Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫഹദിന്റെ ചേച്ചി’; ഇരട്ടഭാഗ്യവുമായി വീണ നായർ

veena-nair-fahahd

മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന  ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയയായ വീണ നായർ മിനിസ്ക്രീൻ പ്രേക്ഷകർക്കെല്ലാം സുപരിചിതയാണ്.  വെള്ളിമൂങ്ങ എന്ന തന്റെ ആദ്യ സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ കഥാപാത്രവും വീണ ഭദ്രമാക്കിയിരുന്നു. ഇപ്പോഴിതാ ക്രിസ്മസ് റിലീസുകളായെത്തുന്ന രണ്ടു മികച്ച സിനിമകളിൽ ഭാഗഭാക്കായതിന്റെ സന്തോഷത്തിലാണ് താരം. സിനിമാവിശേഷങ്ങളുമായി വീണ മനോരമ ഓൺലൈനിൽ... 

സ്വപ്നം പോലെ സത്യൻ അന്തിക്കാട് ചിത്രം...

മലയാളികളുടെ കുടുംബ സംവിധായകനാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ ഒരു സിനിമയിൽ മുഖം കാണിക്കുകയെങ്കിലും ചെയ്യണമെന്നുള്ളത് എന്റെ എറെക്കാലത്തെ ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സ്വപ്നം പോലെ സത്യൻ സാറിന്റെ കോൾ വരുന്നത്. 

veena-nair-chakochan-1

ഞാൻ പ്രകാശനിൽ ഫഹദിന്റെ സഹോദരിയുടെ വേഷമാണ്. കോമഡി റോളാണ്. കുറച്ചു സീനുകളിലേ ഉള്ളുവെങ്കിലും കഥാഗതിയിൽ പ്രാധാന്യമുള്ള കഥാപാത്രമാണ്. അത് സിനിമ കാണുമ്പോൾ നിങ്ങൾക്ക് ബോധ്യമാകും.

ആദ്യമായാണ് സിങ്ക് സൗണ്ട് (Spot dubbing) ശബ്ദ സാങ്കേതിക വിദ്യയിൽ ചിത്രീകരിച്ച സിനിമയിൽ ഞാൻ അഭിനയിക്കുന്നത്. സത്യൻ സാർ ഒരു പെർഫെക്ഷഷനിസ്റ്റാണ്. എന്താണ് കഥാപാത്രം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു തരും. ഫഫദ് പിന്നെ സ്വാഭാവിക അഭിനയത്തിന്റെ ആളാണ്. ചിലപ്പോൾ ടേക്ക് എടുക്കുന്നതിന് തൊട്ടുമുൻപ് ഫോണിൽ ഗെയിം കളിച്ചിരുന്നിട്ട്, പുള്ളി കൂളായി വന്ന് അഭിനയിച്ചിട്ട് പോകും.

പലയിടത്തും വായിച്ചു കേട്ടിട്ടുണ്ട്, സത്യൻ സാറിന്റെ സെറ്റിൽ എപ്പോഴും ഒരു വിനോദയാത്രയുടെ മൂഡ് ആയിരിക്കുമെന്ന്. അത് സത്യമാണെന്ന് അനുഭവത്തിൽ ബോധ്യമായി. സത്യൻ സാറും ശ്രീനിവാസൻ സാറും ഏറെക്കാലത്തിനു ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഞാൻ പ്രകാശൻ. മലയാളികളുടെ മനഃശാസ്ത്രം ഇത്രയും ഭംഗിയായി സിനിമയിൽ അവതരിപ്പിച്ചിട്ടുള്ള കൂട്ടുകെട്ട് വേറെ കാണില്ല. ചിത്രം കുടുംബ പ്രേക്ഷകരെ പതിവുപോലെ രസിപ്പിക്കും എന്നുതീർച്ച.

തട്ടിൻപുറത്ത് അച്യുതനും ഞാനും...

ലാൽ ജോസ്‌ സാറിന്റെ തട്ടിൻപുറത്ത് അച്യുതനിൽ അവസരം കിട്ടിയതാണ്ട് മറ്റൊരു സന്തോഷം. ചിത്രത്തിൽ ഉടനീളമുള്ള പ്രധാന വേഷങ്ങളിലൊന്നാണ് ചെയ്യുന്നത്. കോമഡി ട്രാക്കിൽ നിന്നും മാറി അൽപം സീരിയസായ കഥാപാത്രമാണ്. ചിത്രത്തിൽ അമ്മവേഷമാണ്. മികച്ച ബാലനടനായി പുരസ്കാരം നേടിയ ആദിത്യനാണ് മകനായെത്തുന്നത്. 

veena-nair-chakochan

ചിത്രത്തിന്റെ നിർമാതാവായ ഷെബിൻ എന്റെ ഭർത്താവിന്റെ സുഹൃത്താണ്. അങ്ങനെയാണ് അവസരം തേടിവരുന്നത്. ചാക്കോച്ചനാണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. ലാൽ ജോസ് സാറിന്റെ മാസ്റ്റർപീസായ ഗ്രാമീണതയാണ് ഈ ചിത്രത്തിന്റെയും ഹൈലെറ്റ്. കണ്ണൂർ, തൃശൂർ ജില്ലകളിലെ ഉൾനാടൻ ഗ്രാമങ്ങളായിരുന്നു ലൊക്കേഷൻ. അമ്പലവും കുളവും മാടക്കടയും സ്നേഹമുള്ള മനുഷ്യരുമുള്ള ഗ്രാമം. അച്യുതനും പ്രേക്ഷകരെ രസിപ്പിക്കും എന്നു തീർച്ച.

അപ്പോൾ എന്നെ സംബന്ധിച്ചിടത്തോളം 2018 അവസാനിക്കുന്നത് ഭാഗ്യ വർഷമായിട്ടാണ്. രണ്ടു മികച്ച സംവിധായകരുടെ സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞത് ഈശ്വരാധീനമായി കരുതുന്നു. 

മറ്റു സിനിമകൾ / സീരിയലുകൾ...

ബി.ഉണ്ണികൃഷ്ണൻ സാറിന്റെ പുതിയ ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്യുന്നുണ്ട്. നവാഗതനായ വിനോദ് കാരിക്കോടിന്റെ കാഫിർ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തു. അതൊരു ഓഫ്ബീറ്റ് ചിത്രമാണ്. നല്ല അഭിനയ സാധ്യതയുള്ള കഥാപാത്രമാണതിൽ ലഭിച്ചത്. നീയും ഞാനും എന്നൊരു സിനിമയിൽ ചെറിയ വേഷം ചെയ്യുന്നുണ്ട്. വ്യത്യസ്തമായ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിയണം എന്നതാണ് ആഗ്രഹം. 

2005 മുതൽ മിനിസ്ക്രീൻ രംഗത്തുണ്ട്. മഴവിൽ മനോരയിലെ തട്ടീം മുട്ടീമിലെ കുഞ്ഞമ്മായി കഥാപാത്രമാണ് കരിയറിൽ ബ്രേക്ക് തന്നത്. 

കുടുംബം..

'ഭർത്താവ് സ്വാതി സുരേഷ് ഗായകനും ആർജെ യുമാണ്. മകൻ ധൻവിന് രണ്ടു വയസ്സ് കഴിഞ്ഞു. ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയാണ് എന്നെ കലാരംഗത്ത് ഉറച്ചു നിർത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.