sections
MORE

അപമാനിക്കപ്പെട്ടിട്ടുണ്ട്, അവരെക്കാൾ നല്ല നിലയിലാണ് ഇപ്പോൾ: തുറന്നുപറഞ്ഞ് ടൊവീനോ

tovino
SHARE

ആദ്യമായി ഒരു സിനിമയിൽ മുഖം കാണിക്കാൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ടൊവിനോ തോമസ്. മലയാള സിനിമക്ക് പറ്റിയ മുഖമല്ല എന്നുപോലും പറഞ്ഞവരുണ്ട്. പലപ്പോഴും അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും ടൊവിനോ മനോരമ ന്യൂസ് നേരെ ചൊവ്വെയിൽ പറഞ്ഞു. 

Tovino Thomas Nere Chovve

‘സിനിമ എന്നതുതന്നെ ഒരു പോരാട്ടമാണ്. ആദ്യമായി ഒരു സിനിമയിൽ മുഖം കാണിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് പേരെ കണ്ടു. മലയാളസിനിമക്ക് പറ്റിയ മുഖമല്ലെന്ന് പോലും പറഞ്ഞവരുണ്ട്. സംവിധായകരെന്ന് സ്വയം പരിചയപ്പെടുത്തിയ ചില വ്യാജന്മാരെയും കണ്ടിട്ടുണ്ട്. അവസരം വേണമെങ്കിൽ പണം വേണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. വീട്ടിൽ വലിയ താത്പര്യമുണ്ടായിട്ടല്ല സിനിമയിൽ അഭിനയിക്കാൻ വരുന്നത്, കയ്യിൽ പണമില്ല എന്നുപറഞ്ഞപ്പോൾ എത്ര തരാൻ പറ്റും എന്ന് ചോദിച്ചവരുണ്ട്.’

‘ഒടുവിൽ സിനിമയിൽ മുഖം കാണിക്കാൻ പറ്റി. മുഖം കാണിച്ചശേഷം ശ്രദ്ധിക്കപ്പെടുന്ന ഡയലോഗുള്ള ഒരു കഥാപാത്രം ചെയ്യാനുള്ള പരിശ്രമമായി പിന്നീട്. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്. ചപ്പാത്തി ചോദിച്ചപ്പോൾ, 'അപ്പുറത്ത് ചോറുണ്ടാകും, വേണമെങ്കിൽ പോയി കഴിക്കെടാ' എന്ന് പറഞ്ഞവരുണ്ട്. മേക്കപ്പ് മാറ്റാന്‍ മുഖം തുടക്കാൻ വെറ്റ് ടിഷ്യു ചോദിച്ചപ്പോൾ 'പൈപ്പുവെള്ളത്തിൽ കഴുകിക്കളയെടാ' എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്.

Tovino Thomas Nere Chovve Part 2

എല്ലാക്കാലത്തും അപമാനിക്കപ്പെട്ടിട്ടുണ്ട്. വേറൊരു തരത്തിൽ അതൊക്കെ ഊർജമായിട്ടുണ്ട്. കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതിന് ചീത്ത വിളിച്ചവരുണ്ട്. ഇതെല്ലാം ഞാൻ ഓർത്തുവെക്കാറുണ്ട്. ആർക്കുമുള്ള മുന്നറിയിപ്പല്ല ഇത്. എന്നെ അപമാനിച്ചവരോട് മാന്യമായായാണ് ഇപ്പോൾ പെരുമാറുന്നത്. അവരെക്കാൾ നല്ല നിലയിലാണ് ഞാനിപ്പോൾ ഉള്ളത്. അതുകൊണ്ട് അവരോട് മോശമായി പെരുമാറി പ്രതികാരം ചെയ്യണം എന്നൊന്നുമില്ല. മാന്യമായി പെരുമാറുന്നതിലുമുണ്ടല്ലോ ഒരു മധുരപ്രതികാരം–ടൊവിനോ പറഞ്ഞു. 

അക്കാര്യത്തിൽ പൃഥ്വിരാജിനോട് വിയോജിപ്പ്

'പൃഥ്വിരാജിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം മാത്രമല്ല, സിനിമക്കകത്തും പുറത്തുമുള്ള ഒരുപാട് ആളുകൾ റോൾ മോഡൽ സ്ഥാനത്തുണ്ട്. ഒരുപാട് പേരിൽ നിന്ന് ഇഷ്ടപ്പെട്ട കാര്യങ്ങൾ പഠിക്കാനിഷ്ടമുള്ള ആളാണ് ഞാൻ.

''ഞങ്ങൾ ഒരിക്കലും ഒരുപോലുള്ള ആളുകളല്ല. എന്നെക്കാളും ഇച്ഛാശക്തിയും അറിവുമുള്ള മനുഷ്യനാണ് അദ്ദേഹം. പക്ഷേ സിനിമയെ സ്നേഹിക്കുന്ന കാര്യത്തിൽ സമാനതകളുണ്ട്. മലയാള സിനിമ മലയാളിപ്രേക്ഷകർക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെടേണ്ട ഒന്നല്ല, അത് ലോകം മുഴുവൻ എത്തിക്കേണ്ട ഒന്നാണ് എന്ന ചിന്താഗതി തന്നെയാണ് എന്റെയും. അതിനുള്ള കലാകാരന്മാരും സാങ്കേതിക വിദഗ്ധരും ഇവിടെയുണ്ടെന്ന് എനിക്കാദ്യം മനസ്സിലാക്കിത്തന്നത് പൃഥ്വിയാണ്.

''സ്ത്രീവിരുദ്ധമെന്നു തോന്നാവുന്ന ഡയലോഗുപോലും സിനിമയില്‍ പറയില്ല എന്ന പൃഥ്വിരാജിന്‍റെ നിലപാടിനോട് യോജിപ്പില്ല. തിരക്കഥ ആവശ്യപ്പെടുന്ന എന്തും നടന്‍ ചെയ്യണം. അതിനു നടനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. നടിമാരുടെ കൂട്ടായ്മയോ അമ്മ സംഘടനയോ പൂര്‍ണ്ണമായും ശരിയാണ് എന്നു പറയാന്‍ താനില്ല. രണ്ടുപക്ഷത്തും ന്യായമുണ്ട്.  എന്നാല്‍ ന്യായം മാത്രമല്ല ഉള്ളത്– ടൊവിനോ തോമസ് പറഞ്ഞു.

എന്തിനാണ് മമ്മൂക്കയെ പഴിക്കുന്നത്

എന്തിനാണ് മമ്മൂക്കയെ പഴിക്കുന്നത്? ആ സിനിമയിൽ അത്തരമൊരു ഡയലോഗ് പറയില്ല എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിൽ എങ്ങനെയാണ് ആ കഥാപാത്രത്തോട് നീതി പുലർത്താനാകുക? ഏൽപ്പിച്ച ജോലി ചെയ്യുക എന്നതാണ് നടന്റെ ഉത്തരവാദിത്തം. വ്യക്തിജീവിതത്തിൽ മമ്മൂക്ക എങ്ങനെയാണ് എന്നതല്ലേ പ്രധാനം. ഒരാളോടെങ്കിലും അദ്ദേഹം മോശമായി പെരുമാറിയെന്ന് കേട്ടിട്ടുണ്ടോ? പിന്തെന്തിനാണ് സിനിമയിലെ ഒരു സീനിന്റെ പേരിൽ അദ്ദേഹത്തെ ആക്രമിക്കുന്നത്''- ടൊവിനോ ചോദിക്കുന്നു. 

നിവിനുമായി മത്സരമില്ല

''ഞാനും നിവിനും ചെയ്യുന്നത് ഒരുപോലെയുള്ള സിനിമകളല്ല. പലതരം സിനിമകളാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങൾ തമ്മിൽ വലിയ മത്സരമാണ് ഈ രംഗത്ത് നിലനിൽക്കുന്നത് എന്ന് ഞാനും കേട്ടിട്ടുണ്ട്. അത് ശരിയല്ല. നിവിനോട് ചോദിച്ചാൽ അദ്ദേഹവും ഇത് തന്നെയാണ് പറയുക. 

ഞങ്ങൾ തമ്മിലെന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നാണ് പലരുടെയും ധാരണ. അടുത്തിടെ തിരുവനന്തപുരത്ത് ലൂസിഫറിന്റെ സെറ്റിൽ വെച്ച് ഞങ്ങൾ കണ്ടിരുന്നു. എന്റെ മുറിയിലായിരുന്നു അദ്ദേഹം. ഞങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവരാറുണ്ട്. ഇതൊക്കെ കണ്ടിട്ടും ഞങ്ങൾ തമ്മിൽ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് വിശ്വസിക്കാനാണ് ആളുകൾക്ക് ഇഷ്ടം. എന്തുകൊണ്ടാണ് ഇതെന്ന് അറിയില്ല. 

സിനിമയിൽ ആരോടും മത്സരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മത്സരിക്കാൻ വേണ്ടി ഒരു സിനിമയിൽ അധികമായി എന്തുചെയ്യാൻ കഴിയും.? എന്തായാലും ഒരു കഥാപാത്രത്തിന് വേണ്ടി ഞാനെന്റെ 100 ശതമാനം നൽകും, പരമാവധി ചെയ്യും. അതല്ലാതെ മത്സരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല''- ടൊവിനോ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA