Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മറ്റുള്ളവരുടെ സിനിമകൾ വിജയിക്കുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്’ തുറന്നു പറഞ്ഞ് ജയസൂര്യ

മറ്റുള്ള താരങ്ങളുടെ സിനിമകൾ വിജയിക്കുകയും തന്റേത് പരാജയപ്പെടുകയും ചെയ്തിരുന്നപ്പോൾ ഒരു കാലത്ത് അവരോടൊക്കെ അസൂയ തോന്നിയിട്ടുണ്ടെന്ന് നടൻ ജയസൂര്യ. എന്നാൽ അതൊക്കെ നാലഞ്ചു കൊല്ലം മുമ്പായിരുന്നെന്നും ഇന്ന് ആരുടെ സിനിമ വിജയിച്ചാലും തനിക്ക് സന്തോഷമാണെന്നും അവരെ ആത്മാർഥമായി വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഒാൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

‘എനിക്കാരോടും ദേഷ്യമില്ല, കുന്നായ്മയോ കുശുമ്പോ ഇല്ല. പണ്ട് ഉണ്ടായിരുന്നു. വളരെ ഒാപ്പണായി പറഞ്ഞാൽ ഒരു നാലഞ്ചു വർഷം മുമ്പ് വരെ മറ്റു അഭിനേതാക്കളുടെ സിനിമകളൊക്കെ വിജയിക്കുമ്പോൾ ദൈവമേ അതൊക്കെ നന്നായി ഒാടുന്നുണ്ടല്ലോ എന്റേത് ഒാടിയില്ലല്ലോ എന്നൊരു ചിന്തയൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അങ്ങനെയൊന്നുമില്ല. എന്റെ പടം ഒാടിയില്ലെങ്കിലും മറ്റൊരാളുടെ പടം ഒാടിയാൽ അവരെ വിളിച്ച് ആത്മാർഥമായി അഭിനന്ദിക്കാനുള്ള മനസ്സ് ഇപ്പോഴെനിക്കുണ്ട്.’ ജയസൂര്യ പറഞ്ഞു. 

ഏതു റോളാണ് ചെയ്യാൻ ആഗ്രഹമെന്ന ചോദ്യത്തിന് യേശുക്രിസ്തുവായി അഭിനയിക്കാനാണ് ആഗ്രഹമെന്നാണ് അദ്ദേഹം പറഞ്ഞത്. ‘എനിക്ക് പാഷൻ ഒാഫ് ക്രൈസ്റ്റ് പോലുള്ള സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. യേശു ക്രിസ്തുവായി അഭിനയിക്കാൻ വലിയ മോഹമുണ്ട്. എന്റെ ഭയങ്കരമായ ആഗ്രഹമാണ്. ഒരു നല്ല സംവിധായകൻ വിളിച്ച് ഇങ്ങനെ ഒരു റോളുണ്ടെന്ന് പറഞ്ഞാൽ ഞാൻ അപ്പോൾ സമ്മതം മൂളും. ക്രിസ്ത്യാനികൾ സ്തുതി കൊടുക്കുന്നത് എനിക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. എല്ലാ പിണക്കങ്ങളും അപ്പോൾ തീരുകയാണ്. അത് വളരെ നല്ല ഒരു കാര്യമല്ലേ ? എന്തൊരു മനോഹരമാണ് അത്. എല്ലാ പിണക്കങ്ങളും അവിടെ തീരില്ലേ ?’ ജയസൂര്യ പറയുന്നു. 

ആർജെയും നടനുമായ ജോസഫ് അന്നാംകുട്ടി ജോസാണ് അഭിമുഖത്തിൽ ജയസൂര്യയോട് സംസാരിച്ചത്. എല്ലാ ചോദ്യങ്ങൾക്കും അദ്ദേഹം രസകരമായി മറുപടിയാണ് നൽകിയതും.