Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു പൊരിക്കും; ജയറാമിനൊപ്പം നീലുവും

Lonappante Mamodeesa Location Video

ജയറാമിന്റെ അടുത്ത ഫാമിലി ഹിറ്റ് ഇതു തന്നെ, എന്നായിരുന്നു ലോനപ്പന്റെ മാമ്മോദീസയുടെ ട്രെയിലർ ഇറങ്ങിയപ്പോൾ പ്രേക്ഷകർ പറഞ്ഞത്. മണ്ണിന്റെ മണമുള്ള നാടൻ കഥാപാത്രങ്ങൾ ചെയ്യാൻ വല്ലാത്തൊരു ചാതുര്യം ജയറാമിനുണ്ടെന്ന് മലയാളികൾ അനുഭവിച്ചറിഞ്ഞതാണ്. അത്തരമൊരു നാടൻ കഥാപാത്രവുമായാണ് ജയറാം ലോനപ്പന്റെ മാമ്മോദീസയിലെത്തുന്നത്. രണ്ടു നായികമാരാണ് ചിത്രത്തിലുള്ളത്. അന്ന രാജനും കനിഹയും. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശാന്തികൃഷ്ണ, ഇന്നസെന്റ്, ജോജു, ദിലീഷ് പോത്തൻ, നിഷ സാരംഗ്, ഹരീഷ് കണാരൻ, ഇവ പവിത്രൻ, നിയാസ് ബക്കർ എന്നിങ്ങനെ മലയാളത്തിന്റെ പ്രിയതാരങ്ങളും അണിനിരക്കുന്നു. 

lonappante-mamodeesa-making

ഇരിങ്ങാലക്കുടയിലെ ചാമക്കുന്ന് എന്ന ഗ്രാമത്തിലുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ലോനപ്പനും അദ്ദേഹത്തിന്റെ മൂന്നു പെങ്ങന്മാരും അടങ്ങുന്നതാണ് കുടുംബം. ജയറാമിന്റെ വല്ല്യേച്ചിയായി ശാന്തികൃഷ്ണ വേഷമിടുന്നു. 1991ൽ പുറത്തിറങ്ങിയ 'എന്നും നന്മകൾ' എന്ന ചിത്രത്തിനു ശേഷം ശാന്തികൃഷ്ണയും ജയറാമും ഒന്നിക്കുന്ന ചിത്രമാണിത്. നിഷ സാരംഗ്, ഇവ പവിത്രൻ എന്നിവരാണ് ജയറാമിന്റെ മറ്റു സഹോദരിമാർ. അവിവാഹിതകളായ പെങ്ങന്മാരുള്ള ലോനപ്പന്റെ വീട്ടിലെ രസകരമായ കാഴ്ചകളും ചാമക്കുന്ന് എന്ന ഗ്രാമത്തിലെ സംഭവവികാസങ്ങളുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. 

ആ പേരിൽ തന്നെ പ്രത്യേകതയുണ്ട്: ജയറാം

"എല്ലാവരുടെയും കരിയറിൽ കാണും ഒരു സുവർണകാലം. എന്റെ കരിയറിൽ സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ, തൂവൽക്കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ പോലെയുള്ള സിനിമകളുടെ ഗണത്തിൽപ്പെടുത്താവുന്ന സിനിമയാണ് ലോനപ്പന്റെ മാമ്മോദീസ. ആ പേരിൽ തന്നെ ഒരു പ്രത്യേകതയുണ്ട്." ജയറാം പറയുന്നു. 

"ഈ സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്കു തോന്നും, ഞങ്ങളിലും ഉണ്ട് ഇതുപോലൊരു ലോനപ്പൻ എന്ന്," ജയറാം കൂട്ടിച്ചേർത്തു. 

അമ്മയല്ല, വല്ല്യേച്ചി: ശാന്തികൃഷ്ണ

തിരിച്ചുവരവിൽ നിവിൻ പോളിയുടെയും കുഞ്ചാക്കോ ബോബന്റെയുമൊക്കെ അമ്മ വേഷത്തിൽ തിളങ്ങിയ ശാന്തികൃഷ്ണ ജയറാമിന്റെ വല്ല്യേച്ചി ആയാണ് ലോനപ്പന്റെ മാമ്മോദീസയിൽ വേഷമിടുന്നത്. "ലിയോ തദേവൂസിനൊപ്പം ആദ്യമായാണ് പ്രവർത്തിക്കുന്നത്. നല്ല പോസിറ്റീവായ ഒരു സംവിധായകനാണ് അദ്ദേഹം. ഓരോ ഷോട്ടു കഴിയുമ്പോഴും അദ്ദേഹത്തിന്റെ മുഖം നോക്കിയാൽ മനസിലാകും ആ ഷോട്ട് നല്ലതാണോ അല്ലയോ എന്ന്. നല്ല ഷോട്ടുകൾക്കു ശേഷം അദ്ദേഹം വളരെ സ്വാഭാവികമായി അഭിനന്ദിക്കുകയും ചെയ്യും," ശാന്തികൃഷ്ണ പറഞ്ഞു. 

നീലു ഇനി സ്പോർട്സ് ടീച്ചർ

നീലു എന്ന കഥാപാത്രത്തിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് പരിചിതയായ നിഷ സാരംഗ് മികച്ചൊരു കഥാപാത്രം ലോനപ്പന്റെ മാമ്മോദീസയിൽ അവതരിപ്പിക്കുന്നു. ജയറാമിന്റെ രണ്ടാമത്തെ സഹോദരിയാണ് നിഷ സാരംഗ്. സ്കൂളിൽ കായിക അധ്യാപികയായ സൂസന്ന. യഥാർത്ഥ ജീവിതത്തിലും സ്പോർട്സിൽ അതീവ താത്പര്യമുള്ള വ്യക്തിയാണ് നിഷ. എങ്കിലും സ്വാഭാവിക നർമം അറിയുന്ന കായിക അധ്യാപികയുടെ കഥാപാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് നിഷ സാരംഗ് പറയുന്നു. ശാന്തികൃഷ്ണ പോലെയുള്ള സഹതാരങ്ങളുടെ സഹകരണവും പിന്തുണയും അഭിനയത്തിൽ സഹായകരമായെന്നും നിഷ സാരംഗ് കൂട്ടിച്ചേർത്തു. 

'തുടുത്ത കവിളുകൾ എന്നെ ഈ സിനിമയിലെത്തിച്ചു'

റോക്ക്സ്റ്റാർ എന്ന ചിത്രത്തിനു ശേഷം ഇവ പവിത്രൻ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ലോനപ്പന്റെ മാമ്മോദീസ. സിനിമയിലേക്കു വഴി തുറന്നതിനു പിന്നിലൊരു കഥയുണ്ടെന്ന് പറയുകയാണ് ഇവ. "കവിളുകളാണ് എന്നെ ഈ സിനിമയിലേക്ക് എത്തിച്ചത്. ജയറാമിനുള്ളതു പോലെ തുടുത്ത കവിളുകളാണ് എനിക്കുമുള്ളത്. ലോനപ്പന്റെ സഹോദരിമാരായി ആരെയൊക്കെ കാസ്റ്റ് ചെയ്യണമെന്ന ചർച്ചകളിൽ എന്നെ പിന്തുണച്ചത് ഈ സാമ്യമായിരുന്നു," ഇവ പവിത്രൻ പറഞ്ഞു. 

നിയാസ് ബക്കർ, ഇന്നസെന്റ്, ഹരീഷ് കണാരൻ, ജോജു, സ്നേഹ ശ്രീകുമാർ എന്നിവരിലൂടെ ചിരിയ്ക്കും ചിന്തയ്ക്കും വഴിമരുന്നിടുന്നുണ്ട് ചിത്രം. ഷിനോയ് മാത്യുവാണ് ചിത്രത്തിന്റെ നിർമാതാവ്. ഛായാഗ്രാഹകൻ–സുധീർ സുരേന്ദ്രൻ, എഡിറ്റർ–രഞ്ജൻ എബ്രഹാം, കലാസംവിധാനം–ജോസഫ് നെല്ലിക്കൽ, സംഗീതസംവിധാനം–അൽഫോൺസ് തുടങ്ങിയവരാണ് അണിയറയിലുള്ളത്. ചിത്രം ഫെബ്രുവരി ഒന്നിനു പ്രദർശനത്തിനെത്തും.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.