Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയ് സേതുപതി ചോദിച്ചു, ഒരു ഓട്ടോഗ്രാഫ് തരുമോ?

ajith-chengara-vijay-sethupathy

മക്കൾ സെൽവൻ വിജയ് സേതുപതിയെ കാണാനും ഒരു സെൽഫി എടുക്കാനും ആലുപ്പുഴ കയർ കോർപറേഷനു മുന്നിൽ വലിയ തിരക്കാണ്. എന്നാൽ, ഈ ആരാധകക്കൂട്ടത്തിനിടയിൽ ഒരാളോടു വിജയ് സേതുപതി ചോദിച്ചു, ഒരു ഓട്ടോഗ്രാഫ് തരുമോ? ആ ചോദ്യത്തിനു മുന്നിൽ ഞെട്ടിപ്പോയ കലാകാരനാണ് അജിത് ചെങ്ങറ. രൂപത്തിലും ഭാവത്തിലും അത്രയും സാമ്യമുണ്ട് വിജയ് സേതുപതിയും അജിത്തും തമ്മിൽ. മിമിക്രി വേദികളിൽ താരങ്ങളുടെ ഫിഗറുകൾ ചെയ്യുന്ന അജിത്തിന്റെ ജീവിതം തന്നെ ആ ചോദ്യം മാറ്റി മറിച്ചു.  

വിജയ് സേതുപതിയുടെ വലിയ ആരാധകനാണ് അജിത്ത്. രൂപസാദൃശ്യമുള്ളതിനാൽ വിജയ് സേതുപതിയുടെ ഫിഗർ ചെയ്തുകൂടെയെന്ന് അനുജൻ വിനോദാണ് ചോദിച്ചത്. അതു ശരിയാണല്ലോ എന്ന് അജിത്തും ആലോചിച്ചു. അതിനു ശേഷമാണ് താരത്തെക്കുറിച്ച് കൂടുതൽ വായിച്ചറിഞ്ഞത്. ആതോടെ ആരാധന കൂടി. ആലപ്പുഴയിലെത്തിയെന്ന് അറിഞ്ഞപ്പോൾ കാണണമെന്നു മോഹം. അങ്ങനെ ആലപ്പുഴ ഷൂട്ടിങ് സെറ്റിലെത്തി. കുറച്ചു നേരം കാത്തു നിന്നു, ഒടുവിൽ താരത്തിനൊപ്പം സെൽഫിയും എടുത്തു മടങ്ങി. വിജയ് സേതുപതിയോടെ സംസാരിച്ചില്ലേ, ഫിഗർ ചെയ്യാറുണ്ടെന്ന് പറഞ്ഞില്ലേ... എന്നൊക്കെ സുഹൃത്തുക്കൾ ചോദിച്ചു. എന്നാൽ, താരത്തെ കാണാൻ കഴിഞ്ഞതു തന്നെ വലിയ കാര്യമല്ലേ എന്ന നിലപാടിലായിരുന്നു അജിത്. അനുജനും സുഹൃത്തുക്കളും വിട്ടില്ല. അങ്ങനെ അജിത് വീണ്ടും ആലപ്പുഴയിലെ സെറ്റിലെത്തി. 

ajith-chengara-vijay-sethupathy-1

ഇത്തവണ കുറച്ചു തയാറെടുപ്പകളോടെയായിരുന്നു അജിത് എത്തിയത്. വിജയ് സേതുപതിയെപ്പോലെ വസ്ത്രം ധരിച്ച്, അതേ ലുക്കിൽ മുണ്ടും ഷർട്ടുമിട്ട് ഷൂട്ടിങ് സെറ്റിൽ പ്രത്യക്ഷപ്പെട്ട അജിത്തിനെ കണ്ടപ്പോൾ ആരാധകർക്കു സംശയം. വിജയ് സേതുപതി അകത്തു ഷൂട്ടിങ്ങിൽ അല്ലേ... അപ്പോ ഇത്? പലരും കൂടെ നിന്ന് ഫോട്ടോയൊക്കെ എടുത്തു. പ്രൊഡക്ഷനിൽ എല്ലാവരും അറിഞ്ഞു. 

അങ്ങനെ അജിത്തിനെ എല്ലാവരും കൂടി വിജയ് സേതുപതിയുടെ മുന്നിലെത്തിച്ചു. അദ്ദേഹമപ്പോൾ ഷൂട്ടിലായിരുന്നു. കുറച്ചു നേരം കാത്തിരിക്കാമോ എന്നു ചോദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മക്കൾ സെൽവനെത്തി. അജിത്തിനെ കണ്ടതും അടിമുടിയൊരു നോട്ടം. കൗതുകവും സന്തോഷവും നിറഞ്ഞ ആ നോട്ടം കണ്ടപ്പോൾ തന്നെ മനസു നിറഞ്ഞെന്ന് അജിത്. 

ആദ്യം കണ്ടപ്പോൾ സെൽഫി എടുത്തതുകൊണ്ട് ഇത്തവണ ഒരു ഓട്ടോഗ്രാഫ് തരാമോ എന്നാണ് വിജയ് സേതുപതിയോട് അജിത് ചോദിച്ചത്. എന്നാൽ മറ്റൊരു മറുചോദ്യമാണ് അജിത്തിനു നേരെ വന്നത്, ഒരു ഓട്ടോഗ്രാഫ് തരുമോ എന്ന്!! മക്കൾ സെൽവൻ വെറുതെ രസത്തിന് ചോദിച്ചതായിരുന്നില്ല. അജിത്തിൽ നിന്ന് ഓട്ടോഗ്രാഫും വാങ്ങി. വിജയ് സേതുപതിക്ക് നൽകാൻ അജിത് കൊണ്ടുവന്ന ഫോട്ടോ കൊളാഷിലാണ് അജിത്തിന്റെ ഓട്ടോഗ്രാഫ് താരം വാങ്ങിയത്. 

താരത്തിന്റെ ഫിഗറിലുള്ള തന്റെ ഫോട്ടോകളും വിജയ് സേതുപതിയുടെ ഫോട്ടോയും ചേർത്തൊരു കൊളാഷ് തയ്യാറാക്കിയപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അജിത് പോലും കരുതിയിരുന്നില്ല. എന്തായാലും വിജയ് സേതുപതിയോടൊപ്പമുള്ള അജിത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.