ലളിതമായ ആഖ്യാനവും റിയലിസ്റ്റിക് പരിചരണവുമായി ‘മഹേഷിന്റെ പ്രതികാര’മെത്തിയപ്പോൾ അതിനെ സംവിധായകന്റെ മികവായാണ് പലരും വാഴ്ത്തിയത്. ചിത്രത്തിലെ സൂക്ഷ്മാംശങ്ങൾ ഇന്നും ഇഴകീറി പഠിക്കുന്നവരുണ്ട്. ആസ്വാദകരും കാഴ്ചക്കാരും ആ മികവിനെ പോത്തേട്ടൻസ് ബ്രില്യൻസ് എന്നു വിളിച്ചു. പിന്നീടെത്തിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലും പ്രേക്ഷകർ ആ ബ്രില്യൻസ് കണ്ടു. ഇപ്പോൾ ബോളിവുഡും ആ മികവിനെ വാഴ്ത്തുകയാണ്.
'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തെ വാനോളം പുകഴ്ത്തി ഏറ്റവുമൊടുവിൽ രംഗത്തെത്തിയിരിക്കുന്നത് ബോളിവുഡ് സംവിധായകന് സുരേഷ് ത്രിവേണിയും മലയാളിയായ ബോളിവുഡ് സംവിധായകന് ബിജോയ് നമ്പ്യാരുമാണ്.
സുരേഷ് ത്രിവേണിയുടെ ട്വീറ്റ് ഇങ്ങനെ:
''ഇതിനേക്കാൾ മികച്ച ഒരു സിനിമ നിങ്ങള്‍ എന്നെ കാണിക്കൂ. ഓരോ തവണ കാണുമ്പോഴും എന്തെങ്കിലുമൊരു പുതിയ കാര്യം ഞാനിതില്‍ കണ്ടെത്തും. ശരാശരി നിലവാരത്തിലുള്ള ചിത്രങ്ങൾ പോലും ആഘോഷിക്കപ്പെടുന്ന കാലത്ത്, ഇത്തരം ചിത്രങ്ങള്‍ വളരെ ഉയരത്തിലാണ് നില്‍ക്കുന്നത്. ഒരു അളവുകോലിനെക്കുറിച്ച് അവ ഓര്‍മപ്പെടുത്തുന്നു.’
വിദ്യ ബാലൻ നായികയായി എത്തിയ ഹിറ്റ് ചിത്രം തുമാരി സുലുവിന്റെ സംവിധായകനാണ് സുരേഷ്.
സുരേഷ് ത്രിവേണിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ബിജോയ് നമ്പ്യാർ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ ചിത്രത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും എത്ര തവണ വേണമെങ്കിലും കാണാനാകുന്ന ഈ ചിത്രം അതിഗംഭീരമാണെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.