sections
MORE

വിപ്ലവക്കനലെരിഞ്ഞ ക്യാമറക്കണ്ണ്

lal-lenin
SHARE

യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ലെനിൻ രാജേന്ദ്രനോട് ഭാവിയിൽ സിനിമയുടെ വഴിയോ രാഷ്ട്രീയത്തിന്റെ വഴിയോ എന്നു ചോദിച്ച ചങ്ങാതിമാരുണ്ട്. ‘രാഷ്ട്രീയത്തോട് പ്രതിബദ്ധതയുള്ള ചലച്ചിത്ര പ്രവർത്തകൻ’ എന്നായിരുന്നു അവരോടുള്ള ലെനിന്റെ മറുപടി. അദ്ദേഹം വാക്കു തെറ്റിച്ചില്ല. വിപ്ലവത്തിന്റെ തീച്ചൂളയിൽ ഉരുകി പതം വന്ന ചലച്ചിത്രകാരനിൽനിന്നു പുറത്തുവന്നത് എണ്ണം പറഞ്ഞ സിനിമകൾ. താരങ്ങളുടെയും ഫോർമുലകളുടെയും ട്രെൻഡുകളുടെയും പുറകെ പോകാതെ മികവു കൊണ്ടു വിജയം രചിച്ച സിനിമകൾ.

തിരുവനന്തപുരത്ത് ഉൗരുട്ടമ്പലത്തായിരുന്നു ജനനം. അച്ഛൻ വേലുക്കുട്ടി ട്രാൻസ്പോർട്ട് ജീവനക്കാരനായിരുന്നു. അമ്മ ഭാസമ്മ. കട്ടിക്കാലത്തുതന്നെ സിനിമ ഹരമായി. ശിവാജി ഗണേശനും എംജിആറും സത്യനും പ്രേംനസീറുമൊക്കെയായിരുന്നു ഹീറോകൾ. യൂണിവേഴ്സിറ്റി കോളജിലെത്തിയപ്പോൾ സിനിമയ്ക്കൊപ്പം രാഷ്ട്രീയവും ലഹരിയായി. പഠനശേഷം പെട്ടെന്നൊരു ജോലിയായിരുന്നു ലക്ഷ്യം. എറണാകുളത്തു ഫിനാൻഷ്യൽ എന്റർപ്രൈസിൽ ഉദ്യോഗസ്ഥനായി. എറണാകുളത്തുവച്ചു സംവിധായകൻ പി.എ. ബക്കറുമായി സൗഹൃദത്തിലായതു വഴിത്തിരിവായി. പിന്നീടു ക്രമേണ ബക്കറിന്റെ സിനികളുടെ സഹചാരിയായി. സ്ക്രിപ്റ്റുകളെഴുതി. 1982 ലാണ് ലെനിന്റെ ആദ്യചിത്രമായി േവനൽ പുറത്തുവരുന്നത്.

പിന്നീടു പ്രേംനസീർ കത്തിനിൽക്കുന്ന കാലത്ത്  ‘പ്രേംനസീറിനെ കാണ്മാനില്ല’ എന്ന പൊളിറ്റിക്കൽ സറ്റയർ. ഒരു സെലിബ്രിറ്റി അപകടത്തിൽപ്പെട്ടാൽ അദ്ദേഹത്തിന്റെ ഓർമകൾ എത്രകാലം നിലനിൽക്കുമെന്ന അന്വേഷണമായിരുന്നു ഈ സിനിമ. വെല്ലുവിളികൾ നിറഞ്ഞ പ്രമേയങ്ങൾ തിരഞ്ഞെടുക്കുന്നതിലായിരുന്നു ലെനിനു കമ്പം. സ്വാതിതിരുനാൾ, ദൈവത്തിന്റെ വികൃതികൾ, കുലം എന്നിവ ഉദാഹരണം. സാഹിത്യകൃതികളിലും  ചരിത്രപുസ്‌തകങ്ങളിലും കാലുറപ്പിച്ച കഥയെയും കഥാപാത്രങ്ങളെയും അദ്ദേഹം വെള്ളിത്തരയിൽ പുനഃസൃഷ്ടിച്ചു. ദൈവത്തിന്റെ വികൃതികളിലെ അൽഫോൻസച്ചനും സ്വാതി തിരുനാളും രാജാ രവിവർമ്മയുമൊക്കെ ഉദാഹരണം.

സിനിമ ലെനിന് ആത്മാവായിരുന്നെങ്കിൽ നാടകം പ്രാണൻ തന്നെയായിരുന്നു. ഒരു കാലത്തു നാടകത്തിന്റെ സുവർണകാലം തിരികെ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അദ്ദേഹം. ജി. ശങ്കരപ്പിള്ളയുടെ  മൂധേവിത്തെയ്യം, കുമാരനാശാന്റെ കരുണ എന്നിവ ലെനിന്റെ ഉൽസാഹത്തെ തുടർന്നു അരങ്ങിലെത്തി. കഥാപാത്രത്തിനു തീർത്തും യോജിച്ച അഭിനേതാക്കളെയും തന്റെ സിനിമകൾക്കായി അദ്ദേഹം കണ്ടെത്തി അവരിപ്പിച്ചു. പുരാവൃത്തത്തിൽ ഓം പുരിയും സ്വാതിതിരുനാളിൽ അനന്ദ് നാഗും ദൈവത്തിന്റെ വികൃതികളിൽ രഘുവരനും അതു തെളിയിച്ചു. മലയാളത്തിലെ മുഖ്യധാരയിൽ നിന്ന് ബിജു മേനോനും സംയുക്‌താ വർമയും ജഗതി ശ്രീകുമാറും മറ്റും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനേതാക്കളായപ്പോൾ അവരുടെ സ്‌ഥിരം ശൈലികളിൽ നിന്ന് ഏറെ വേറിട്ട അനുഭവമാണ് പ്രേക്ഷകർക്ക് ലഭിച്ചത്. മനസിനെ സ്പർശിച്ചുപോകുന്ന ആർക്കും നിരസിക്കാനാത്ത ഒരു സൗന്ദര്യം ലെനിൻ രാജേന്ദ്രൻ സിനിമകളുടെ മുഖമുദ്രയാണ്. പ്രേക്ഷകരുടെ മനസുകളിൽ നിന്നും മായാത്ത മുദ്ര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA