Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൂസിഫർ ടീസർ എന്തു കൊണ്ട് നാളെ ? 13/12/2018 സാത്താന്റെ ദിവസമോ ?

lucifer-teaser-update

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ബിഗ് ബജറ്റ് സിനിമയുടെ ടീസർ ഡിസംബർ 13–ന് പുറത്തിറങ്ങുകയാണ്. ഒരു ടീസർ പുറത്തിറക്കുന്ന തീയതിയിൽ വലിയ കാര്യമൊന്നും ഇല്ലെങ്കിലും എന്തു കൊണ്ടാവാം അടുത്ത വർഷം മാർച്ചിൽ റിലീസ് ചെയ്യുന്ന ഒരു ചിത്രത്തിന്റെ ടീസർ ഇപ്പോഴെ പുറത്തിറക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചോ ? നാളെ അതായത് ഡിസംബർ 13 എന്ന തീയതിയുടെ പ്രത്യേകത തന്നെയാണ് അണിയറക്കാരെക്കൊണ്ട് ഇത്തരത്തിൽ ഒരു തീരുമാനം എടുപ്പിച്ചതെന്നു വേണം കരുതാൻ. 

13/12/2018 എന്ന തീയതിയിൽ പ്രഥമ ദൃഷ്ട്യാ നോക്കിയാൽ 13–നു മാത്രമാണ് ഒരു ‘കുഴപ്പം’ കണ്ടു പിടിക്കാനാകുക. കാരണം 13 എന്നത് പണ്ടു മുതലേ ഒരു മോശം സംഖ്യ ആയിട്ടാണല്ലോ കരുതപ്പെടുന്നത്. അപ്പൊ പിന്നെ 13–ാം തീയതി ടീസർ ഇറക്കി ഹീറോയിസം കാണിക്കാനാണോ ഇങ്ങനൊരു തീരുമാനം എന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ 13–ന്റെ മാത്രം പ്രത്യേകതയല്ല ഇതിനു പിന്നിലെന്നു വേണം കരുതാൻ. 13/12/2018 എന്ന തീയതിയിലെ 13–ഉം 18–ഉം മാത്രമെടുക്കുക. ലൂസിഫർ എന്ന പേര് പരാമർശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ വെളിപാട് എന്ന ഭാഗത്തിന്റെ 13–ാം അധ്യായത്തിലെ 18–ാം വാക്യം ഇങ്ങനെയാണ്.‘ഉൾക്കാഴ്‌ചയുള്ളവൻ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത്‌ ഒരു മനുഷ്യന്റെ സംഖ്യയാണ്‌. 666 ആണ്‌ അതിന്റെ സംഖ്യ. ജ്ഞാനമുള്ളവർക്കു മാത്രമേ അതു മനസ്സിലാകൂ.’  

lucifer-mammootty-1

ഇൗ വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന 666 എന്ന സംഖ്യ പൊതുവെ സാത്താന്റെ അല്ലെങ്കിൽ ചെകുത്താന്റെ സംഖ്യയായാണ് കരുതപ്പെടുന്നത്. ലൂസിഫറിൽ മോഹൻലാലിന്റെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്ന കറുത്ത നിറമുള്ള അംബാസിഡർ കാറിന്റെ നമ്പർ KLT 666 ആണ്. ടീസർ റിലീസ് അറിയിച്ച പോസ്റ്ററിലും ഇൗ കാറാണ് പ്രധാന ചിത്രമായി കൊടുത്തിരിക്കുന്നത്. അങ്ങനെ നോക്കിയാൽ ഇൗ നമ്പറും അതിന്റെ പ്രത്യേകതയും ബൈബിളിലെ വാക്യവും ഒക്കെ പരസ്പരപൂരകമായി ബന്ധപ്പെട്ടു കിടക്കുന്നു. അപ്പോഴും ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടാണ് ഡിസംബർ 13–ന് തന്നെ ടീസർ പുറത്തിറക്കാൻ അണിയറക്കാർ തീരുമാനിച്ചത് എന്നല്ല പറഞ്ഞു വരുന്നത്. പക്ഷേ ഇത്തരത്തിൽ ഒരു സാധ്യതയും അവർ ചിന്തിച്ചിരിക്കാം. 

സിനിമക്കാർക്ക് പൊതുവെ അന്ധവിശ്വാസം കുറച്ചു കൂടുതലാണെന്ന ആക്ഷേപം പലപ്പോഴും ഉയർന്നു കേൾക്കാറുള്ളതാണ്. അങ്ങനെയൊരു വിശ്വാസം ആർക്കെങ്കിലും ഉണ്ടെങ്കിൽ അതിനെ കീഴ്മേൽ മറിക്കുന്ന തീരുമാനമാണ് ലൂസിഫറിന്റെ അണിയറക്കാർ എടുത്തിരിക്കുന്നത്. ഇനിയിപ്പൊ തീയതിയും സമയവും എന്തായാലും, ടീസർ നന്നാവട്ടെ. ഒപ്പം സിനിമയും.