Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കിസ് ചെയ്യണമെന്ന് ചെമ്പൻ ചേട്ടൻ പറ‍ഞ്ഞു’, പക്ഷേ ? ലിച്ചി പറയുന്നു

Anna Reshma Rajan I ME Myself

അന്ന എന്നു വിളിക്കുന്നതിനെക്കാൾ തന്നെ ലിച്ചി എന്നു വിളിക്കുന്നതാണ് അന്നയ്ക്കിഷ്ടം. സോറി, ലിച്ചിക്ക് ഇഷ്ടം. കാരണം മലയാളികൾ ഏറ്റെടുത്ത ആ കഥാപാത്രത്തെ ഇപ്പോഴും തന്റെ നെഞ്ചോടു ചേർത്തു കൊണ്ടു നടക്കുകയാണ് അന്ന രാജൻ എന്ന ആലുവക്കാരി. ആദ്യ സിനിമയിൽനിന്ന് അഭിനേതാവെന്ന നിലയിൽ കുറേ ദൂരം മുന്നോട്ട് പോയെങ്കിലും ആദ്യ കഥാപാത്രത്തെ അങ്ങനെ വിട്ടുകളയാൻ ലിച്ചി ഒരുക്കമല്ല. ജയറാമിന്റെ പുതിയ ചിത്രമായ ലോനപ്പന്റെ മാമോദീസയിലെ നായികയായ അന്ന മനോരമ ഒാൺലൈനിനോട് തന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു. ‌

ലോനപ്പന്റെ നായിക ?

ലോനപ്പന്റെ മാമോദീസയിൽ ലീന എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്‌. ജയറാമേട്ടനെ സിനിമയിലുടനീളം മോട്ടിവേറ്റ് ചെയ്യുന്ന റോളാണ്. ഒരു കിടുക്കൻ ഫാമിലി മൂവി ആണ്. തൃശൂര്‍ സ്ലാങ്ങാണ് ഇതിൽ. അങ്ങനെയൊരു റോൾ കിട്ടിയതിലും ഇത്രയും സീനിയർ ആർട്ടിസ്റ്റായ ജയറാമേട്ടനോടൊപ്പം അഭിനയിക്കാൻ സാധിച്ചതിലും ഒരുപാട് സന്തോഷമുണ്ട്.

anna-reshma-lichy

നഴ്സായിരുന്ന കാലത്തെക്കുറിച്ച് ?

ഒരുപാട് അനുമോദനങ്ങൾ കിട്ടാത്ത ഒരു മേഖലയാണ് നഴ്സിങ്. എന്നാൽ പോലും നമുക്ക് ഒരുപാടു പേരെ സന്തോഷിപ്പിക്കാനും ആശ്വസിപ്പിക്കാനും പറ്റും. ആ മേഖലയിൽനിന്ന് വന്നതു കാരണം ഞാൻ ഏതൊരു അവസ്ഥയിലും ജീവിക്കാൻ പഠിച്ചു. എന്തും നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ പഠിച്ചു.

anna-reshma-lichy

സിനിമ അന്നയെ മാറ്റിയോ ?

ഞാൻ ഇപ്പോഴും സാധാരണക്കാരി തന്നെയാണ്. വലിയ മാറ്റങ്ങളൊന്നുമില്ല. എന്റെ നാട്ടിൽ ഞാൻ അന്നും ഇന്നും ഒരുപോലെയാണ്, അതെവിടെ പോയാലും. ഞാൻ കടയിൽ പോകുന്നു, സാധനങ്ങൾ വാങ്ങുന്നു, എല്ലാവരെയും കാണുന്നു. എല്ലാവരും അടുത്ത പടത്തെപ്പറ്റി സംസാരിക്കും.

അങ്കമാലി ഒാർമകൾ ?

ആദ്യം സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചത് ചെമ്പൻ ചേട്ടനാണ്. ആദ്യം ലിച്ചി വരുന്നു, കിസ്സ് ചെയ്യുന്നു എന്നൊക്കെ വായിച്ചിട്ടാണ് ചെമ്പൻ ചേട്ടൻ തുടങ്ങിയത്. ഞാൻ ചെമ്പൻ ചേട്ടനോടു ചോദിച്ചു ‘കിസ്സൊക്കെ ചെയ്യണോ?’ ‘ഏയ് ഇല്ലെടി, അങ്ങനെയൊന്നും ചെയ്യേണ്ട. അതൊക്കെ കംപ്യൂട്ടർ വഴി ശരിയാക്കാം’ എന്നു പറഞ്ഞു.

ഷോട്ടെടുക്കുന്ന സമയം ലിജോ ചേട്ടൻ വന്ന് ലിച്ചി, ജസ്റ്റ് നീയൊരു ഫ്രണ്ടിനെ കിസ്സ് ചെയ്യില്ലേ അതുപോലെ ചെയ്തിട്ട് പോകാൻ പറഞ്ഞു. ഒടുവിൽ ചേട്ടന്‍ പറഞ്ഞു ‘വേണ്ട, ജസ്റ്റൊന്നു ഹഗ് ചെയ്താൽ മതി, നീ നോർമലായിട്ട് എന്താ തോന്നുന്നത് അതുപോലെ ചെയ്താൽ മതി’. ഇന്നും ആ വഴി പോകുമ്പോൾ, ആ വീടും വഴിയുമൊക്കെ കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നാറുണ്ട്.

ലിച്ചി ഇപ്പോഴും ഒപ്പമുണ്ടോ ?

anna-lichy

ലിച്ചി ഒരിക്കലും എന്റടുത്തുനിന്നു പോവില്ല. ലിച്ചി എന്തൊക്കെയാണോ അതൊക്കെയാണ് ഞാൻ. എല്ലാവരും ലിച്ചി എന്നു വിളിക്കുമ്പോൾ സന്തോഷമാണ്. ഞാൻ എന്നെ പരിചയപ്പെടുത്തുന്നതും ലിച്ചി എന്നു പറഞ്ഞാണ്.

സിനിമകൾ തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചാണോ ?

എനിക്കു കിട്ടിയ സിനിമകളൊക്കെ നല്ലതായിരുന്നു. അതൊക്കെ ഞാൻ ചെയ്തിട്ടുമുണ്ട്. അങ്ങനെ മോശം സിനിമകൾ വന്നിട്ടില്ല. രണ്ടു മൂന്നു സിനിമകൾ സ്ക്രിപ്റ്റൊക്കെ കേട്ടിട്ട് വേണ്ടെന്നു വച്ചിട്ടുണ്ട്. എനിക്കു ചെയ്യാൻ പറ്റാത്തതാണെന്ന് തോന്നിയാൽ, ഇതു ഞാൻ ചെയ്താൽ ശരിയാവില്ല എന്നു പറഞ്ഞിട്ടുണ്ട്. ഞാൻ ചെയ്ത സിനിമകൾ നല്ലതാണെന്നാണ് എന്റെ വിശ്വാസം.

മോഹൻലാലിന്റെ നായികയായപ്പോൾ ?

lichy

ലാലേട്ടൻ ഒരു വികാരമാണല്ലോ. ലാലേട്ടന്റെ കൂടെ അഭിനയിക്കുക എന്നു പറഞ്ഞാൽ വലിയ ഭാഗ്യമാണ്. ആദ്യം ലാലേട്ടൻ സെറ്റിലേക്കു വന്നപ്പോൾ സെറ്റ് മുഴുവൻ സൈലന്റായി. ആകെയൊരു പോസിറ്റീവ് വൈബുമായിട്ടാണ് ലാലേട്ടൻ വന്നത്. അതിനു മുൻപ് ഞാൻ ഓരോ ഷോട്ടൊക്കെ അഞ്ചും ആറും പ്രാവശ്യം എടുത്താണ് ഓക്കെ ആയതെങ്കിൽ ലാലേട്ടൻ വന്നു കഴിഞ്ഞെടുത്ത ഷോട്ടെല്ലാം ഫസ്റ്റ് അല്ലെങ്കില്‍ സെക്കൻഡ് ടേക്കിൽ ഓക്കെയായി. ശരിക്കുമൊരു പോസിറ്റീവ് വൈബ് നമുക്ക് ലാലേട്ടനിൽനിന്ന് ഫീൽ ചെയ്യും.

ഇമോഷണൽ സീനൊക്കെ എടുക്കുന്നതിനു മുൻപ് ലാലേട്ടൻ ഓരോ തമാശയൊക്കെ പറഞ്ഞ് നമ്മളെ ചിരിപ്പിക്കും. പക്ഷേ ആക്‌ഷൻ പറയുമ്പോൾ ലാലേട്ടൻ കരഞ്ഞ് ആ മൂഡിലായിരിക്കും‌. പക്ഷേ നമ്മളപ്പോഴും ചിരിക്കുകയാവും. കോമ്പിനേഷൻ സീനിൽ ലാലേട്ടൻ അഭിനയിക്കുന്നത് നോക്കിയിരുന്ന് എന്റെ ഡയലോഗ് മറന്നുപോയ അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്തു രസമായിട്ടാണ് ലാലേട്ടൻ ഡയലോഗ് പറയുന്നത്. നമ്മൾ നോക്കി നിന്നു പോവും. എനിക്ക് അതൊക്കെ ഒരു ഭാഗ്യമായിട്ടാണു തോന്നിയിട്ടുള്ളത്.

സിനിമ മോശം സ്ഥലമാണെന്നു പറയുന്നവരോട് ?

എല്ലാ ഫീൽഡിലും പോസിറ്റീവും നെഗറ്റീവും ഉണ്ട്. നമ്മൾ ഫിലിമിനെ മാത്രം ഫോക്കസ് ചെയ്യുന്നത് അവിടെ താരങ്ങൾ ഉള്ളതു കൊണ്ടാണ്. നമ്മൾ എങ്ങനെയാണോ അതുപോലെ പെരുമാറുക. നല്ലതു മാത്രം പറയുകയാണെങ്കിൽ നല്ലതു മാത്രം വരും. നമ്മുടെ പെരുമാറ്റം എങ്ങനെയാണോ അതുപോലെയാണ് നമുക്കു തിരിച്ചു കിട്ടുന്നത്. ഞാൻ നല്ല രീതിയിൽ നിന്നതുകൊണ്ട് തിരിച്ച് എനിക്കു നല്ല അനുഭവമേ ഉണ്ടായിട്ടുള്ളു. ഇതുവരെ മോശമായ ഒരനുഭവവും ഉണ്ടായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.