മാമാങ്കം; ഇതെന്തൊരു നാണക്കേട്: റസൂൽ പൂക്കുട്ടി

mamankam-dhruv
SHARE

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം സിനിമയുടെ വിവാദങ്ങളിൽ പ്രതികരണവുമായി ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി. മാമാങ്കത്തെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ സത്യമെങ്കിൽ അത് മലയാളസിനിമയുടെ ക്രിയാത്മക സമൂഹത്തിന് ലജ്ജാവഹമാണെന്ന് റസൂൽപൂക്കുട്ടി ട്വീറ്റ് ചെയ്തു. മാമാങ്കം സിനിമയുടെ സംവിധായകന് നേരെ ഭീഷണി ഉണ്ടായ സാഹചര്യത്തിലായിരുന്നു റസൂൽ പൂക്കുട്ടിയുടെ ട്വീറ്റ്.

"മാമാങ്കത്തെക്കുറിച്ചുള്ള വാർത്തകൾ വിശ്വസനീയമെങ്കിൽ, മലയാള സിനിമയുടെ ക്രിയാത്മക സമൂഹത്തിന് ലജ്ജാവഹമാണ്. 2018ൽ ഞാൻ വായിച്ച മികച്ച തിരക്കഥകളിൽ ഒന്നായിരുന്നത്. ആ ചിത്രത്തിന് മലയാള സിനിമയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്നു. അതിങ്ങനെ അവസാനിക്കേണ്ടി വരുന്നതിൽ അതിയായ ദുഃഖമുണ്ട്,"–റസൂൽ കുറിക്കുന്നു‌‌.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയാള സിനിമയുടെ പിന്നണിയില്‍ ഏറെ ചര്‍ച്ചകള്‍ ഉളവാക്കിയ ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന മാമാങ്കം. വള്ളുവനാടിന്റെ ചരിത്രം പറയുന്ന പീരിയഡ്‌ ചിത്രമാണിത്. വലിയ മുതല്‍മുടക്ക്, തന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം എന്ന മമ്മൂട്ടിയുടെ പ്രഖ്യാപനം തുടങ്ങിയ കാരണങ്ങളാല്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഈ ചിത്രം.

എന്നാൽ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങൾ ഉടലെടുത്തു. സിനിമയിലെ പ്രധാന താരങ്ങളെ വരെ ഒരുകാരണവും കൂടാതെ പുറത്താക്കി. യോദ്ധാവിന്റെ വേഷം ചെയ്യാൻ ഒരു വർഷം കഠിനാധ്വാനം നടത്തിയ യുവതാരം ധ്രുവിനെയാണ് (ക്വീൻ ഫെയിം) ചിത്രത്തിൽ നിന്നും ആദ്യം പുറത്താക്കുന്നത്. തെന്നിന്ത്യൻ ഛായാഗ്രാഹകൻ ഗണേഷ് രാജവേലു, ആർട് ഡയറക്റ്റർ സുനിൽ ബാബു, കോസ്റ്റിയൂം ഡിസൈനർ അനു വർദ്ധൻ എന്നിവരും ചിത്രത്തിൽ നിന്നും പുറത്തായി. പുറത്താക്കൽ തീരുമാനങ്ങൾ സജീവ് പിള്ള അറിഞ്ഞിരുന്നില്ല. അവസാനം സംവിധായകനായ സജീവ് പിള്ളയെ മാറ്റിയതായും വാർത്തകൾ വന്നു.

mamankam-dhruv-1

അതിനിടെയാണ് മാമാങ്കത്തിന്റെ തിരക്കഥകൃത്തും സംവിധായകനുമായ രാജീവ് പിളളയ്ക്കെതിരെ ഭീഷണി ഉണ്ടാകുന്നത്. ചിത്രത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് ചിലർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് സംവിധായകന്റെ പരാതി. ഇതിനെ തുടർന്ന് മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി നൽകിയിട്ടുണ്ട്.

നിർമാതാക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ട്, അവര്‍ തന്നെ ആക്രമിക്കാന്‍ ശ്രമം നടത്തും, തനിക്കും കുടുംബത്തിനും സംരക്ഷണം വേണം എന്നാവശ്യപ്പെട്ടാണ് സജീവ്‌ പിള്ള മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.. വിതുരയിലെ തന്റെ താമസപരിധിയില്‍ ഒരു കൂട്ടം ആളുകള്‍ തന്നെ തേടിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് സജീവിന്റെ പരാതി. അവര്‍ സഞ്ചരിച്ച വാഹനം മാമാങ്കം നിർമാതാവിന്റെ സുഹൃത്തിന്റെയാണ് എന്ന് കാണിച്ചാണ് ആരോപണം. ഈ വാർത്തയാണ് റസൂൽ പൂക്കുട്ടിയുടെ പ്രതികരണത്തിന് കാരണമായത്.

1999 മുതൽ ഈ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തൽമണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു. സ്ക്രിപ്റ്റ് 2010ൽ രജിസ്റ്റർ ചെയ്തു.താപ്പാനയുടെ ചിത്രീകരണ വേളയിൽ ആദ്യമായി മമ്മൂട്ടിയുടെ കണ്ട് കഥ പറഞ്ഞു തുടങ്ങി. ബാവൂട്ടിയുടെ നാമത്തിൽ ചിത്രത്തിന് ശേഷം പൂർണ പിന്തുണയുമായി മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു. ബിസ്സിനസ്സുകാരനായ വേണു കുന്നപ്പള്ളിയെന്ന നിർമാതാവ് 40 കോടി മുതൽമുടക്കിൽ ചിത്രം നിർമ്മിക്കാമെന്നു ഉറപ്പു നൽകി മുന്നോട്ടു വന്നു.

ഷൂട്ടിങ് തുടങ്ങി രണ്ടു ഷെഡ്യൂളുകൾ സജീവ് പിള്ള പൂർത്തിയാക്കിയെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുൻപ് തുടക്കമിട്ട മൂന്നാമത്തെ ഷെഡ്യൂൾ മറ്റൊരു സംവിധായകനെ വച്ച് ആരംഭിക്കുകയായിരുന്നു. തന്നെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി നിർമാതാവ് വേണു കുന്നപ്പിളളി കത്തയച്ചിരുന്നുവെന്നും സജീവ് പിളള പറയുന്നു.

ചിത്രത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ കായികമായി നേരിടുമെന്നുളള ഭീഷണി നേരത്തെ തന്നെയുണ്ടായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു. വിതുരയിലെ വീട്ടിൽ ജനുവരി 28 ന് രണ്ട് യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടിരുന്നുവെന്നും ഇദ്ദേഹം നൽകിയ പരാതിയിൽ പറയുന്നുണ്ട്.

‘രണ്ട് യുവാക്കൾ പോസ്റ്റ്മാനോട് ഫോണിലൂടെ എന്റെ വീട് അന്വേഷിച്ചിരുന്നു. എറണാകുളം ഭാഗത്തു നിന്നുളളവരാണ് അവർ. പോസ്റ്റ്മാനെ വിളിച്ച നമ്പറിലേയ്ക്ക് തിരിച്ച് വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇവരുടെ വരവും പെരുമാറ്റവും ദുരൂഹവും സംശയം ജനിപ്പിക്കുന്നതാണ്. ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നെ കായികമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയും ശ്രമവുമാണെന്ന് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വീട്ടില്‍ പ്രായമായ മാതാപിതാക്കളുണ്ട്. അവര്‍ ആശങ്കയിലാണ്. അതുകൊണ്ട് എന്റെ പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തി ഇതിന് പിന്നിലുള്ളവരെ വെളിച്ചത്ത് കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും അപേക്ഷിക്കുന്നുവെന്നും സജീവ് പിള്ള പരാതിയിൽ പറയുന്നു.

യുവാക്കൾ എത്തിയ ഇന്നോവ കാറിലായിരുന്നു. കാറ്‍ നമ്പറും പോസ്റ്റമാനെ ബന്ധപ്പെടാൻ ഉപയോഗിച്ച മൊബൈൽ നമ്പരും വാഹനം എത്തിയതിന്റെ ദൃശ്യങ്ങളും നൽകിയ പരാതിയ്ക്കൊപ്പം പൊലീസിൽ നൽകിയിട്ടുണ്ട്.

അതേസമയം സംവിധായകനെന്ന നിലയില്‍ യാതൊരു പരിചയം ഇല്ലാത്തൊരാളാണ് സജീവ് എന്നാണ് സംവിധായകന് നേരെ ഉയരുന്ന പ്രധാന ആരോപണം. സംവിധായകന് നേരെ സെറ്റിൽ നിന്നും വ്യാപക പരാതികള്‍ ഉയര്‍ന്നതോടെയാണ് സജീവിനെ മാറ്റാനും മറ്റൊരു സംവിധായകനെ കൊണ്ടുവരാനും നിര്‍മാതാക്കളോട് അടുത്തവൃത്തങ്ങൾ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA