sections
MORE

വിശാൽ വിവാഹിതനാകുന്നു, വധു വരലക്ഷ്മിയല്ല; സ്ഥിരീകരിച്ച് താരം

vishal-anisha
SHARE

തമിഴിലെ യുവതാരവും നടികർ സംഘം തലവനുമായ വിശാൽ വിവാഹിതനാകുന്നുവെന്ന വാർത്ത അമ്പരപ്പോടെയായിരുന്നു പ്രേക്ഷകർ കേട്ടത്. വർഷങ്ങളോളം വിശാലുമായി പ്രണയത്തിലായിരുന്ന വരലക്ഷ്മി ശരത്കുമാറല്ല താരത്തിന്റെ വധുവെന്നതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഹൈദരാബാദ് സ്വദേശിനിയായ അനിഷയെയാണ് 41 കാരനായ താരം വിവാഹം കഴിക്കുന്നുവെന്നായിരുന്നു വാർത്തകൾ. പിതാവും നിർമാതാവുമായ ജി.കെ. റെഡ്ഢി മകൻ ഉടൻ വിവാഹിതനാകുന്നുവെന്ന കാര്യം സ്ഥിരീകരിച്ചുവെങ്കിലും വധു ആരാണെന്ന് പറഞ്ഞതുമില്ല. 

ഇപ്പോഴിതാ വിവാഹവാർത്ത സ്ഥിരീകരിച്ച് വിശാൽ തന്നെ നേരിട്ടെത്തി. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

‘അതെ ഞാൻ വിവാഹിതനാകുകയാണ്, അനീഷ എന്നാണ് പെണ്‍കുട്ടിയുടെ പേര്. വിവാഹനിശ്ചയവും വിവാഹവും എന്നു വേണമെന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളാകുന്നേയുള്ളൂ. വെള്ളിയാഴ്ച്ച ഇരു കുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കും. ഫെബ്രുവരി 2നു ശേഷം എന്നു വേണമെങ്കിലും നടക്കാം. ഔദ്യോഗികമായി അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും. വാര്‍ത്ത പുറത്തുവന്നത് ഞങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്നാണ്. എന്നാല്‍ ഞങ്ങള്‍ കുറേ നാളുകളായി പ്രണയത്തിലായിരുന്നു. അധികമാര്‍ക്കും അറിയാത്ത കാര്യമായിരുന്നു അത്.–വിശാൽ പറഞ്ഞു.

വിവാഹം ചെന്നൈയില്‍ വച്ചായിരിക്കും. ഓഗസ്‌റ്റോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ വിവാഹം ഉണ്ടാകും. ആ തീരുമാനത്തില്‍ മാറ്റമില്ല.' വിശാലിന്റെ വാക്കുകള്‍. നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായതിന് ശേഷമാകും തന്റെ വിവാഹമെന്ന് വിശാൽ പൊതുവേദിയിൽ നേരത്തെ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

ഹൈദരാബാദില്‍ ബിസിനസുകാരനാ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനീഷ. അനീഷയുടെ ചിത്രങ്ങൾ തമിഴ്മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

വിശാലിന്റെ വിവാഹവാർത്ത സ്ഥിരീകരിച്ച് മുൻകാമുകി വരലക്ഷ്മി ശരത്കുമാറും രംഗത്തുവന്നിരുന്നു. വിശാലിന്റെ വിവാഹത്തെ കുറിച്ച് തനിക്കു അറിവുണ്ടായിരുന്നതായി വരലക്ഷ്മി പറഞ്ഞതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിശാൽ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ എനിക്ക് അറിയാം. നടികർ സംഘത്തിന്റെ കെട്ടിടം പണി കഴിഞ്ഞതിന് ശേഷം മാത്രമേ അദ്ദേഹം വിവാഹം കഴിക്കൂ- വരലക്ഷ്മി പറഞ്ഞു.

വർഷങ്ങളോളം വിശാലുമായി ചേർത്തു ഗോസിപ്പുകോളങ്ങളിൽ ഇടം നേടിയ താരമാണ് വരലക്ഷ്മി. വരലക്ഷ്മിയല്ലാതെ മറ്റൊരാളുമായി ചേർത്ത് വിവാഹ വാർത്ത പ്രചരിക്കുന്നത് ആരാധകരെ ആശങ്കയിലാഴ്ത്തി. എന്നാൽ വരലക്ഷമിയും ഉടൻ വിവാഹിതയാകാൻ പോകുന്നുവെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച്  വരലക്ഷ്മി തന്നെ രംഗത്തു വന്നു. ആര്‍ക്കും പ്രയോജമില്ലാത്ത ചില ആളുകള്‍ പതിവുപോലെ തനിക്കെതിരെ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്ന് ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം..’ എന്നെ തളര്‍ത്താന്‍ ആകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മി വിശാലിന്റെ വിവാഹ വാർത്തയ്ക്ക പിന്നാലെ പ്രതികരിച്ചു. 

സഹസംവിധായകനായി സിനിമയിലെത്തി നായകനും സൂപ്പർ താരവുമായി വളർന്ന വിശാലും യുവനായികയും സൂപ്പർതാരം ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയും തമ്മിലുള്ള പ്രണയം ഏറെക്കാലം ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ചേരുവയായിരുന്നു. ഇരുവരും ഇതിൽ വ്യക്തത വരുത്താതിരുന്നതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA