‘മോഹൻലാൽ എന്ന പേരിട്ടത് ആര് ?’ മോഹൻലാൽ തന്നെ പറയുന്നു

Mohanlal
SHARE

മോഹൻലാൽ എന്ന മലയാളത്തിന്റെ പ്രിയ താരത്തിന് ഇൗ പേരിട്ടത് ആരാണെന്ന് അറിയാമോ ? മോഹൻലാലിനും അദ്ദേഹത്തിന്റെ ചേട്ടനായ പ്യാരിലാലിനും പേരിട്ടത് അവരുടെ അമ്മൂമ്മയുടെ അച്ഛനാണ് എന്നാണ് താരം പറയുന്നത്. മാധ്യമപ്രവർത്തകനായ എ.ചന്ദ്രശേഖർ നടത്തിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. അഭിമുഖം ‘മോഹനരാഗങ്ങൾ’ എന്ന പേരിൽ ഒരു പുസത്കമായി പുറത്തിറക്കിയിട്ടുണ്ട്. 

അഭിമുഖത്തിൽ മോഹൻലാലിനോട് അദ്ദേഹത്തിന്റെ പേര് സംബന്ധിച്ച് ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നൽകിയ മറുപടികളും ഇപ്രകാരമാണ്. 

പേരിൽ തുടങ്ങാം. രാഷ്ട്ര പിതാവിൽ നിന്നു പ്രചോദനമുൾക്കൊണ്ട് ഒട്ടും കേരളീയമല്ലാത്ത പേരാണു താങ്കളുടേത്. ഈ പേര് വ്യക്തി/ തിര ജീവിതങ്ങളിൽ സ്വാധീനിച്ചത് ?

നെഗറ്റീവായിട്ടൊന്നും ബാധിച്ചിട്ടില്ല. നിങ്ങൾ പറഞ്ഞതുപോലെ, മോഹൻലാൽ എന്നത് അന്ന് അത്യപൂർവമായ പേരായിരുന്നു. അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്. എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണ്. പ്യാരിലാൽ, മോഹൻലാൽ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യസമരത്തിന്റെയൊക്കെ പശ്ചാത്തലത്തിൽ കണ്ടെത്തിയതാണ്. അതൊരു പക്ഷേ, പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരുന്നു. വല്യപ്പൂപ്പൻ അങ്ങനൊരു പേരിടുമ്പോൾ അച്ഛനും അമ്മയ്ക്കുമൊക്കെ അന്നതു വേണ്ടെന്നു പറയാൻ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനത്തെ പേരേ ഇല്ലല്ലോ? അതവർ സമ്മതിച്ചു എന്നുള്ളതാണു വലിയ കാര്യം. 

സ്കൂളിലും കോളജിലുമൊന്നും പേരു കൊണ്ട് എനിക്കൊരു പ്രശ്നവുമുണ്ടായിട്ടില്ല. പക്ഷേ വളരെ കുറച്ചു പേരെ ആ പേരിൽ എന്നെ വിളിക്കൂ. അടുപ്പമുള്ളവർ എന്നെ ലാലു എന്നാണു വിളിച്ചിരുന്നത്. പിന്നീട് ലാലേട്ടാ എന്നായപ്പോൾ.. ആ വിളിയുടെ ഒരു ഈണം, താളം... ഒക്കെയുണ്ടല്ലോ... ദാസേട്ടാ... എന്നു യേശുദാസിനെ വിളിക്കുന്നതുപോലെ. എന്റെ പേരു വേറെ എന്തെങ്കിലുമായിരുന്നെങ്കിൽ ചിലപ്പോളൊരുപക്ഷേ ആ വിളിപ്പേരു പോലുമുണ്ടാവില്ലായിരുന്നു. അപ്പോൾ വളരെയധികം ആ പേര് എന്നെ സഹായിച്ചിട്ടുണ്ട് എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.

ദേശ–ഭാഷാ അതിരുകൾക്കപ്പുറമൊരു സ്വീകാര്യതയ്ക്ക് ഈ  പേര് നിമിത്തമായിട്ടില്ലേ?

സിനിമയിൽ വന്നപ്പോഴും മോഹൻലാൽ എന്ന പേരു മാറ്റണമെന്ന് ആരും പറഞ്ഞില്ല. വളരെ അപൂർവമാൾക്കാർ മാത്രമേ എന്നെ മോഹൻ എന്നു വിളിക്കൂ. ലാലേ ലാലേ എന്നു വിളിച്ചു വിളിച്ച് അതങ്ങു പതിഞ്ഞു. എളുപ്പം വിളിക്കാവുന്ന പേരാണല്ലോ അത്. നോർത്തിലൊക്കെയാണെങ്കിലും, മലയാളിയാണോ തമിഴനാണോ തെലുങ്കനാണോ ഉത്തരേന്ത്യനാണോ എന്നൊന്നും തിരിച്ചറിയാനാവാത്ത ഐഡന്റിറ്റി അതിനുണ്ടായി. എന്റെ ചേട്ടന്റെ പേര് പ്യാരിലാൽ എന്നാണ്. മലയാളി അധികം കേട്ടിട്ടില്ലാത്ത പേരാണ്. ലക്ഷ്മികാന്ത്, പ്യാരിലാൽമാരില്ലേ ? അതിൽ നിന്നാവാം ചേട്ടനാ പേരു കിട്ടിയത്.

എനിക്കിപ്പോഴും അതൊരു വലിയ മിസ്റ്ററിയാണ്. ഒരു കുട്ടിക്ക് പേരിടുക അത്ര പ്രധാനപ്പെട്ട കാര്യമാണല്ലോ ? പത്തനംതിട്ട ഒാമല്ലൂരിനടുത്ത് ഇലന്തൂർ പുന്നയ്ക്കലിൽ നിന്നൊരാൾക്ക് ഇങ്ങനെ പേരിടുക. എന്തോ ഒരു പ്രത്യേകത ഇല്ലേ ? പിന്നെ, പേര് ജീവിതത്തിൽ ഒരു പ്രശ്നമാവുമ്പോഴാണല്ലോ നാം അതേപ്പറ്റി ചിന്തിക്കുന്നത്. എന്നെ സംബന്ധിച്ച് ഉള്ള പേര് നിലനിർത്തിക്കൊണ്ടു പോകാൻ ഇൗ പേര് എന്നെ വളരെ സഹായിച്ചു. 

mohanlal-book

അഭിനയജീവിതത്തിൽ മോഹൻലാൽ 40 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പ്രസ്തുത പുസത്കം പുറത്തിറക്കിയത്. ഡോൺ ബുക്സ് പ്രസിദ്ധീകരിച്ച പുസത്കം വിതരണം ചെയ്യുന്നത് നാഷനൽ ബുക്ക് സ്റ്റാളാണ്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA