതില്‍ പിന്നെ ശ്രീനിവാസനെ വിളിച്ചിട്ടില്ല: ആന്റണി പെരുമ്പാവൂർ

antony-sreenivasan

ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച നടൻ ശ്രീനിവാസനാണെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മനോരമ വാർഷിക പതിപ്പിനു നൽകിയ അഭിമുഖത്തിലാണ് ആന്റണിയുടെ തുറന്നുപറച്ചില്‍. പരിഹാസമാണെന്നറഞ്ഞികൊണ്ടും ശ്രീനിവാസൻ എഴുതിയ ഉദയനാണ് താരത്തിൽ മോഹൻലാൽ അഭിനയിച്ചതെന്നും എന്നാൽ മറ്റൊരു ചിത്രം വന്നപ്പോൾ താൻ ചോദ്യം ചെയ്തിരുന്നെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. ഈ സംഭവത്തിനു പിന്നാലെ ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്ന് ശ്രീനിവാസൻ മാധ്യമങ്ങളോട് പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്ന് ആന്റണി പറയുന്നു.

''എന്നെ ഏറ്റവും വേദനിപ്പിച്ചതും പറയാതെ പോകുന്നില്ല. ലാൽ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസൻ എഴുതിയ സിനിമയിൽ ലാൽ സാർ അഭിനയിച്ചു. ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസൻതന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിങിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാൽ സാറിനും എത്രയോ കാലത്തെ  അടുത്ത ബന്ധമുണ്ട്’. 

‘അന്നു വൈകീട്ടു ശ്രീനിവാസൻ ചാനലുകളിലെത്തി ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞുകൊണ്ടിരുന്നു. എന്റെ പേരുപോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണു പറഞ്ഞത്. ഫാൻസ് അസോസിയേഷൻ മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാൽ ആന്റണീ ,ഈ കേട്ടതു ശരിയാണോ എന്നു ചോദിക്കുന്നതിനു പകരം  ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസ്സിലാകുന്നില്ല. ഞാൻ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞുപോയതു പറഞ്ഞിട്ടുകാര്യമില്ല. ആ സിനിമ വിജയിച്ചിരുന്നുവെങ്കിൽ അതെങ്കിലുമുണ്ടായേനെ. അതുമുണ്ടായില്ല'', ആന്റണി പറയുന്നു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം