Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൃത്തത്തിലും സിനിമയിലും ചുവടു പിഴയ്ക്കാതെ ശ്രീജയ

008

സിനിമയുടെ നിറഞ്ഞ വെളിച്ചത്തിൽനിന്നും ആരോടും പറയാതെ പോയൊരു പെൺകുട്ടിയെ സിനിമാക്കാർ അന്വേഷിച്ചെത്തി വീണ്ടും കൊണ്ടുവരുന്നു. തിരിച്ചെത്തിയ രണ്ടു സിനിമകളിലും മനോഹമായ വേഷങ്ങൾ. ശ്രീജയ എന്ന നടിയുടെ ജീവിതം 20 വർഷങ്ങൾക്കു ശേഷം അത്ഭുതങ്ങളിലേക്കു വാതിൽ തുറക്കുകയാണ്്. 

കലാമണ്ഡലത്തിൽനിന്നു സിബി മലയിൽ കണ്ടെടുത്ത നടിയാണു ശ്രീജയ. കമലദളമെന്ന സിനിമയിൽ കണ്ട കൗതുമുഖം അന്വേഷിച്ചു പ്രശസ്ത സംവിധായകനായ ടി.വി.ചന്ദ്രനെത്തി. മമ്മൂട്ടി നായകനായ പൊന്തൻമാടയിലെ പ്രധാന വേഷം. പലതും ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും പിന്നീടെല്ലാം പ്രമുഖരുടെ ചിത്രങ്ങളായിരുന്നു. സമ്മർ ഇൻ ബത്‌ലഹേം, കന്മദം, വീണ്ടും ചില വീട്ടുകാര്യങ്ങൾ തുടങ്ങിയ സിനിമകളിലെല്ലാം ശ്രീജയയുണ്ടായിരുന്നു. പ്രമുഖരായ പലരും  വേഷങ്ങളുമായി  കാത്തുനിൽക്കവെ ശ്രീജയ വിവാഹതയായി കോതമംഗലത്തുനിന്നും കോഴിക്കോട്ടേക്കുപോയി. തികച്ചും പരമ്പരാഗതമായ ജീവിതത്തിൽനിന്നും അതിനു സമാനമായ മറ്റൊരു ജീവിതത്തിലേക്ക്. 

നൃത്തവും സിനിമയും നിറഞ്ഞുനിന്ന ജീവിതത്തോളംതന്നെ പ്രധാനമാണു വീട്ടമ്മയുടെ ജീവിതവുമെന്നു കണ്ടെത്തിയ ദിവസങ്ങളായിരുന്നു അത്. പിന്നീടു ബംഗളൂരുവിലേക്കു കൂടുമാറിയപ്പോഴും വീട്ടമ്മയുടെ ജീവിതംതന്നെയായിരുന്നു ശ്രീജയയെ സന്തോഷിപ്പിച്ചത്. പതുക്കെ പതുക്കെ വഴി മാറിത്തുടങ്ങി. നൃത്തത്തിൽ ബിരുദവും ബിരുദാനന്ത ബിരുദവും കലാമണ്ഡലത്തിന്റെ മുദ്രയും കയ്യിലുള്ള കുട്ടി വെറുതെയിരിക്കേണ്ടെന്നു തീരുമാനിച്ചു. 

007

ബെഗ്ളൂരിൽ ശ്രീജയാസ് സ്കൂൾ ഓഫ് ക്ളാസിക്കൽ ഡാൻസ് എന്ന സ്ഥാപനം  തുടങ്ങിയത് അങ്ങിനെയാണ്. അതോടെ തന്റെ ഉള്ളിൽ നല്ലൊരു ടീച്ചർ കൂടിയുണ്ടെന്നു ശ്രീജയ സ്വയം കണ്ടെത്തി. ഇന്ന് അഞ്ചു സ്കൂളുകളിലായി അഞ്ഞൂറിലധികം കുട്ടികളാണ് ശ്രീജയയെന്ന അധ്യാപികയെ തേടിയെത്തുന്നത്. 5 മുതൽ 60 വയസ്സുവരെയുള്ളവർ. മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുഡിയും പഠിപ്പിക്കുന്ന ശ്രീജയ കലാമണ്ഡലത്തിലെ ഗുരുക്കന്മാർ പകർന്ന അതേ പാതയിയാണു യാത്ര ചെയ്യുന്നത്. പെട്ടെന്നു കുട്ടിയെ അരങ്ങിലെത്തിക്കുന്ന വിദ്യ ഇവിടെയില്ല. നാലു വർഷമെങ്കിലും പഠിക്കാതെ അരങ്ങു മോഹിക്കരുത്. അരങ്ങിലെത്താനല്ലാതെ വെറുതെ പഠിക്കുന്ന എത്രയോ പേർ ഇവിടെയുണ്ട്. 

ശ്രീജയയെ അന്വേഷിച്ചു പിന്നെയും വേഷങ്ങളെത്തിയെങ്കിലും വേണ്ടെന്നായിരുന്നു മറുപടി. നൃത്ത ക്ളാസുകൾ അത്രയേറെ അവരെ മോഹിപ്പിച്ചിരുന്നു. രാവിലെ തുടങ്ങുന്ന ക്ളാസുകൾ രാത്രിവരെ നീളുമ്പോഴും ക്ഷീണമില്ലാതെ അടുത്ത ദിവസം നേരം  വെളുക്കുവാനായി കാത്തിരുന്ന ദിവസങ്ങൾ. നൃത്തം ലഹരിപോലെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. സിനിമയുടെ പ്രഭയൊന്നും മോഹിപ്പിച്ചതേയില്ല അവരെ. ശ്രീജയയെന്ന അധ്യാപികയുടെ വളർച്ചയുടെ കാലമായിരുന്നു അത്. 

005

പക്ഷെ 20 വർഷത്തിനു ശേഷം അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലെ വേഷം ശ്രീജയയെ വീണ്ടും സിനിമയിലേക്കു കൈ പിടിച്ചു കൊണ്ടുപോയി. സിനിമ വിജയിച്ചതോടെ വീണ്ടും വിളികളുടെ കാലം. പക്ഷെ നൃത്തത്തിന്റെ തിരക്കിനിടയിൽ  പല വേഷങ്ങളും വേണ്ടെന്നുവച്ചു. ഒടിയനിലെ വേഷം പക്ഷേ വീണ്ടും ശ്രീജയയെ സിനിമയിലേക്ക് കൊണ്ടുവന്നു. ചെറുതെങ്കിലും കഥയുടെ മർമ്മമായി മാറിയ മനോഹരമായ വേഷം. ഒടിയൻ‍ തുടങ്ങുന്നതുതന്നെ അവരുടെ കഥാപാത്രത്തിലൂടെയാണ്. മോഹൻലാലും ശ്രീജയയും മാത്രമുള്ള തുടക്കം. വെള്ളത്തിനടിയിൽ പോലും ഷൂട്ടു ചെയ്ത അപൂർവ്വ നിമിഷങ്ങൾ. ഗംഗയിൽനിന്നും ഉയർന്നുവരുന്ന മോഹൻലാലിന്റെ കൈകളിൽ തളർന്ന താമരത്തണ്ടുപോലെ ഉറങ്ങുന്ന ശ്രീജയയിൽനിന്നാണു ഒടിയൻ തുടങ്ങുന്നത്. വിസ്മയം പോലെ മോഹൻലാൽ നിൽക്കുമ്പോൾ അതിനടുത്തു തെളിമയോടെ ശ്രീജയ നിന്ന നിമിഷം. തന്റെ പ്രായം അനുവദിക്കാത്ത വേഷമായിട്ടുപോലും തലയിൽ വെള്ളിവരയിട്ടു അഭിനയിക്കാൻ ശ്രീജയ തീരുമാനിച്ചത് വേഷത്തിന്റെ ഭംഗി കൊണ്ടാണ്. സിനിമ പുറത്തുവന്ന ശേഷമാണ് എത്രയോ കുട്ടികൾ അറിയുന്നത് തങ്ങളുടെ ടീച്ചർ അതിൽ അഭിനയിച്ചിട്ടുണ്ടെന്ന്. 

001

ബിസിനസ്സുകാരനായ മദൻ നായരാണു ശ്രീജയയുടെ ഭർത്താവ്.ബെംഗളൂരുവുവിലെ ഏറ്റവും മികച്ച നൃത്ത വിദ്യാലയങ്ങളിലൊന്നായി നൃത്ത സ്കൂൾ വളർന്നതിനു പിന്നിൽ ശ്രീജയയുടെ മിടുക്കിനൊപ്പം ഭർത്താവിന്റെ മേൽനോട്ടവുമുണ്ട്. സിനിമകൾ പലതും ഇനിയും ശ്രീജയയെ കാത്തിരിക്കുന്നു. നൃത്തത്തിന്റെ തിരക്കിനിടയിലും അവർ നല്ല വേഷങ്ങൾക്കു വേണ്ടി സിനിമയിലേക്കു വരുന്നു. 20 വർഷത്തിനു ശേഷവും ബാക്കിയാകുന്ന അപൂർവ ഭാഗ്യം.