Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയിരിക്കുന്നു: ‘ഒടിയൻ’ വിവാദത്തിൽ മഞ്ജു വാരിയർ

odiyan-manju-post

ഒടിയൻ വിവാദത്തിൽ പ്രതികരണവുമായി നടി മഞ്ജു വാരിയർ. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയന്‍ മലയാളത്തിന്റെ അഭിമാനമായി മാറട്ടേയെന്ന് മഞ്ജു കുറിച്ചു. ‘പ്രഭ എന്ന തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ഒരുപോലെ സ്വീകരിക്കുന്നു, കാര്‍മേഘങ്ങള്‍ തേന്‍കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു.’–മഞ്ജു പറഞ്ഞു.

മഞ്ജുവിന്റെ വാക്കുകൾ–ഒടിയനെക്കുറിച്ച് കേൾക്കുന്ന നല്ല വാക്കുകൾക്കും അഭിപ്രായങ്ങൾക്കും നന്ദി. ആദ്യ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒടിയൻ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. കാർമേഘങ്ങൾ തേങ്കുറിശ്ശിയുടെ മുകളിൽ നിന്ന് ഒഴിഞ്ഞു പോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ പലയിടങ്ങളിൽ നിന്നായി അറിഞ്ഞു. ’

‘ഒരു പാട് പേർ അഭിനന്ദിച്ചു. വിമർശനങ്ങളുമുണ്ട്. രണ്ടിനെയും ഒരു പോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാൻ ദിവസം ചെല്ലുന്തോറും ആൾത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ല ചിത്രം വിജയിപ്പിച്ച എല്ലാവർക്കും നന്ദി. ഇനിയും ഒടിയൻ കാണാത്തവർ, കാണണം എന്ന് അഭ്യർഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച് ഒടിയൻ മുന്നേറട്ടെ! അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ!’–മഞ്ജു പറഞ്ഞു.

അതേസമയം സംവിധായകൻ വി.എ. ശ്രീകുമാർ മേനോന്റെ ആരോപണങ്ങളോട് നടി പ്രതികരിച്ചില്ല. മഞ്ജുവാരിയരെ സഹായിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ നടന്ന ആസൂത്രിത ഗൂഢാലോചനയാണ് ഒടിയനെതിരെ സൈബര്‍ ആക്രമണമായി മാറിയതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍റെ നിലപാട്.

നടി മഞ്ജു വാരിയരെ താൻ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയൻ’ സിനിമയ്ക്കെതിരായുള്ള സൈബർ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടിരുന്നു. "സിനിമാരംഗത്ത് ഞാൻ ആരുമല്ല. ആരുമായും ശത്രുതയില്ല, ആരുടെയും തിരക്കഥയും മോഷ്ടിച്ചില്ല. എന്നിട്ടും എനിക്കെതിരെ സിനിമയിൽ നിന്നും വലിയ ശത്രുത ഉണ്ട്. സിനിമാരംഗത്ത് വരുന്നതിനുമുമ്പാണ് ഈ ശത്രുത ഉണ്ടായത്. അതിന്റെ കാരണങ്ങൾ നിങ്ങൾക്ക് അറിയാം. ആ കാരണങ്ങള്‍ കൊണ്ടാണ് വിവാദങ്ങളിലേയ്ക്കും വെറുപ്പുകളിലേയ്ക്കും ഞാൻ വലിച്ചിഴയ്ക്കപ്പെട്ടത്. അതിന്റെ കലാശക്കൊട്ടായിരിക്കാം ഇപ്പോൾ കണ്ടത്. ഏത് വിഷയത്തിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതിനു മുമ്പ് ഞാൻ പറഞ്ഞിട്ടുണ്ട്. അത് ആവർത്തിക്കേണ്ട ആവശ്യം എനിക്കില്ല," ശ്രീകുമാർ മേനോൻ തിരുവനന്തപുരത്ത് പറഞ്ഞു. 

"മോഹൻലാൽ എന്ന പേരിൽ ചിത്രമെടുത്ത സാജിദ് യാഹിയയോ, മഞ്ജു വാരിയറെ നായികയാക്കി സംവിധാനം ചെയ്ത ഫാന്റം പ്രവീണോ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നില്ല. അപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ കുറച്ചുകൂടി സത്യസന്ധമാകുകയല്ലേ ചെയ്യുന്നത്. പണ്ട് കൂവിതോൽപിക്കാൻ തിയറ്ററുകളിലേയ്ക്ക് ആളെ വിടുകയാണ്. ഇന്ന് മൊബൈൽ മതി," ശ്രീകുമാർ മേനോൻ ആരോപിച്ചു.