1000 കോടിയുടെ മഹാഭാരതം മുടങ്ങിയിട്ടില്ല: ബി.ആർ ഷെട്ടിക്ക് പകരം പുതിയ നിർമാതാവ്?

randamoozham-shir
SHARE

മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച രണ്ടാമൂഴം പാതിവഴിയിൽ ഉപേക്ഷിച്ചതായി വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി സംവിധായകൻ വി.എ. ശ്രീകുമാര്‍ മേനോന്‍. 

പ്രമുഖ ബിസിനസ്സുകാരന്‍ ബി.ആര്‍. ഷെട്ടിയായിരുന്നു രണ്ടാമൂഴം ആദ്യം നിർമിക്കാമെന്നേറ്റത്. എന്നാല്‍ പ്രൊജക്റ്റ് തുടങ്ങാന്‍ വൈകിയപ്പോള്‍ സംവിധായകനില്‍ ഉള്ള വിശ്വാസം നഷ്ട്ടപെട്ട എം.ടി. വാസുദേവന്‍ നായര്‍ തന്റെ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തു. ഇതിനെ തുടര്‍ന്ന് ബി.ആര്‍. ഷെട്ടി ഈ പ്രോജെക്റ്റില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇതോടെ ചിത്രം അനിശ്ചിതത്വത്തിലായി.

ഇപ്പോഴിതാ ബി.ആര്‍. ഷെട്ടിക്ക് പകരം രണ്ടാമൂഴം നിര്‍മിക്കാൻ മറ്റൊരു നിർമാതാവ് എത്തിയിരിക്കുന്നു. പ്രശസ്ത വ്യവസായ പ്രമുഖന്‍ ഡോക്ടര്‍ എസ്.കെ. നാരായണന്‍ ആണ് രണ്ടാമൂഴം ഏറ്റെടുത്തിരിക്കുന്നത്.അഭയ കേസുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. 

ആയിരം കോടി ചെലവില്‍ നിർമിക്കുന്ന 'മഹാഭാരതം' സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ: എസ്.കെ. നാരായണനാണ് പുതിയ നിര്‍മാതാവ് എന്നും ജോമോൻ കുറിച്ചു. ശ്രീകുമാര്‍ മേനോനും എസ്.കെ. നാരായണനും ഒപ്പമുള്ള ചിത്രമടക്കമായിരുന്നു പോസ്റ്റ്. 

അതേസമയം എം.ടിയുമായുളള കേസ് കോടതിയില്‍ നിലനില്‍ക്കെ ഈ ചിത്രമെങ്ങനെ സാധ്യമാകും എന്ന ആശങ്കയിലാണ് ആരാധകര്‍‍. രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ (മധ്യസ്ഥന്‍) നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നുമാണ് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി അറിയിച്ചിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA