Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേളയിലെ മികച്ച പത്ത് സിനിമകൾ

best-of-iffk-2018

കൊറിയൻ സംവിധായകൻ കിം കി ഡൂക്കിന്റെ ഹ്യൂമൻ, സ്പെയ്സ്, ടൈം ആൻഡ് ഹ്യുമൻ എന്ന ചിത്രത്തിൽ ഒരു വാക്കുപോലും സംസാരിക്കാത്ത ഒരു കഥാപാത്രമുണ്ട്. എല്ലാ രംഗങ്ങൾക്കും സാക്ഷിയാണെങ്കിലും ഒന്നും പറയാതെ, ചിരിക്കുക മാത്രം ചെയ്യുന്ന വ്യക്തി. പാപവും പുണ്യവുമെല്ലാം നിസ്സംഗതയോടെ കാണുന്ന കർമസാക്ഷി. എന്നാൽ ചലച്ചിത്രമേളയ്ക്കെത്തുന്ന പ്രേക്ഷകർ കിമ്മിന്റെ പേരില്ലാത്ത കഥാപാത്രത്തെപ്പോലെയല്ല. അവർ ചലച്ചിത്രങ്ങളോടുള്ള ഇഷ്ടം തുറന്നുപ്രകടിപ്പിക്കും; യോജിപ്പുകളും വിയോജിപ്പുകളും പരസ്യമാക്കും. ഒരാളുടെ ഇഷ്ടചിത്രം മറ്റൊരാൾക്കു പൂർണമായി ഇഷ്ടപ്പെടണമെന്നില്ല. കയ്യടിച്ചും കൂവിവിളിച്ചും സ്വീകരിക്കുകയും തിരസ്കരിക്കുകയും ചെയ്ത ഇരുന്നോറോളം ചിത്രങ്ങളിൽനിന്ന് 10 സിനിമൾ തിരഞ്ഞെടുക്കയാണ്. ഈ മേളയുടെ ഇഷ്ടചിത്രങ്ങൾ. 

1. കാപ്പർനോം 

കുട്ടിക്കാലത്തെക്കുറിച്ചു ഗൃഹാതുരത്വത്തോടെ ഓർമിക്കുന്നവരും വേട്ടയാടുന്ന ഓർമകളിൽ വേദനിക്കുന്നവരും ഒരേ മനസ്സോടെ കാണേണ്ട ഒരു ചലച്ചിത്രമുണ്ടെങ്കിൽ അതാണു കാപ്പർനോം. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷിപ്പിക്കുന്ന ഒരു ഓർമ പോലുമില്ലാത്തവർക്കും ഒരു ജീവിതമുണ്ടെന്ന വാഗ്ദാനം. സന്തോഷങ്ങളിലൂടെയും സുഖങ്ങളിലൂടെയും കടന്നുപോകുമ്പോൾ അവയൊക്കെ സ്വപ്നം കാണാൻപോലും കഴിയാത്ത ആയിരങ്ങൾ യാതനകളിലൂടെ കടന്നുപോകുന്നുണ്ടെന്ന തിരിച്ചറിവ്. കാരുണ്യം കലർന്ന ചിരിയുടെയും ത്യാഗം നിറഞ്ഞ ജീവിതത്തിന്റെയും ഉണർത്തുപാട്ട്. ലബനീസ് നടിയും സംവിധായകയുമായ നദീൻ ലബാക്കിയുടെ കാപ്പർനോം ഒരിക്കലല്ല, ഒന്നിലേറെത്തവണ കാണണം. ഓരോ തവണ കാണുമ്പോഴും കൂറേക്കൂടി നല്ല മനുഷ്യരാകാൻ കഴിയും. ചരിത്രത്തിൽ ഇടംപിടിച്ച ഈ ലോകസിനിമയെ കേരള രാജ്യാന്തര ചലച്ചിത്രമേള ഏറ്റുവാങ്ങിയതു ഹൃദയത്തിലേക്ക്; കണ്ണീരിന്റെ നനവുള്ള ചിരിയോടെ. 

2. ഷോപ്പ്ലി‍ഫ്റ്റേഴ്സ് 

കാനിലെ പുരസ്ക്കാരപ്പെരുമയുമായെത്തിയ ഷോപ്‍ലിഫ്റ്റേഴ്സ് ഇഷ്ടപ്പെട്ടവരും പൂർണമായി ഇഷ്ടപ്പെടാത്തവരുമുണ്ട്. പക്ഷേ, രണ്ടു വിഭാഗക്കാരും സിനിമ മുന്നോട്ടുവയ്ക്കുന്ന മനുഷ്യത്വത്തിനു കയ്യടിക്കും. മനുഷ്യന്റെ നൻമ സന്തോഷമുള്ള കണ്ണുകളിലേക്കാൾ, ദുരിതം നിറഞ്ഞ ജീവിതത്തിലാണു തെളിഞ്ഞുവരുന്നതെന്നു തെളിയിക്കുന്ന ചിത്രം. രക്തബന്ധത്തേക്കാളും തീവ്രമായ ബന്ധങ്ങൾ ജീവിതത്തിലുണ്ടാകാമെന്ന സാക്ഷ്യപ്പെടുത്തൽ. കാനിലെ അംഗീകാരത്തെ പൂർണമായി ന്യായീകരിക്കാനായില്ലെങ്കിലും ഹിരോകാസു കൊരീ ഏദയുടെ ജാപ്പനീസ് സിനിമയ്ക്ക് തിരുവനന്തപുരത്തും ലഭിച്ചു കയ്യടി. 

3. റോജോ 

തെറ്റു ചെയ്യുന്ന വ്യക്തിയുടെ മനസ്സ് ഒരു കോടതിമുറിയായി മാറുന്നതിന്റെ മനഃശാസ്ത്രപരമായ ആഖ്യാനമാണ് ബെഞ്ചമിൻ എന്ന അർജന്റീനിയൻ സംവിധായകന്റെ റോജോ. 1970-കളുടെ പശ്ഛാത്തലത്തിൽ പറയുന്ന കഥ ഇന്നും എന്നും പ്രസക്തമാണ്. അറിയപ്പെടുന്ന ഒരു അഭിഭാഷകൻ താൻ ചെയ്ത കുറ്റകൃത്യം ഒളിക്കാൻ വിഫലമായി പരിശ്രമിക്കുന്നതും ഒരു കോടതിയും ശിക്ഷിക്കാതെതന്നെ പശ്ചാത്താപത്തിന്റെ തീയിലൂടെ കടന്നുപോകുന്നതും കണ്ടിരിക്കുന്നത് അസാധാരണമായ അനുഭവമാണ്; അവിസ്മരണീയവും. 

4. ബോർഡർ 

ഗന്ധംകൊണ്ടു കുറ്റവാളികളെ തിരിച്ചറിയുന്നതിനുള്ള പ്രത്യേകസിദ്ധി നേടിയ അതിർത്തികാവൽക്കാരിയുടെ കഥ. ടിന എന്ന കസ്സംസ് ഓഫിസർ. കരിയറിൽ വിജയകഥകൾ മാത്രം പറയാനുള്ള ടിന നിഗൂഡതകൾ പേറുന്ന ഒരു മനുഷ്യനുമുന്നിൽ പരാജയത്തെ മുഖാമുഖം കാണുന്നതിന്റെ ആഖ്യാനം. അലി അബ്ബാസിയുടെ ബോർഡർ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള സ്വീഡന്റെ ഔദ്യോഗിക എൻട്രിയാണ്. കാൻ മേളയിൽ നിരൂപകരുടെ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചതും ഈ ചിത്രത്തിനുതന്നെ. 

5. ഡോവ്‍ലാറ്റോവ് 

1970 -കളുടെ പശ്ഛാത്തലത്തിലുള്ള മറ്റൊരു സിനിമ. റഷ്യയിലെ ലെനിൻഗ്രാഡ്. ഒരു യുവ എഴുത്തുകാരന്റെ പ്രതിസന്ധികളെ രാഷ്ട്രീയകാലാവസ്ഥ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നു പറയുന്നു. ഭരണകർത്താക്കൾക്ക് അപ്രീതിയുണ്ടാക്കുന്നതാണ് തന്റെ എഴുത്തെന്ന് അറിയാമെങ്കിലും ഒളിച്ചോടാൻ തയ്യാറാകാതെ മനസ്സാക്ഷിയോടു നീതിപുലർത്താൻ ശ്രമിക്കുന്ന എഴുത്തുകാരൻ. അലക്സി ജെർമൻ സംവിധാനം ചെയ്ത ഡോവ്‍ലാറ്റോവ് എഴുത്തിന്റെ പ്രതിസന്ധികൾക്കൊപ്പം ജീവിതത്തിലെ പ്രതിബദ്ധതയേയും വിചാരണ ചെയ്യുന്നു. 

6. ദ് അനൗൺസ്മെന്റ് 

മഹ്മുത് ഫസിൽ സംവിധാനം ചെയ്ത തുർക്കിസിനിമ ഒരു രാത്രിയിൽ മഴയിലൂടെ നടത്തുന്ന ഒരു നീണ്ട കാർയാത്രയിലൂടെയാണു പുരോഗമിക്കുന്നത്. കാറിൽ സഞ്ചരിക്കുന്ന മൂന്നു മുഖങ്ങളിലൂടെ മാറി മാറി സഞ്ചരിക്കുന്ന ക്യാമറ നിഗൂഡതയുടെ ചുരുളഴിക്കുമ്പോൾ ഒരു പട്ടാള അട്ടിമറിയുടെ ഒരുക്കങ്ങളിലേക്കാണ് ചെല്ലുന്നത്. അതീവ ഗൗരവമേറിയ ഒരു വിഷയത്തെ ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണു സംവിധായകൻ. അവസാന രംഗമാണു ചിത്രത്തിന്റെ ഹൈലൈറ്റ്. ശ്വാസമടക്കിപ്പിടിച്ചിരുന്നവർ പൊട്ടിച്ചിരിക്കും ആ രംഗത്തിൽ. തുർക്കിചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദർശനമായിരുന്നു തിരുവനന്തപുരത്ത്. 

7. എ ഫാമിലി ടൂർ 

സിനിമയ്ക്കുള്ളിലെ സിനിമയാണ് ഫാമിലി ടൂറിന്റെ പ്രമേയം. കുടുംബം ഒരുമിച്ചു നടത്തുന്ന വിനോദ യാത്ര എന്ന സങ്കൽപത്തെ ചൈനയുടെ രാഷ്ട്രീയം തകർക്കുന്നതിന്റെ മനോഹരമായ ദൃശ്യാഖ്യാനം. സിനിമയെടുത്തതിന്റെപേരിൽ ചൈനയിൽനിന്നു പുറത്താക്കപ്പെട്ട യങ് ഷു എന്ന സംവിധായിക തായ്‍ലൻഡിൽ നടക്കുന്ന ചലച്ചിത്രോൽസവത്തിൽ പങ്കെടുക്കുന്നിതിന്റെ യഥാർഥ കാരണം വെളിപ്പെടുമ്പോൾ സ്വാതന്ത്ര്യത്തിന്റെ മൂല്യം എത്ര വലുതാണെന്നു പ്രേക്ഷകർ തിരിച്ചറിയും. സംവിധാനം യിങ് ലിയാങ്. 

8. ക്രിസ്റ്റൽ സ്വാൻ 

അമേരിക്കൻ വീസ നേടി ബെലാറസിന്റെ ദാരിദ്ര്യത്തിൽനിന്നു രക്ഷപ്പെടാൻ ഒരു യുവതി നടത്തുന്ന പോരാട്ടത്തിന്റെ ലാളിത്യം നിറഞ്ഞ ആഖ്യാനം. വീസയ്ക്കുള്ള അപേക്ഷയിൽ ചേർക്കുന്ന ഫോൺനമ്പർ തെറ്റിപ്പോകുന്നതുകൊണ്ടുമാത്രം ജീവിതം കീഴ്മേൽ മറിയുന്ന യുവതിയുടെ കഥയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണവും പുരുഷന്റെ ആസക്തിയും ആരെയും സഹായിക്കാൻ താൽപര്യമില്ലാത്ത മനുഷ്യർ ജീവിതം ദുരിതമയമാക്കുന്നതുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു. മൊബൈൽ ഫോണല്ല, ലാൻഡ് ഫോണാണ് 1996-ന്റെ പശ്ഛാത്തലത്തിടുത്ത ഈ ചിത്രത്തിലെ പ്രധാനകഥാപാത്രം. ട്രാജി-കോമഡി വിഭാഗത്തിൽപ്പെടുത്താവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡാര്യ ഷുക്. 

9. നോൺ ഫിക്ഷൻ 

അച്ചടിയിൽനിന്നു ഡിജിറ്റൽ കാലത്തിലേക്കുള്ള മാറ്റം അടയാളപ്പെടുകയാണ് നോൺ ഫിൿഷൻ. ഒരു പുസ്തകശാല പൂർണമായി ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതിന്റെ അതീവ രസകരമായ ചിത്രീകരണം. ഒലിവർ അസ്സേയ്‍സിന്റെ ഫ്രഞ്ച് സിനിമ ഇഷ്ടത്തോടെ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള കണ്ണീർ നിറഞ്ഞ ഓർമയാണ്. പക്ഷേ, സ്ക്രീനിൽ ആവേശത്തോടെ വായിക്കുന്നവരുടെയും ഇഷ്ടം നേടിയെടുക്കും നോൺ ഫിൿഷൻ. 

10. ദ് ബെഡ് 

ചിത്രത്തിൽ ഏറിയഭാഗത്തും മധ്യവയസ്കരായ കാമുകീ-കാമുകൻമാർ പൂർണനഗ്നരായാണ് അഭിനയിച്ചിരിക്കുന്നത്. പക്ഷേ, ഒരിക്കൽപ്പോലും അരോചകമായ രംഗങ്ങളിലേക്കു വഴുതിവീഴാതെ ഒരു പ്രണയത്തിന്റെ വേർപാട് ചിത്രീകരിക്കുന്ന അർജന്റീനിയൻ സിനിമ. മോനിക്ക ലെയ്റാന എന്ന സംവിധായികയുടെ ധീരതയ്ക്കു മുന്നിൽ നമിക്കാൻ പ്രേരിപ്പിക്കും മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ച ബെഡ്. കാമുകീ കാമുകൻമാരുടെ അവസാനത്തെ 24 മണിക്കൂറാണു ചിത്രത്തിന്റെ പ്രമേയം. 

ഇനി ഉറങ്ങാൻ അധികം സമയമില്ല, വണ്ടി വരാറായി എന്ന കാമുകിയുടെ വാക്കുകളിൽ അവസാനിക്കുന്ന ചിത്രം അനിവാര്യമായ വേർപാടിന്റെ ഓർമപ്പെടുത്തലല്ല, പ്രണയത്തിലെ കരുതലിന്റെ ആർദ്രതയാണു കാണിക്കുന്നത്.