കവിതയെഴുതിയ ചലച്ചിത്രകാരൻ

madhupal-leon
SHARE

ലോകം ഇടിഞ്ഞു വീണോട്ടേ, നമുക്ക് താങ്ങി നിർത്താമല്ലോ എന്നു പറയുന്ന ഒരു മനുഷ്യൻ- അതായിരുന്നു ലെനിൻ രാജേന്ദ്രൻ ! ജീവിതത്തെ ഇത്ര ലാഘവത്തോടെ സമീപിച്ച ഒരാളെ അപൂർവമായേ കണ്ടിട്ടുള്ളൂ. 20 വർഷം മുൻപു തിരുവനന്തപുരത്തെ പണ്ഡിറ്റ്സ് കോളനിയിൽ വന്നു താമസമാക്കിയ കാലം മുതൽ ഞങ്ങൾ അയൽവാസികളായിരുന്നു. ഞാൻ പിന്നീടു താമസം മാറിയെങ്കിലും ഹൃദയബന്ധത്തിന് ഒരു മാറ്റവുമുണ്ടായില്ല. 1990ൽ ഭരത് ഗോപിയുടെ ‘യമന’ത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ഞാൻ ചിത്രാഞ്ജലിയിൽ എത്തിയതു മുതൽ അദ്ദേഹത്തെ നിഴൽ പോലെ പിന്തുടർന്നിട്ടുണ്ട്. അദ്ദേഹം ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായിരിക്കുമ്പോൾ ഞാൻ ഡയറക്ടർ ബോർഡ് അംഗമായി അടുത്തുനിന്നു കണ്ടു.

പല കാര്യത്തിലും അദ്ദേഹത്തിനു മടിയുള്ളതായി പലരും പറയാറുണ്ട്. പക്ഷേ അതു വ്യക്തിപരമായ കാര്യങ്ങളിൽ മാത്രം. ഭക്ഷണം, രോഗം തുടങ്ങിയ കാര്യങ്ങളിൽ ആരെങ്കിലും നിർബന്ധിച്ചാൽ ‘പിന്നീടാകട്ടെ’ എന്നാകും മറുപടി. ഡോക്ടറെ കാണാമെന്നു പറഞ്ഞാൽ 'നാളെയാകട്ടെ' എന്നു പറയും. പകരം നേരെ കുതിക്കുന്നത് ഏതെങ്കിലും പ്രധാന യോഗത്തിലേക്കായിരിക്കും.

ലെനി‍ൻ രാജേന്ദ്രനെ ഞാൻ വിളിക്കുക ഒരു കവിയെന്നാണ്. സിനിമാപ്രവർത്തകനെന്നതിനുപരി കവിയായി അറിയപ്പെടാൻ ആഗ്രഹിച്ച മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. ഒഎൻവി, മധുസൂദനൻ നായർ തുടങ്ങിയ പ്രഗത്ഭരുടെ കവിതകളെ അദ്ദേഹം അഭ്രപാളികളിലെത്തിച്ചു. വേനൽ, മഴ, ദൈവത്തിന്റെ വികൃതികൾ അങ്ങനെ എത്രയോ സിനിമകളിൽ ആ കവിഹൃദയത്തെ നേരിട്ടു കാണാം. ഉള്ളിലുണ്ടായിരുന്ന കവിതയും സംഗീതവും കൊണ്ട് ഒരു നോവലോളം ദീർഘമായ വിഷയത്തെ ഒരു സിനിമയാക്കി അവതരിപ്പിക്കാൻ കഴിഞ്ഞു.

എൺപതുകളിൽ അദ്ദേഹം ചെയ്ത 'പ്രേംനസീറിനെ കാൺമാനില്ല' പോലെ തൊഴിലില്ലായ്മയെ ഇത്ര തീക്ഷ്ണമായി പ്രതിഫലിപ്പിച്ച ചിത്രം ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ടോയെന്നു സംശയമാണ്. ആൾദൈവങ്ങളെക്കുറിച്ച് അദ്ദേഹം സംവിധാനം ചെയ്ത 'വചനം' പോലൊരു സിനിമ ഇക്കാലത്തു ചിന്തിക്കാൻ പോലും കഴിയില്ല. ഇതിനെല്ലാം കാരണം അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരുന്ന എഴുത്തുകാരനാണ്. ഏതു വിഷയത്തെയും കൃത്യമായ കാഴ്ചപ്പാടെ സമീപിച്ചു. കവികളെപ്പോലെ ദർശനമുണ്ടാകുക എന്നൊക്കെ പറയാറില്ലേ, അത് ലെനിൽ രാജേന്ദ്രന് എന്തുകൊണ്ടും യോജിക്കും. അടിസ്ഥാനവർഗത്തിന്റെയും സാധാരണ സർക്കാർ ജീവനക്കാരുടെയും വേദനകൾ കണ്ടയൊരാളെന്ന നിലയിൽ ഏറ്റവും താഴെയുള്ള മനുഷ്യർക്കൊപ്പം നിൽക്കണം, അവരെ അറിയണം എന്ന രാഷ്ട്രീയബോധ്യമാണ് വച്ചുപുലർത്തിയത്.

വലിയ ആളുകൾക്കൊപ്പം കസേര പങ്കിട്ടപ്പോഴും ഏറ്റവും താഴെയുള്ള ജനങ്ങളെയും അദ്ദേഹം കണ്ടു, ഒപ്പം ചേർത്തുനിർത്തി. ലെനി‍ൻ രാജേന്ദ്രന്റെ സിനിമകൾ തമ്മിൽ നീളൻ ഗ്യാപ്പുകളുണ്ടാകാം, പക്ഷേ ചരിത്രത്തിൽ അവ കോറിയിട്ട അടയാളങ്ങൾ ആ വിടവുകൾ നികത്തിക്കൊണ്ടേയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA