ആ ഡയലോഗ് ലാലിനെതിരെയല്ല: പിന്‍ഗാമിക്ക് സംഭവിച്ചത്; സത്യൻ അന്തിക്കാട്

fahadh-sathyan-mohanlal
SHARE

ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം..സത്യൻ അന്തിക്കാട്, മോഹൻലാൽ ശ്രീനിവാസൻ ത്രയം സമ്മാനിച്ച് ക്ലാസിക് ഹിറ്റുകളാണിവ. പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട്–ശ്രീനിവാസൻ കൂട്ടുകെട്ടിൽ 'ഞാൻ  പ്രകാശൻ' എത്തിയപ്പോഴും പ്രേക്ഷകർക്ക് അറിയേണ്ടത് മൂവരും ഒന്നിക്കുന്ന ചിത്രം ഇനിയെപ്പോഴാണ് എന്നായിരുന്നു. ആ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ‍ഒരു ഡിജിറ്റൽ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട്. 

Sathyan Anthikad Interview

‘ഞാൻ പ്രകാശന് വേണ്ടി അത്തരമൊരു ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാൽ കഥ വന്നുചേർന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആൾ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.’

''മോഹൻലാലും ശ്രീനിവാസനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്.  വാട്സ്ആപ്പിൽ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിർദോഷമായ ഒരു തമാശ പോലും മോഹൻലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസൻ പറഞ്ഞാലും ലാലിനെ കളിയാക്കാൻ ഞാൻ സമ്മതിക്കില്ലല്ലോ’. 

''ഫഹദിന്റെ കഥാപാത്രം 'വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്പോൾ 'അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും' എന്ന് ശ്രീനി മറുപടി നൽകുന്ന സീനുണ്ട്. അത് മോഹൻലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹൻലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി, തിരിച്ചും അങ്ങനെ തന്നെയാണ്. അവര്‍ക്ക് പരസ്പരം തല്ലാനും ചീത്തപറയാനും ഒക്കെ അധികാരമുണ്ട്," സത്യൻ അന്തിക്കാട് പറഞ്ഞു.

"ഞാൻ പ്രകാശൻ ഇപ്പോള്‍ സൂപ്പർഹിറ്റായി ഓടുന്നു. ഒരിക്കലും വിജയം അനായാസമായി ഉണ്ടാകുന്നില്ല. വലിയൊരു ഹോം വർക്ക് അതിനു പിന്നിലുണ്ട്. ഒന്നര വർഷത്തോളം പുതിയ സിനിമയ്ക്കായി ഞാനും ശ്രീനിയും പ്രവർത്തിച്ചിരുന്നു. മൂന്നുകഥകൾ ഏകദേശം പൂർത്തിയായിട്ടും അവസാനനിമിഷം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ഇത് നാലാമത്തെ കഥയാണ്. പതിനാറ് വർഷത്തിനു ശേഷമാണ് ഞങ്ങൾ ഒന്നിക്കുന്നത്, അതുകൊണ്ട് തന്നെ ആളുകൾ തമാശ പ്രതീക്ഷിക്കും. അങ്ങനെയാണ് പലകഥകളും മാറ്റിവെച്ചത്. അവസാനം കഥ തേടി എവിടെയും പോകേണ്ടന്ന തീരുമാനമെടുത്തു. 2018 ലെ ഒരു ചെറുപ്പക്കാരനെ പിന്തുടരുക. മലയാളിപ്പയ്യൻ. അവനെ പിന്തുടർന്നാൽ രസകരമായ കഥ കിട്ടും. അങ്ങനെയാണ് സിനിമയ്ക്ക് ആദ്യം മലയാളി എന്ന പേരിട്ടത്," സത്യൻ അന്തിക്കാട് പറഞ്ഞു. 

‘മലയാളികളുടെ സ്വഭാവങ്ങളെപ്പറ്റിയും, ഞങ്ങൾക്കു തന്നെ സംഭവിച്ചിട്ടുള്ള അബദ്ധങ്ങളെപ്പറ്റിയും ചിന്തിച്ചു തുടങ്ങി. അത്തരം രംഗങ്ങൾ വർക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ പ്രകാശന്റെ കഥാപാത്രം രൂപപ്പെട്ടു. പിന്നെയാണ് മലയാളി എന്ന പേരിൽ പണ്ടൊരു സിനിമ ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞത്. അതുകൊണ്ട്, സിനിമയുടെ പേരു മാറ്റാമെന്നു ആലോചിക്കുകയും, ഇതിനു വലിയ ചിന്തോദ്ദീപകമായ പേരൊന്നും ആവശ്യമില്ലെന്നു തോന്നുകയും ചെയ്തു. പ്രകാശൻ പ്രകാശനായി മാറുന്നതാണ് കഥ. അപ്പോൾ ഞാൻ പ്രകാശൻ എന്നു പേരിടാം എന്ന തീരുമാനത്തിലെത്തി, സത്യൻ അന്തിക്കാട് സിനിമയുടെ പേരിനു പിന്നിലെ ചിന്തകൾ പങ്കു വച്ചു’. 

വിമർശനങ്ങളെക്കുറിച്ച്

"കണ്ടം ചെയ്യാറായ രണ്ടു വണ്ടികളാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും എന്നൊക്കെ വിമർശനങ്ങൾ ഈ സിനിമ ഇറങ്ങിയപ്പോഴും കേട്ടു. എല്ലാവരും നല്ലതു പറയുന്നു, എന്നാൽ കുറച്ചു മോശം പറഞ്ഞേക്കാം എന്നു വിചാരിക്കുന്നതു ചില മലയാളി ശീലങ്ങളിൽപ്പെട്ടതാണ്. ഇത്തരം വിമർശനങ്ങൾ കേൾക്കുമ്പോൾ ചിരിയാണ് വരിക."

"എന്റെ പാടത്തു ഇപ്പോൾ നടാൻ വരുന്നതൊക്കെ ബംഗാളികളാണ്. ശ്രീനിവാസനും കൃഷിയൊക്കെ ഉള്ള ആളാണ്. സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്, സ്വന്തം നാട്ടിൽ കൃഷിപ്പണി ചെയ്യില്ല... അന്യനാട്ടിൽപോയി കണ്ടവന്റെ കക്കൂസ് കഴുകും എന്ന്. വിമർശകർ ചോദിക്കുന്നത്, ചാത്തനെന്നും കന്നു പൂട്ടുകയും, കാളി എന്നും പുല്ലു ചെത്തുകയും വേണം എന്നതാണോ സിനിമ കാണിക്കുന്നത് എന്നാണ്. ഞങ്ങൾ ദന്തഗോപുരത്തിലിരുന്നു സിനിമ എടുക്കുന്നവരാണ് എന്നു അവർ കരുതുന്നു. അവർ അന്തിക്കാട് വന്നു നോക്കണം. സിനിമ ചിലപ്പോൾ ഒരു വർഷം കൂടുമ്പോഴോ ഒന്നരവർഷം കൂടുമ്പോഴോ ഒക്കെയാണ് ചെയ്യുന്നത്. ബാക്കി സമയം കൃഷിയാണ്’. ‌‌

‘എന്റെ വീട്ടിൽ കൃഷിപ്പണി ചെയ്യുന്നത് ഞാനും എന്റെ ഭാര്യയും ചേർന്നാണ്. 14 ഏക്കർ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് ശ്രീനിവാസൻ. വിമർശിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ചിന്തിക്കാതെ, സിനിമയുടെ മേന്മകളൊന്നും മനസിലാക്കാതെ ചുമ്മാ ഞെളിഞ്ഞിരുന്നു വിമർശിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതും മലയാളിയുടെ ദുഃസ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ്. അത്തരം മലയാളിയുടെ സ്വഭാവങ്ങളെയാണ് പ്രകാശനിലൂടെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചത്," സത്യൻ അന്തിക്കാട് വ്യക്തമാക്കി. 

ഫഹദിന്റെ അഭിനയം

ഫഹദ് അഭിയിക്കുകയാണെന്ന് തോന്നുകയില്ല. എന്റെ സിനിമകളിൽ കണ്ട ആളല്ല യഥാർഥ ഫഹദ്. അദ്ദേഹം ഫാസിലിന്റെ മകനായി ജനിക്കുകയും ഊട്ടിയിൽ സ്കൂളിൽ പഠിക്കുകയും അമേരിക്കയിൽ ഉപരിപഠനം നടത്തുകയും ചെയ്ത ആളാണ്. അങ്ങനെയൊരാൾ ഒരു സദ്യയ്ക്ക് ഇരുന്ന് കയ്യില്‍ ഉരുള ഉരുട്ടി ഉണ്ടിട്ടുണ്ടെന്ന് പോലും ഞാൻ വിശ്വസിക്കുന്നില്ല. ആ കഥാപാത്രമായി മാറിക്കഴിഞ്ഞാൽ അദ്ദേഹം അദ്ഭുതപ്പെടുത്തും. അപാരമായ പകർന്നാട്ടമാണത്.

പഴയ മോഹന്‍ലാലിനെ ഞാൻ പ്രകാശൻ ഓർമിപ്പിക്കുന്നുവെന്ന് പലരും പറഞ്ഞു. മോഹ‍ൻലാലിനെ അനുകരിക്കുകയല്ല, ആ അനായാസമായ അഭിനയശേഷി ഫഹദിന് കിട്ടിയെന്നതാണ് അതിലെ വസ്തുത.

ദുൽഖർ

ദുൽഖർ സൽമാന് സിനിമയോടുള്ള പ്രതിബദ്ധതയാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. ഒരു ഷോട്ടിന് അല്ലെങ്കിൽ സീനിന് വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമം അത്രത്തോളം വലുതാണ്. അയാൾ അച്ഛന്റെ മകൻ തന്നെയാണ്.

മോഹൻലാലിന്റെ പിൻഗാമി

ഹ്യൂമറോ ആക്‌ഷനോ നിറഞ്ഞ സിനിമകൾ ചെയ്യണമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. എന്നെ ആ സമയത്ത് ആകർഷിക്കുന്ന പ്രമേയമെന്താണോ അതാണ് സിനിമയാക്കുക. രഘുനാഥ് പലേരി ഒരുദിവസം വീട്ടിൽ വന്നപ്പോൾ ചെറുകഥ എന്നോട് പറഞ്ഞു. ‘കുമാരേട്ടൻ പറയാത്ത കഥ’ എന്നായിരുന്നു കഥയുടെ പേര്. അദ്ദേഹത്തിന് ഇതൊരു മാസികയിൽ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആഗ്രഹം. കഥ കേട്ടപ്പോൾ ഞാനാണ് ഇത് സിനിമയാക്കാമെന്ന് പറയുന്നത്. 

അതിന്റെയൊരു ആവേശം എനിക്കുണ്ടായിരുന്നു. ആ സിനിമ അന്നത്തെ വ്യത്യസ്തമായ സിനിമയായിരുന്നെവന്ന് ഞാൻ വിശ്വസിക്കുന്നു. പിൻഗാമി റിലീസ് ചെയ്ത സമയത്ത് കൂടുതൽ പ്രചാരം നേടാതെ പോയത് ഇതിനൊപ്പം റിലീസ് ചെയ്ത സിനിമയുടെ പ്രത്യേകത കൊണ്ടാണ്. പിൻഗാമി റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കു ശേഷം തേന്മാവിൻ കൊമ്പത്ത് റിലീസായി.

എന്റെ വീട്ടുകാരടക്കം ആദ്യം കാണാൻ ഉദ്ദേശിക്കുക തേന്മാവിൻ കൊമ്പത്ത് ആണ്. കാരണം മോഹൻലാലിന്റെ തമാശകളാണ് അതിൽ നിറയെ. എന്നാൽ നല്ല സിനിമകൾ കാലത്തിനപ്പുറത്തം നിലനിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. സന്ദേശം സിനിമയൊക്കെ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA