Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരൻപിനെ ഇല്ലാതാക്കാൻ ശ്രമിച്ചവരുണ്ട്: നിർമാതാവ് തേനപ്പന് ഇതു മധുരപ്രതികാരം

ram-thenappan-mammootty തേനപ്പൻ , റാം , മമ്മൂട്ടി

മമ്മൂട്ടി എന്ന നടന്റെ പ്രതിഭയെ ഒരിക്കൽക്കൂടി പ്രേക്ഷകർക്കു മുൻപിൽ അനാവരണം ചെയ്യപ്പെട്ട സിനിമയായിരുന്നു പേരൻപ്. ലോകമെമ്പാടും 650 തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി ചിത്രം സൂപ്പർഹിറ്റിലേക്ക് കുതിക്കുമ്പോൾ ചെന്നൈയിലെ വീട്ടിൽ നിർമാതാവ് തേനപ്പൻ പുഞ്ചിരിയോടെ ഈ കുതിപ്പ് നോക്കിക്കാണുകയാണ്. ഓഫ് ബീറ്റ് ചിത്രമാണെന്നു പറഞ്ഞു വിതരണക്കാർ പിന്മാറിയ ചിത്രത്തിന്റെ വിജയക്കുതിപ്പ് തേനപ്പിന് ഒരു മധുരപ്രതികാരം തന്നെയാണ്. 

"നിരവധി വിതരണക്കാരെ ചിത്രത്തിനു വേണ്ടി സമീപിച്ചു. പക്ഷേ, ഇതൊരു ഓഫ് ബീറ്റ് സിനിമയാണെന്നു പറഞ്ഞു വിതരണം ഏറ്റെടുക്കാൻ ആരും തയാറായില്ല. ചിത്രത്തിന്റെ ട്രെയിലർ കണ്ടിട്ട് ‘ഈ സിനിമയൊക്കെ ആരെങ്കിലും വിതരണം ചെയ്യുമോ’ എന്നു ചോദിച്ചവരുണ്ട്. ഒടുവിൽ ഞാൻ തന്നെ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തു. ലോകമെമ്പാടും 650 തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തു. അത്രയും തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നു," നിർമാതാവ് പി.എൽ തേനപ്പൻ മനോരമ ഓൺലൈനോട് പറയുന്നു. 

PL Thenappan Speech

"പേരൻപ് പ്രേക്ഷകർ കാണേണ്ട സിനിമയാണ്. ഈ സിനിമയിൽ എനിക്കു വിശ്വാസമുണ്ടായിരുന്നു. അതു തെറ്റിയില്ല. എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഈ വിജയം തന്നെയാണ് ചിത്രത്തെ പിന്നോട്ടു വലിച്ചിടാൻ നോക്കിയവർക്കുള്ള മറുപടി," തേനപ്പൻ വ്യക്തമാക്കി. 

ആമിർ ഖാൻ, താരേ സമീൻ പർ എന്ന ചിത്രം ചെയ്തപ്പോൾ എല്ലാവരും അഭിനന്ദിച്ചു. തിയറ്ററുകളിൽ നിന്ന് മികച്ച ഓപ്പണിങ് ചിത്രം നേടിയിരുന്നു. എന്നാൽ, മമ്മൂട്ടി എന്ന താരം വ്യത്യസ്തമായ ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ വിതരണക്കാരിൽ നിന്ന് അനുകൂല സമീപനമല്ല ലഭിക്കുന്നത്. ഈ സിനിമയെ ഇല്ലാതാക്കാൻ പലരും ശ്രമിച്ചു. എന്തിനാണ് ഒരു നല്ല സിനിമയെ പ്രേക്ഷകരിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നത്?, തേനപ്പൻ ചോദിക്കുന്നു. 

'ലോകമെമ്പാടും തമിഴിലാണ് ചിത്രം റിലീസ് ചെയ്തിരക്കുന്നത്. ഒരു ഭാഷയിലും മൊഴിമാറ്റവും ചെയ്തിട്ടില്ല. എന്നിട്ടും വിവിധ ഭാഷകളിലുള്ള പ്രേക്ഷകർ ചിത്രത്തെ സ്വീകരിക്കുന്നു. മലേഷ്യയിലും സിംഗപ്പൂരും യു.എസിലും ഓസ്ട്രേലിയയിലും ഒക്കെ നിറഞ്ഞ സദസുകളിൽ പ്രേക്ഷകർ ഈ സിനിമ കാണുന്നു. ഭാഷയ്ക്കപ്പുറം സിനിമയ്ക്ക് പ്രേക്ഷകരോടു സംവദിക്കാൻ കഴിയുമെന്നു തെളിയിക്കുന്നതാണ് പേരൻപിന്റെ വിജയം,' തേനപ്പൻ പറഞ്ഞു. 

"എന്റെ മുപ്പത്തു വർഷത്തെ സിനിമാജീവിതത്തിൽ പല ചിത്രങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ, ഞാൻ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പടം ഏതാണെന്നു ചോദിച്ചാൽ പറയും, ‘പേരൻപ്, ഇതാണ് എന്റെ പടം!", അഭിമാനത്തോടെ തേനപ്പൻ കൂട്ടിച്ചേർത്തു. 

തേനപ്പനും പറയാനുണ്ട് സിനിമയെ വെല്ലുന്ന ജീവിതകഥ

വിതരണക്കാർ വേണ്ടെന്നു വച്ച ഒരു സിനിമയെ ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷരിലേക്ക് എത്തിക്കാൻ തേനപ്പൻ എന്ന നിർമാതാവ് കാണിച്ച ചങ്കൂറ്റം ഒരു രാത്രി കൊണ്ട് പരുവപ്പെട്ടതല്ല. അതിനു പിന്നിൽ വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ട്. പെരുമ്പാവൂരുകാരനായ തേനപ്പൻ തമിഴകത്തെ സൂപ്പർ നിർമാതാവായ കഥ. 

നടൻ ജയറാമിന്റെ അയൽവാസിയായിരുന്നു തേനപ്പൻ. ട്രാവൻകൂർ റയോൺസിൽ ഇലക്‌ട്രീഷ്യനായിരുന്ന കാരയ്‌ക്കുടി സ്വദേശി പളനിയപ്പ ചെട്ടിയാരുടെയും സരസ്വതിയുടെയും മകൻ. റയോൺസ് ലേ ഓഫ് ചെയ്തപ്പോൾ ജോലി തേടി അച്ഛൻ മദിരാശിയിലേക്കു പോയി. വീട്ടിലെ ചെലവുകൾക്കായി തേനപ്പനും ജോലിക്കിറങ്ങേണ്ടിവന്നു. ബാറിൽ ക്ലീനിങ് ബോയി ആയിട്ടായിരുന്നു ആദ്യ ജോലി. ജോലിയും പഠനവുമായി പത്താം ക്ലാസ് വരെ പെരുമ്പാവൂരിൽ തന്നെ. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞപ്പോൾ ജയിക്കില്ലെന്നു ഉറപ്പായി. അതോടെ ജോലി തേടി മദിരാശിയിലേക്ക് വണ്ടി കയറി. അമ്മയുടെ ബന്ധുവിന്റെ സഹായത്തോടെ ബാങ്കിൽ പ്യൂണായി ജോലിക്ക് കയറാനായിരുന്നു പരിപാടി. പത്താം ക്ലാസ് തോറ്റാൽ ബാങ്കിൽ പ്യൂണായി ജോലി ശരിയാക്കാമെന്നായിരുന്നു ബന്ധുവിന്റെ വാഗ്ദാനം. പക്ഷേ, തേനപ്പൻ പത്താം ക്ലാസിൽ ജയിച്ചു. അതോടെ പ്യൂൺ ജോലി നഷ്ടപ്പെട്ടു. പിന്നീട് പല ജോലികൾ... പല വേഷങ്ങൾ.  

ചലച്ചിത്ര നിർമാതാവ് രാമനാരായണന്റെ കമ്പനിയിൽ കാഷ്യറായി ജോലിയിൽ കയറിയത് വഴിത്തിരിവായി. വിശ്വസ്തനായ തേനപ്പനെ സാക്ഷാൽ കമൽഹാസൻ ശ്രദ്ധിക്കാൻ തുടങ്ങിയത് അങ്ങനെയാണ്. സംവിധായകൻ കെ.എസ്. രവികുമാറുമായും തേനപ്പൻ സൗഹൃദത്തിലായി. ഈ സൗഹൃദം തേനപ്പനെ പ്രൊഡക്ഷൻ മാനേജരുടെ കുപ്പായം അണിയിച്ചു. 1998ൽ തേനപ്പൻ ആദ്യ സിനിമ നിർമിച്ചു. കമൽഹാസനും പ്രഭുദേവയും ഒന്നിച്ച കാതലാ കാതലാ എന്ന ചിത്രം സൂപ്പർഹിറ്റായി. തേനപ്പൻ എന്ന സൂപ്പർനിർമാതാവ് അങ്ങനെയാണുണ്ടാകുന്നത്. മലയാളത്തിൽ പ്രണവ് മോഹൻലാലിനെ നായകനാക്കി പുനർജനി എന്ന ചിത്രവും തേനപ്പൻ നിർമിച്ചിട്ടുണ്ട്. മേജർ രവിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു അത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം പ്രണവിന് നേടിക്കൊടുത്ത ചിത്രമായിരുന്നു പുനർജനി. നാൽപതിൽപരം സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള തേനപ്പൻ ഇരുപതു വർഷമായി നിർമാണരംഗത്ത് സജീവമാണ്.  

അതേസമയം പേരൻപ് കേരളത്തിലും സൂപ്പർഹിറ്റായി മുന്നേറുകയാണ്. ഇരുപതോളം തിയറ്ററുകൾ ചിത്രത്തിന് കൂടിയിട്ടുണ്ട്. ആദ്യം രണ്ട് ഷോ മാത്രം കളിച്ചിരുന്ന തിയറ്ററുകളിൽ ഇപ്പോൾ നാല് പ്രദർശനങ്ങളുണ്ട്.  

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.