എന്റെ ശിഷ്യ ഡാൻസ് സ്കൂൾ തുടങ്ങുന്നതിൽ സന്തോഷം: കൃഷ്ണ പ്രഭയോട് മമ്മൂട്ടി

mammootty-krisnaprabha-3
SHARE

കൊച്ചി∙ ‘‘കൃഷ്ണ പ്രഭ, ഞാൻ പഠിപ്പിച്ചതൊക്കെ ശിഷ്യരെ നന്നായി പഠിപ്പിക്കണം, എന്റെ ശിഷ്യ ഇങ്ങനെ ഒരു സ്കൂൾ തുടങ്ങുന്നതിൽ വളരെ സന്തോഷമുണ്ട്. ഞാൻ പിന്നെ ലോകത്തെമ്പാടും നൃത്തം ചെയ്ത് നടക്കുന്നതു കൊണ്ട് എല്ലായ്പോഴും എല്ലായിടത്തും എത്താൻ കഴിഞ്ഞോണം എന്നില്ല.’’ ഡയലോഗ് മെഗാസ്റ്റാർ മമ്മൂട്ടിയുടേതാണ്. പുതിയ സിനിമയിലേതല്ല, കൊച്ചി പനമ്പള്ളി നഗറിൽ നടി കൃഷ്ണ പ്രഭ ആരംഭിച്ച ജൈനിക കലാ വിദ്യാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങാണ് രംഗം.

‘‘പ്രിയ ശിഷ്യയുടെ നൃത്ത വിദ്യാലയം ആരംഭിക്കുമ്പോൾ വരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. കൃഷ്ണ പ്രഭ ഇത്ര നന്നായി ഡാൻസ് ചെയ്യുമെന്ന് ഈ അടുത്താണ് മനസ്സിലായത്. ഇങ്ങനെ കുറെ കൃഷ്ണ പ്രഭമാരെ ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കട്ടെ’’ എന്ന് ആശംസിച്ചുകൊണ്ടായിരുന്നു മമ്മൂട്ടി കലാ വിദ്യാലയം ഉദ്ഘാടനം ചെയ്തത്.

‘സംഗതി കളിയാക്കാനാണ്. ഞാനാണ് നൃത്തം പഠിപ്പിച്ചത് എന്നൊക്കെ മമ്മൂക്ക പറഞ്ഞെങ്കിലും അഭിനയം മനസ്സിൽ കയറിയ കുഞ്ഞുപ്രായം മുതൽ മമ്മൂക്ക തന്നെയാണ് ഗുരു’ -എന്ന് കൃഷ്ണ പ്രഭയുടെ മറുപടി. തിരക്കുകൾക്കിടയിലും തന്റെ ഈ ചെറിയ ചടങ്ങിനെത്തിയ മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും കൃഷ്ണ പ്രഭ പറഞ്ഞു.

ക്ഷണിക്കാതെ എത്തിയ പിഷാരടി

വിളിക്കാതിരുന്നിട്ടും ഇങ്ങോട്ട് വിളിച്ചു ചോദിച്ചാണ് താനെത്തിയതെന്ന് കൃഷ്ണ പ്രഭയെ ട്രോളി മിമിക്രി കലാകാരനും നടനും സംവിധായകനുമായ രമേഷ് പിഷാരടി. അതാണ് ചടങ്ങിൽ എത്താൻ വൈകിയത്. എന്നാലും മമ്മൂക്കയോട് വിളിച്ച് എല്ലാം നന്നായി ചെയ്യണമെന്ന് ഏൽപിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ ഉടനെ വിളിച്ച് എല്ലാം നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിട്ടാണ് ഇവിടുന്നു പോയതെന്നും പിഷാരടിയുടെ പതിവു തമാശ. പിന്നെ മിമിക്രിക്കു ക്ലാസെടുക്കാൻ ഇടയ്ക്ക് വരാമെന്ന് വാഗ്ദാനവും.

mammootty-krisnaprabha-1

‘‘കലാ രംഗത്തുള്ളവർ സ്വന്തമായി ഓരോ പ്രസ്ഥാനങ്ങൾ തുടങ്ങുന്നത് സന്തോഷമുള്ള കാര്യമാണ്. ധർമജന് എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങണമെന്ന് കുറെ ആയി പറയുന്നു. അങ്ങനെ മീൻ കച്ചവടം തുടങ്ങി. അങ്ങനെ കൃഷ്ണപ്രഭ തുടങ്ങിയ പ്രസ്ഥാനം ലോകമെങ്ങും ബ്രാഞ്ചുകളുള്ള സ്ഥാപനമായി മാറട്ടെ’’ എന്നും ആശംസ.

പ്രഭയുടെ അമ്മയ്ക്കും റിമി ടോമിയുടെ അമ്മയ്ക്കും പിഷാരടിയുടെ ട്രോൾ

കൃഷ്ണ പ്രഭയുടെ അമ്മ ഷീലയ്ക്കായിരുന്നു പിഷാരടിയുടെ അടുത്ത ട്രോൾ. എത്ര നല്ല കാര്യം പറഞ്ഞാലും അത് എന്തോ മോശം കാര്യം എന്ന പോലെയാണ് അമ്മയുടെ സംസാരമെന്നായിരുന്നു പിഷാരടിയുടെ കമന്റ്. പ്രഭയ്ക്ക് ഒരു കോടി രൂപ കിട്ടിയെന്നു പറഞ്ഞാലും, കഴിക്കാൻ കരിമീൻ പൊരിച്ചു വച്ചിട്ടുണ്ടെന്നു പറഞ്ഞാലും കേൾക്കുന്നവർക്ക് അത് അത്രയൊന്നും പോരാ എന്നാണ് പറയുന്നതെന്നാണ് തോന്നുക എന്ന് പിഷാരടി.

mammootty-krisnaprabha

കഴിഞ്ഞ ദിവസം റോഡിലൂടെ കാറോടിച്ചു പോകുമ്പോൾ റോഡ് നിറഞ്ഞും ചാടിയും മറിഞ്ഞും എല്ലാം മുന്നിൽ ഒരു കാർ. കുറച്ച് വിട്ടു പിടിച്ചോളാൻ ഡ്രൈവറോടു പറഞ്ഞു, പിന്നെ ഓവർ ടേക്ക് ചെയ്ത് പോകുമ്പോൾ നോക്കിയപ്പോഴാണ്, അത് റിമി ടോമിയുടെ അമ്മ റാണി. ‘അയ്യോ, തുടക്കത്തിൽ എല്ലാരും അങ്ങനെ അല്ലേ, ഇപ്പോ ഞാൻ നന്നായി കാറോടിക്കും. പാലായിൽ നിന്നു നന്നായി കാറോടിച്ചാ വന്നേ’’ എന്ന് അമ്മയുടെ മറുപടി. ‘അയ്യോ അത് ഇന്ന് പണിമുടക്കായതു കൊണ്ട് റോഡിൽ വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കൊണ്ടാ’ എന്ന് പിഷാരടിയുടെ മറുപടി.

mammootty-krisnaprabha-2

ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ, സംഗീത സംവിധായകൻ അഫ്സൽ യൂസഫ്, സംവിധായകരായ അരുൺ ഗോപി, ആന്റണി സോണി, നടിമാരായ മിയ, അപർണ ബാലമുരളി, ആര്യ, ഷീലു ഏബ്രഹാം, മിയയുടെ അമ്മ ജിമി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA