sections
MORE

മോഹൻലാലിനെ തീരുമാനിച്ചത് അവസാനഘട്ടത്തിൽ; മണിച്ചിത്രത്താഴിലെ അറിയാക്കഥ

mohanlal-manichitrathazhu
SHARE

ഇന്ത്യൻ ഭാഷകളിൽ റിലീസ് ചെയ്ത സൈക്കോ ത്രില്ലറുകളിൽ മുൻനിരയിലാണ് മണിച്ചിത്രത്താഴിന്റെ സ്ഥാനം. ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ ഭാഷകളിൽ ചിത്രം റീമേയ്ക്ക് ചെയ്തെങ്കിലും മികച്ചത് മലയാളം തന്നെ. വർഷങ്ങൾക്കു ശേഷം ചിത്രം ചാനലുകളിൽ പ്രദർശിപ്പിക്കുമ്പോഴും ടിആർപി റേറ്റിങിൽ അവിടെയും മുമ്പിൽ. മണിച്ചിത്രത്താഴ് കാലത്തെ അതിജീവിക്കും എന്ന തോന്നലിൽ തന്നെയാണ് ഫാസിൽ ഈ ചിത്രം സംവിധാനം ചെയ്തത്. സിനിമ 25  വർഷം പൂർത്തിയാകുമ്പോൾ പിന്നണിയിലെ അറിയാക്കഥകൾ അണിയറപ്രവർത്തകർ പങ്കുവെയ്ക്കുന്നു.

കാലത്തെ അതിജീവിച്ച സിനിമ: ഫാസിൽ

ഒരു സിനിമയെടുക്കുമ്പോൾ തന്നെ അതു കാലത്തെ അതിജീവിക്കുമെന്ന തോന്നൽ എന്നിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അതു മണിച്ചിത്രത്താഴ് എന്ന സിനിമയിൽ മാത്രമാണ്, ഫാസിൽ പറയുന്നു. "അങ്ങനെയൊരു തോന്നൽ ഉണ്ടായതിൽ കുറ്റപ്പെടുത്തരുത്. കാരണം അങ്ങനെ ഒരു തോന്നൽ എന്നിലുണ്ടായിരുന്നു," ഫാസിൽ പുഞ്ചിരിയോടെ പറഞ്ഞു. 

Manichitrathazhu Movie Special

സിനിമ പല കലകളുടെ സമ്മിശ്രമാണ്. ആ കലകളോട് എത്രത്തോളം നീതിപുലർത്തുന്നുവോ അത്രത്തോളം ഉദാത്തമാകും സിനിമയും. മണിച്ചിത്രത്താഴിൽ ഒരുപാടു കലകൾ സമന്വയിച്ചിട്ടുണ്ട്. അതിൽ ഓരോന്നിലും നൂറുശതമാനം നീതി പുലർത്തിയിട്ടുണ്ട്. സിനിമയുടെ പശ്ചാത്തലസംഗീതം ജോൺസൺ ആണ്. ജാസ്, ഡ്രംസ് എന്നീ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാതെ വെറും വീണ വായിച്ചാണ് അദ്ദേഹം സംഗീതത്തിന്റെ ഭീകരത സൃഷ്ടിച്ചത്. അഴിയിട്ട മുറിയിലൂടെ മോഹൻലാൽ തിളക്കമുള്ള കണ്ണുകളോടെ നോക്കുമ്പോൾ പശ്ചാത്തലത്തിൽ കേൾക്കുന്ന വീണയുടെ ശബ്ദമാണ് ഭീകരതയുടെ ഗാംഭീര്യം കൊണ്ടു വരുന്നത്.– ഫാസിൽ വ്യക്തമാക്കി.   

സൈക്കോത്രില്ലറായ ഒരു സിനിമ ഗ്രാഫിക്സോ മറ്റു നവസാധ്യതകളോ ഇല്ലാതെ കലാസംവിധാനം, ക്യാമറ, പശ്ചാത്തല സംഗീതം എന്നിവയുടെ മികവിൽ പൂർത്തീകരിക്കാൻ സഹായിച്ച സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും ഫാസിൽ വാചാലനായി– "ഒരു സിനിമ എടുക്കുമ്പോൾ അതിലൊരു സസ്പെൻസ് ഉണ്ടാകും. അതു പൊളിയാതെ വേണം ചിത്രം കൊണ്ടു പോകാൻ. മണിച്ചിത്രത്താഴിൽ ഗംഗയിലെ മനോരോഗിയെ ഡോക്ടർ സണ്ണി തിരിച്ചറിയുന്നത് തെക്കിനിയിൽ വച്ചു ഗംഗ ആഭരണങ്ങൾ കാണിച്ചു കൊടുക്കുമ്പോഴാണ്. 

യഥാർത്ഥത്തിൽ സിനിമയുടെ സസ്പെൻസ് അവിടെ പൊളിയും. എന്നാൽ, സിനിമയുടെ സാങ്കേതികത നമ്മെ രക്ഷിക്കാനെത്തും. ആ രംഗത്തു ഞാൻ ക്യാമറ വെയ്ക്കാൻ നിർദേശിച്ചത് ഗംഗയുടെ പിൻഭാഗത്താണ്. ഗംഗയുടെ മുഖം അതിൽ വ്യക്തമല്ല. ഗംഗയിൽ നിന്നു സ്ഫുരിക്കുന്ന ഭ്രാന്തിന്റെ ലക്ഷണങ്ങൾ മോഹൻലാലിന്റെ മുഖത്തെ ഭാവങ്ങളിലൂടെ പ്രകടമാകരുത്. അതുകൊണ്ട്, അവിടെ ഷാഡോ ഇടാൻ ക്യാമറമാനോടു പറഞ്ഞു. അങ്ങനെ അവിടെ ഷാഡോ ഇട്ടു മോഹൻലാലിന്റെ മുഖവും അൽപം മറച്ചു." 

ഏറ്റവും ഒടുവിലാണ് മോഹൻലാലിനെ തീരുമാനിക്കുന്നത്. കുറച്ചു വർഷത്തെ പ്രവർത്തിപരിചയമുള്ള മനോരോഗ വിദഗ്ദരെ സാധാരണ കാണുമ്പോൾ അവർക്ക് അൽപം വട്ടുണ്ടോ എന്നു നമുക്ക് തോന്നിപ്പോകും. ഇത്രയും ഗഹനമായ കഥ പറയുമ്പോൾ അതിനെ നർമ്മത്തിലൂടെ കൊണ്ടുപോകുന്ന ഒരു മനോരോഗ വിദഗ്ദനെയാണ് എനിക്കു വേണ്ടിയിരുന്നത്. അങ്ങനെയാണ് മോഹൻലാലിലേക്ക് എത്തുന്നത്, ഫാസിൽ വെളിപ്പെടുത്തി. 

എന്നെ കുഴപ്പിച്ച ചിത്രം: നെടുമുടി വേണു

"ഞാൻ കുഴഞ്ഞു പോയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. എന്നോടു കാഥ പറയുമ്പോൾ സിനിമ പൂർണമായും ഫാസിലിന്റെ മനസിൽ ഉണ്ടായിരുന്നില്ല. കഥ കേട്ടപ്പോൾ തന്നെ ഞാൻ വല്ലാത്തൊരു അവസ്ഥയിലായി. ഇതെങ്ങനെ ഒരു സിനിമ ആക്കിയെടുക്കുമെന്നായിരുന്നു എന്റെ ചിന്ത. ആയിരം സംശയങ്ങളുണ്ടായിരുന്നു എന്റെ മനസിൽ. ആ സംശയങ്ങളോടെയാണ് ഞാൻ അഭിനയിച്ചതും. എന്നാൽ, അതുവരെ മലയാള സിനിമയിൽ കിട്ടാതിരുന്ന സ്വീകാര്യത എനിക്ക് മണിച്ചിത്രത്താഴ് നേടിത്തന്നു," നെടുമുടി വേണു പങ്കു വച്ചു. 

മുൻധാരണ തിരുത്തിയ വിജയചിത്രം: വിനയ പ്രസാദ്

സിനിമയെക്കുറിച്ചുള്ള മുൻധാരണകൾ തിരുത്തിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ് എന്ന് നീന പ്രസാദ് ഓർക്കുന്നു. "ഇത്രയും വലിയ സിനിമയാകും മണിച്ചിത്രത്താഴ് എന്നു ഞാൻ കരുതിയിരുന്നില്ല. ഒരു നായകനെയും നായികയെയും വച്ചു കഥ പറയുമ്പോൾ സാധാരണ രീതിയിൽ കുറെ കോമ്പിനേഷൻ രംഗങ്ങൾ ഉണ്ടാകും... പാട്ടുകളുണ്ടാകും... അഭിനയ സാധ്യതയുള്ള രംഗങ്ങളുണ്ടാവും... 

പക്ഷേ, ഈ ചിത്രത്തിൽ അങ്ങനെ ഒന്നും ഇല്ലായിരുന്നു. എന്നോടു പറയുന്നത്, വെറുതെ നടന്നു വന്നു അവിടെയുള്ള ആട്ടുകട്ടിലിൽ ഇരുന്നാൽ മതി... കൈ കാണിച്ചാൽ മതി എന്നൊക്കെയാണ്. ഏതു മൂഡിൽ ഇതൊക്കെ ചെയ്യണം എന്നു ചോദിച്ചപ്പോൾ സാധാരണ രീതിയിൽ ചെയ്താൽ മതിയെന്ന മറുപടിയാണ് ലഭിച്ചത്. ഫാസിൽ സാറിനെക്കുറിച്ച് ധാരാളം കേട്ടിരുന്നതുകൊണ്ട് ഇതൊരു പരീക്ഷണചിത്രം ആയിരിക്കുമെന്നു കരുതി. എന്നാൽ എന്റെ ധാരണ തിരുത്തി മണിച്ചിത്രത്താഴ് വലിയൊരു വിജയചിത്രമായി," വിനയ പ്രസാദ് പറഞ്ഞു.   

ഒരു വർഷം തിയറ്ററിൽ ഓടിയ ചിത്രം

ഒരു വർഷം മുഴുവനും തിരുവനന്തപുരം ശ്രീകുമാർ തിയറ്ററിൽ മണിച്ചിത്രത്താഴ് പ്രദർശിപ്പിച്ചു. ഒരു പ്രാവശ്യം കണ്ടവരൊക്കെ വീണ്ടും വീണ്ടും വന്നു കണ്ടു. കാരണം, ആദ്യകാഴ്ചയിൽ പൂർണമായും ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നു ചിലർക്കു തോന്നിക്കാണണം. അല്ലെങ്കിൽ, ഇനിയുമെന്തൊക്കെയോ ചിത്രത്തിൽ കാണാൻ വിട്ടുപോയെന്ന തോന്നൽ ഉണ്ടായിട്ടുണ്ടാകും. എന്തായാലും, അവർ കുടുംബവുമായാണ് പിന്നീട് സിനിമ കാണാനെത്തിയത്. ഈ സിനിമ തൊണ്ണൂറു തവണ കണ്ടെന്നു പറഞ്ഞു കത്തെഴുതിയ കൊല്ലത്തു നിന്നുള്ള സിനിമാപ്രേമിയെ നിർമാതാവ് സർഗചിത്ര അപ്പച്ചൻ ഇപ്പോഴും ഓർക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA