ആ സുഹൃത്തുപോലും തിയറ്റർ തന്നില്ല: വികാരാധീനനായി ബാബുരാജ്

bbauraj-crying
SHARE

ബാബുരാജിനെ നായകനാക്കി നവഗാതസംവിധായകൻ ഡിനു തോമസ് ഒരുക്കിയ കൂദാശ എന്ന ചിത്രം തിയറ്ററുകളിൽ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നിരൂപകർക്കിടയിൽ ചിത്രത്തിന് മികച്ച അഭിപ്രായവും ലഭിക്കുകയുണ്ടായി. ഇപ്പോൾ ഡിവിഡി കൂടി ഇറങ്ങിയതോടെ സിനിമ കണ്ട് നിരവധിപ്പേരാണ് കൂദാശ മികച്ച ചിത്രമാണെന്ന് അഭിപ്രായപ്പെട്ടത്. സിനിമയ്ക്ക് സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് നടൻ ബാബുരാജ് ഫെയ്സ്ബുക്ക് ലൈവിലൂടെ വികാരധീനനായി പ്രതികരിച്ചു.

‘സിനിമയിലെത്തിയിട്ട് 25 വർഷമായി. 15 വർഷമാണ് സിനിമയിൽ ഒരു ഡയലോഗ് പറയാനായി കാത്തിരുന്നത്. പിന്നെയും 10 വർഷം കഴിഞ്ഞ് എന്നേപ്പോലെയൊരാൾക്ക് കിട്ടിയ നല്ല വേഷമായിരുന്നു കൂദാശയിലേത്. പലരും ഡിവിഡി കണ്ടിട്ട് ചിത്രം തീയറ്ററിൽ കാണാൻ സാധിക്കാതിരുന്നതിന്റെ സങ്കടം പങ്കുവെച്ചിരുന്നു. അവരോടൊക്കെ ഞാൻ പറഞ്ഞ ഒരു കാര്യം തീയറ്ററിൽ പോയിക്കാണാൻ കൂദാശയ്ക്ക് തീയറ്ററുകൾ പോലും കിട്ടിയിരുന്നില്ല. കിട്ടിയ തിയറ്ററുകളിൽ തന്നെ ഒരു ഷോ, രണ്ട് ഷോ മാത്രമാണ് പ്രദർശിപ്പിച്ചത്.’ 

‘പല തിയറ്റർ ഉടമകളെയും ഞാൻ നേരിട്ട് ഫോണിൽ വിളിച്ച് അഭ്യർഥിച്ചു. എന്നിട്ടും നടന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ എന്റെ ഫോൺപോലും എടുക്കാതെയായി. നാലഞ്ച് തിയറ്ററുകളുള്ള എന്റെ സുഹൃത്തുപോലും ഒരു തിയറ്റർ തന്നില്ല, എന്നതാണ് ദുഃഖകരമായ അവസ്ഥ.’

‘മലയാളസിനിമ വളരണമെന്ന് പറയുമ്പോഴും തീയറ്ററുകാർക്ക് അന്യഭാഷ ചിത്രങ്ങളോടും ബിഗ്ബജറ്റ് ചിത്രങ്ങളോടുമൊക്കെയേ താൽപര്യമുള്ളൂ. കോഴിക്കോട്ടുള്ള തിയറ്ററിൽ രാത്രി എട്ട് മണിക്കാണ് ഷോ വെച്ചത്. ഈ സമയത്തൊന്നും പ്രേക്ഷകർ കയറില്ല. സിനിമ കണ്ടിട്ട് ജീത്തുജോസഫ് പറഞ്ഞത് ഇതുപോലെയൊരു ചിത്രം സംവിധാനം ചെയ്യാൻ സാധിച്ചില്ലല്ലോ എന്നാണ്. ഒരുപാട് സന്തോഷം തോന്നി.’

‘25 വര്‍ഷങ്ങൾക്കു ശേഷം നല്ലൊരു വേഷം കിട്ടിയതാണ്, അതിങ്ങനെ ആയിപ്പോയല്ലോ എന്ന വിഷമത്തിൽ ഇരിക്കുമ്പോഴാണ് സിനിമയെക്കുറിച്ച് പോസിറ്റീവ് ആയ കമന്റ്സ് വന്നുതുടങ്ങിയത്. വിഷമമൊന്നുമില്ല, സിനിമയിൽ ഡയലോഗ് പറയാൻ പതിനഞ്ച് വർഷം കാത്തിരുന്ന ആളാണ് ഞാൻ. അപ്പോൾ ഇനിയും കാത്തിരിക്കാം.’

ഇമേജിന്റെ തടവറയിൽപ്പെട്ട് പോയൊരു നടനാണ് ഞാൻ. എനിക്ക് കിട്ടിയൊരു മികച്ച കഥാപാത്രമായിരുന്നു കൂദാശയിലേത്. അത് തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയതിൽ വിഷമമുണ്ട്. ഇങ്ങനെയുളള സിനിമകൾ വരുമ്പോൾ തിയറ്ററിൽ തന്നെ പോയി കാണണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.’–ബാബുരാജ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA