വൈശാലിയിലെ ഡയലോഗ് പറയാൻ ബുദ്ധിമുട്ടിയപ്പോൾ ‘റം’ തന്ന വാസുവേട്ടൻ: ബാബു ആന്റണി പറയുന്നു

SHARE

നീട്ടി വളർത്തിയ മുടിയും ഉറച്ച ശരീരവും പതിഞ്ഞ ശബ്ദവുമായി ബാബു ആന്റണി മലയാള സിനിമയിലേക്ക് നടന്നു കയറിയിട്ട് 33 വർഷങ്ങൾ പിന്നിടുകയാണ്. കോടമ്പാക്കത്തു നിന്ന് ഒരുപാടു ദൂരെ പൊൻകുന്നം എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്ന ബാബു ആന്റണിക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമായിരുന്നു സിനിമ. ഛായാഗ്രാഹകനാകാൻ മോഹിച്ച് ഒടുവിൽ അഭിനേതാവായി തന്റെ സ്വപ്നം കീഴടക്കിയ ബാബു ആന്റണി മനോരമ                        ഒാൺലൈനിനോട് മനസ്സു തുറക്കുന്നു. 

‘ചെറുപ്പത്തിൽ ചിത്രരചനയും പെയിന്റിങ്ങും താൽപര്യമുള്ള ആളായിരുന്നു ഞാൻ. പിന്നെ എനിക്ക് മനസിലായി വരയ്ക്കുന്നതിലും എളുപ്പം ഫൊട്ടോഗ്രഫിയാണെന്ന്.  പിന്നീട് സിനിമറ്റോഗ്രഫി പഠിക്കണമെന്ന് ആഗ്രഹം വന്നു. പൂനെയിൽ എംബിഎ ചെയ്യുമ്പോൾ അവിടെയുള്ള എഫ്ടിഐയിൽ ചേരാൻ ശ്രമിച്ചു. അപ്പോഴാണ് അവിടെ ചേരാനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ മാറ്റിയത്. പിന്നെ ആ സ്വപ്നം ഉപേക്ഷിച്ചു. പക്ഷേ സിനിമ പിന്നെയും എനിക്കൊപ്പം വന്നു. എന്റെ രൂപവും ഭാവവുമൊക്കെ അഭിനേതാവിന് പറ്റിയതാണെന്ന് പലരും പറഞ്ഞു. അങ്ങനെ അഭിനയത്തിലൂടെ വീണ്ടും സിനിമ എന്ന സ്വപ്നത്തിലേക്ക് വന്നു. ’ ബാബു ആന്റണി പറയുന്നു. 

സംവിധായകൻ ഭരതനെക്കുറിച്ചും വൈശാലിയിലെ കഥാപാത്രത്തെക്കുറിച്ചും ബാബു ആന്റണി പറയുന്നത് ഇപ്രകാരമാണ്. ‘ഭരതേട്ടൻ ഒരു ജീനിയസ് ആണ്. ലോകത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടിക എടുത്താൽ ഭരതൻ അതിലുണ്ടാകമെന്ന് എനിക്കുറപ്പാണ്. അദ്ദേഹം ഒരു  സംഭവം തന്നെയണ്. ഓരോ കഥാപാത്രങ്ങൾക്കും പറ്റിയ ആളുകളെ കണ്ടുപിടിച്ച് കാസ്റ്റ് ചെയ്യുന്ന സ്വഭാവമാണ് പണ്ടുമുതലേ ഭരതേട്ടന് ഉള്ളത്. ഭരതേട്ടന്റെ സ്വപ്നം തന്നെയായിരുന്നു വൈശാലി എന്ന ചിത്രം. അധികം സിനിമകൾ ഒന്നും ചെയ്യാത്ത ഒരാളെ ഇത്രയും വലിയ ഒരു കഥാപാത്രം ഏൽപ്പിക്കുന്നത് എങ്ങനെയെന്ന് ഭരതേട്ടനോട് പലരും ചോദിച്ചു. ഒരു രാജ്യത്തെ രാജാവ് എന്ന് പറയുന്നത് ആ രാജ്യത്തെ ഏറ്റവും നല്ല യോദ്ധാവാണ്. ആ യോദ്ധാവിനൊരു ശരീരഭാഷയും ആകാരഭംഗിയും ഉണ്ട്. അത് ഇവനുണ്ട്, ബാക്കി ഞാൻ ചെയ്യിച്ചോളാം എന്നാണ് അവരോടൊക്കെ ഭരതേട്ടൻ പറഞ്ഞത്.’ 

babu-antony-vyshali

‘ഒരിക്കലും ഈ കഥാപാത്രത്തെ കുറിച്ച് കാര്യമായി അദ്ദേഹം എന്നോട് പറഞ്ഞിരുന്നില്ല. ഹത്യ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനായി ഞാൻ ബോംബെയിലായിരുന്നപ്പോൾ‌ ഭരതേട്ടൻ അവിടെ വന്നു. വൈശാലിയുടെയും ഋഷ്യശൃംഗന്റെയും കഥാപാത്രങ്ങൾ ചെയ്യാൻ ആളെ നോക്കുകയാണ് ഞാൻ, നിനക്ക് അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാൻ എനിക്ക് അറിയാവുന്ന കുറച്ചു പേരെ കണക്ട് ചെയ്തു കൊടുത്തു. അന്നൊന്നും ഞാൻ ഈ സിനിമയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ചിലപ്പോൾ നീ അഭിനയിക്കേണ്ടി വരും എന്ന് മാത്രമേ പറഞ്ഞുള്ളൂ. കാസ്റ്റിങ് എല്ലാം കഴിഞ്ഞ് മൈസൂരിൽ ഷൂട്ടിങ്ങ് ആരംഭിക്കുന്നുവെന്ന് അറിഞ്ഞു. അപ്പോഴാണ് ഭരതേട്ടൻ എന്നോട് മൈസൂരിലേക്ക് ചെല്ലാൻ പറയുന്നത്.  അങ്ങനെ മൈസൂരിൽ ചെന്നു. രാജാവിന്റെ വേഷം എടുത്ത് ഇടാൻ അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് വൈശാലിയിലെ വേഷം ലഭിക്കുന്നത്’ 

‘ഭരതേട്ടന്റെ സെറ്റ് ടെൻഷൻ ഇല്ലാത്ത സെറ്റാണ്. അദ്ദേഹം വളരെ ഫ്രണ്ട്‌ലി ആണ്. നീ അങ്ങോട്ട് ചെയ്യടാ എന്നൊരു ലൈൻ ആണ് അദ്ദേഹത്തിന്. മറ്റുള്ളവർ പറയുന്നത് ഒന്നും ശ്രദ്ധിക്കേണ്ട, ഇപ്പോൾ അഭിനയിക്കുന്നത് കറക്ടാണ്, ഇങ്ങനെതന്നെ ചെയ്തോ, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട് പറഞ്ഞാൽ മതി ഞാൻ പറഞ്ഞുതരാം എന്നാണ് അദ്ദേഹം പറഞ്ഞത്. സുപർണ, സഞ്ജയ്, വേണുചേട്ടൻ, അശോകൻ, വാസുവേട്ടൻ എല്ലാവരും നല്ല ഫ്രണ്ട്‌ലി ആയിരുന്നു.’ 

‘വാസുവേട്ടൻ (എം ടി വാസുദേവൻ നായർ) എല്ലാ ദിവസവും ഷൂട്ടിങ്ങ് സ്ഥലത്ത് വന്ന് നിൽക്കും. ഒന്നും മിണ്ടില്ല അദ്ദേഹം. മീശ പിരിച്ച് അങ്ങനെ നിൽക്കും. സിനിമയുടെ ക്ലൈമാക്സിൽ മഴ പെയ്യുന്ന രംഗമുണ്ട്. എന്റെ ശരീരം വല്ലാതെ തണുത്തു. മഴയും കാറ്റും എല്ലാം കൂടെ ആയപ്പോൾ വിറയ്ക്കാൻ തുടങ്ങി അവസാനത്തെ ഡയലോഗ് പറയുമ്പോൾ ചുണ്ടുകൾ തണുപ്പുകൊണ്ട് വിറച്ചു. രണ്ട് മൂന്ന് പ്രാവശ്യം ആക്‌ഷൻ പറഞ്ഞിട്ടും വിറയൽ മാറിയില്ല. അപ്പോഴാണ് എന്റെ പുറകിൽ വന്ന് ഒരാൾ തോളത്തു തട്ടുന്നത്. തിരിഞ്ഞു നോക്കിയപ്പോൾ സാക്ഷാൽ വാസുവേട്ടൻ. അദ്ദേഹത്തിന്റെ കയ്യിൽ ഒരു ഗ്ലാസിൽ പകുതി റം. അദ്ദേഹം തല കൊണ്ട് കുടിച്ചോളാൻ എന്ന മട്ടിൽ ഒരു ആംഗ്യം കാണിച്ചു. ഞാൻ അത് വാങ്ങി കുടിച്ചു, എന്നിട്ട് ഡയലോഗ് പൂർത്തീകരിക്കുകയും ചെയ്തു. അതുവരെയും നിശബ്ദനായി എല്ലാം കണ്ടുനിൽക്കുന്ന ആളായിരുന്നു അദ്ദേഹം.’ 

babu-antony

‘ചിലമ്പ് എന്ന സിനിമയിൽ വില്ലനായിട്ടായിരുന്നു എന്റെ അരങ്ങേറ്റം. ജയൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. കരാട്ടെയും കളരിയും തമ്മിലുള്ള മത്സരമാണ്. റഹ്മാനാണ് ഹീറോ. ആ സിനിമയിൽ അഭിനയിച്ചു. പിന്നെ ഭരതേട്ടന്റെ തന്നെ പ്രണാമം എന്ന സിനിമ ചെയ്തു. നിന്നെ കാണുന്നതിന് 5 വർഷം മുമ്പ് തന്നെ വൈശാലിയിലെ സ്കെച്ചുകൾ ചെയ്തിരുന്നു. രാജാവിന്റെ സ്കെച്ച് നിനക്ക് 100 % ചേർന്നിരുന്നു. പെട്ടെന്ന് വന്ന് കുറച്ച് സിനിമയിൽ അഭിനയിച്ചിട്ട് ഈ ഫീൽഡ് വിട്ട് പോകുന്ന ആളാണെന്ന് എനിക്ക് തോന്നി അതാണ് ചിലമ്പിലും പ്രണാമത്തിലും വേഷം തന്നത്. പക്ഷേ രാജാവായിരുന്നു മനസിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹം പിന്നീട് പറയുമായിരുന്നു.’ ബാബു അന്റണി ഒാർക്കുന്നു. 

babu-antony-4

‘സിനിമയിൽ നിന്ന് ഇടവേളയെടുത്ത കാലത്ത് ഞാൻ എന്റെ കുടുംബം വളർത്തിയെടുക്കുകയായിരുന്നു. വിവാഹമേ വേണ്ടെന്നു വെച്ചയാളായിരുന്നു ഞാൻ. പക്ഷേ പിന്നീട് ആ തീരുമാനമൊക്കെ മാറ്റി. ഇടക്കാലത്ത് എന്നെ പരിഹസിച്ച ഒരുപാട് ആളുകളുണ്ട്. അതിൽ സംവിധായകരും സുഹൃത്തുക്കളും ഉൾപ്പെടും. നിങ്ങൾ അഭിനയം നിർത്തുന്നതാണ് നല്ലത്, പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ല എന്ന് അവരൊക്കെ പറഞ്ഞു. പക്ഷേ കായംകുളം കൊച്ചുണ്ണിയിലെ തങ്ങൾ എന്ന കഥാപാത്രം എനിക്ക് പുതിയ ഉൗർജമാണ് നൽകിയത്. അഞ്ചോ ആറോ രംഗങ്ങൾ മാത്രമേ സിനിമയിൽ ഉള്ളൂ. എങ്കിലും ആ കഥാപാത്രത്തിന്റെ ഫീൽ അതിൽ കിട്ടിയിട്ടുണ്ട്. ജനങ്ങളിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചു. ഇനിയൊരു സിനിമ ചെയ്തില്ലെങ്കിലും പ്രശ്നമില്ല എന്നൊരു തോന്നൽ പോലുമുണ്ടായി’ അദ്ദേഹം കൂട്ടിച്ചേർത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA