Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിംഗ്യൻ പലായനവും സിറിയയിലെ കൂട്ടുക്കുരുതിയും

the-day-lost-my-shadow

ലോകമഹായുദ്ധങ്ങളുൾപ്പെടെ ചരിത്രത്തെ അധികരിച്ചു നിർമിച്ച ചിത്രങ്ങളേറെയുണ്ടായെങ്കിലും ഇത്തവണ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധിക്കപ്പെട്ട രണ്ടു സിനിമകൾ സമകാലിക സമൂഹത്തിന്റെ നോവു പകർത്തുന്നവയാണ്. ലോകം നിരന്തരം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന രണ്ടു മുറിവുകൾ. രോഹിംഗ്യൻ പലായനവും സിറിയയിലെ കൂട്ടുക്കുരുതിയും. ക്രബൻ രഹുവിന്റെ തായ്‍ലൻഡ് ചിത്രം മന്താ റേയും സൗദാദ് കാദം സംവിധാനം ചെയ്ത അറബിക് ചിത്രം ദ് ഡേ ഐ ലോസ്റ്റ് മൈ ഷാഡോയും. രണ്ടു ചിത്രങ്ങളും പ്രദർശിപ്പിച്ചതു നിറഞ്ഞ സദസ്സിൽ. കയ്യടിയോടെ വരവേറ്റചിത്രങ്ങൾ പ്രേക്ഷകരെ പൂർണമായും സംതൃപ്തിപ്പെപ്പെടുത്തിയാണ് അവസാനിച്ചതും. പലായനം ചെയ്യുകയും മുറിവേൽക്കുകയും ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ അവശേഷിപ്പിക്കുകയും ചെയ്ത ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയായിരുന്നു കേരള രാജ്യാന്തര ചലച്ചിത്രമേളയും. 

ഡമാസ്കസിൽ യുദ്ധം തുടങ്ങിയ ആദ്യത്തെ ദിവസങ്ങളിലെ ഒരു സംഭവമാണ് ദ് ഡേ ഐ ലോസ്റ്റ് മൈ ഷാഡോയുടെ പ്രമേയം. സന എന്ന യുവതിയും എട്ടുവയസ്സുള്ള മകനും ഒരുമിച്ചാണു താമസം. സനയുടെ ഭർത്താവ് സൗദിയിലാണ്. അറു വർഷമായി പോയിട്ട്. ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. യുദ്ധം തുടങ്ങിയതിനാൽ അടുത്തെങ്ങും എത്തുമെന്ന പ്രതീക്ഷയും കുടുംബത്തിനില്ല. യുദ്ധത്തിന്റെ ഭീകരതകൾ കുടുംബം പല രീതിയിൽ അറിഞ്ഞുതുടങ്ങുകയാണ്. വൈദ്യുതി നിലയ്ക്കുന്നു. ഇടയ്ക്കിടെ കേൾക്കുന്ന വെടിയൊച്ചകൾ. മരണവാർത്തകൾ. നിലവിളികൾ. ഇതിനിടെ പാചകവാതകം തീരുന്നു. മകന് അത്താഴമുണ്ടാക്കിക്കൊടുക്കാൻപോലുമാകാത്ത നിസ്സഹായതിയിൽ പുതിയ സിലിണ്ടറിനുവേണ്ടി കടയിലേക്ക് പോകുകയാണ് ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന സന. 

THE DAY I LOST MY SHADOW trailer

പക്ഷേ, ആ യാത്ര അവരെ നയിക്കുന്നത് യുദ്ധത്തിന്റെ കെടുതികളിലേക്ക്. ഒരിക്കലും മറക്കാനാവാത്ത ദുരന്തങ്ങളിലേക്കും. കടയിൽനിന്നു തിരിച്ചുള്ള യാത്രയിൽ മറ്റൊരു യുവാവിനും യുവതിക്കുമൊപ്പം ഒറ്റപ്പെടുകയും വാഹന പരിശോധന ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മണൽക്കാട്ടിൽ കുടുങ്ങുകയും ചെയ്യുന്നു. അനേക വർഷങ്ങൾക്കിടയിലുള്ള രൂക്ഷമായ മഞ്ഞുവീഴ്ച്ചയാണ്. കയ്യിൽകിട്ടയ മരക്കൊമ്പുകൾ കൂട്ടിയിട്ട് തീ പടർത്തി തണുപ്പു മാറ്റാൻ ശ്രമിക്കുന്ന അവർ തിരിച്ചുപോക്കില്ലാത്ത യാതനകളിലേക്കു വഴുതി വീഴുന്നത് അസാധാരണമായ കയ്യടക്കത്തോടെ സിനിമ കാണിച്ചുതരുന്നു. ഒരു ഹൊറർ ചിത്രത്തിന്റെ വേഗതയും ആകാംക്ഷയും നിലനിർത്തിക്കൊണ്ടുതന്നെ യുദ്ധം പിച്ചിച്ചീന്തുന്ന ജീവിതങ്ങളിലേക്കുള്ള നേർക്കാഴ്ചയാകുകയാണ് നിഴലുകളുടെ നഷ്ടം പറയുന്നത്. ഓരോരുത്തർക്കായി നിഴലുകൾ നഷ്ടപ്പെടുന്ന കാലത്തിന്റെ കലാപരമായ ആവിഷ്ക്കാരം. 

ആയിരക്കണക്കിനു രോഹിംഗ്യൻ അഭയാർഥികൾ മുങ്ങിത്താണ തായ്‍ലൻഡിലെ ഒരു തീരദേശ ഗ്രാമത്തിലെ കടൽത്തീരത്തിനടുത്തുള്ള കാട്ടിലേക്കാണ് പ്രേക്ഷകരെ മന്താ റേ കൂട്ടിക്കൊണ്ടുപോകുന്നത്. മനുഷ്യശബ്ദങ്ങളേക്കാൾ കാടിന്റെ ശബ്ദങ്ങൾക്കാണു ചിത്രത്തിൽ മുൻതൂക്കം. ക്ഷമയുള്ള പ്രേക്ഷകർക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കുന്നുണ്ട് മന്താ റേ. കാട്ടിൽ പരുക്കേറ്റ് ബോധഹരിതനായി കിടക്കുന്ന ഒരാളെ ഒരു മുക്കുവൻ കണ്ടെത്തുന്നു. അപരിചിതനാണെങ്കിലും അയാളെ മുക്കുവൻ രക്ഷപ്പെടുത്തുന്നു. അയാൾക്ക് ഒരക്ഷരവും ശബ്ദിക്കാനുള്ള ശേഷിയില്ല. ഒരുപക്ഷേ ജൻമനാ ഊമയായിരിക്കാം. പലായനത്തിനിടെ അപകടത്തിൽ ശബ്ദം നഷ്ടപ്പെട്ടതുമാകാം. അയാൾക്ക് മുക്കുവൻ ഒരു പേരിടുന്നു. വീട്ടിലേക്കു കൊണ്ടുപോകുന്നു. പക്ഷേ മുക്കുവനെ ഒരു ദിവസം കടലലിൽ കാണാതാവുകയാണ്. കുടുംബത്തിലെത്തിയ അപരിചിതനാകട്ടെ വീടിന്റെ ചുമതല ഏറ്റെടുക്കുന്നു. ഒപ്പം ഭാര്യയുടെയും. 

ദുരന്തങ്ങളുടെ ചിത്രീകരണമാണെങ്കിലും നഷ്ടപ്പെടലിന്റെ നിരാശയിലല്ല രണ്ടു ചിത്രങ്ങളും അവസാനിക്കുന്നത്. പ്രതീക്ഷയുടെ പുതിയ തീരത്തേക്കു തുഴയാനും മനുഷ്യത്വത്തിന്റെ വാഗ്ദത്ത ഭൂമി അകലെയല്ലെന്ന് ഓർമിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇരുട്ടിന്റെ കാട്ടിലും നക്ഷത്രങ്ങൾ ഉദിക്കുന്നു. വെടിയൊച്ചകളുടെ മുഴക്കത്തിലും ഭീതിയുടെ തേങ്ങലുകൾക്കുമിടെ പുതിയ പ്രഭാതത്തിന്റെ കിരണങ്ങൾ തെളിയുന്നു.