Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജു വാരിയറെ ആശ്രയിച്ചല്ല വനിതാ മതിൽ: എം.എം. മണി

mani-manju

മഞ്ജു വാരിയറുടെ പിന്മാറ്റം വനിതാ മതിലിനെ ബാധിക്കില്ലെന്ന് മന്ത്രി എം.എം മണി. നടിയെ ആശ്രയിച്ചല്ല വനിതാ മതില്‍ പ്രഖ്യാപിച്ചതെന്നും മതില്‍ പൊളിയുമെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാല്‍, മതില്‍ എങ്ങനെ കെട്ടുമെന്ന് കാണിച്ചു തരാം എന്നും മന്ത്രി പറഞ്ഞു. വനിതാ മതിലിലൂടെ ഗിന്നസ് റെക്കോര്‍ഡ് ആണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച മഞ്ജു മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പിന്തുണ പിന്‍വലിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒട്ടേറെ പരിപാടികളോട് സഹകരിച്ചിട്ടുണ്ടെന്നും എന്നാല്‍, വനിതാ മതിലിന് ഇതിനോടകം രാഷ്ട്രീയ നിറം കൈവന്നിട്ടുണ്ടെന്നും വ്യക്തമാക്കിയായിരുന്നു മഞ്ജുവിന്റെ പിന്മാറ്റം.

‘സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും താന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല.’

‘അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനില്‍ക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ആഗ്രഹിക്കുന്നത്.’– മഞ്ജു വാരിയർ‍ വ്യക്തമാക്കി.

എന്നാല്‍, വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം ബോധ്യപ്പെട്ടതിനാലാണ് നടി പിന്മാറിയതെന്നും ചെന്നിത്തല പ്രതികരിച്ചു.