Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നിൽ സമ്മർദമുണ്ടായിരുന്നു, അതുപോലെ ഒരിക്കലും ഭയന്നിട്ടില്ല: ദുൽഖർ

dulquer-second-show

അഭിനയ ജീവിതത്തില്‍ ഏഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ദുൽഖർ സൽമാൻ. 2012 ഫെബ്രുവരി മൂന്നിന് സെക്കൻഡ് ഷോ എന്ന മലയാളചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് മോളിവുഡും കോളിവുഡും കടന്ന് ബോളിവുഡിൽ എത്തി നിൽക്കുന്നു. 

അഭിനയത്തിന്റെ ഏഴാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും ആരാധകരോട് നന്ദി പറയുകയാണ് ദുല്‍ഖര്‍.  അതേസമയം അരങ്ങേറ്റത്തിൽ തനിക്ക് സമ്മർദം അനുഭവപ്പെട്ടിരുന്നെന്നും താരം വ്യക്തമാക്കി. ‘ഒരു ചുവടു പോലും തെറ്റായി പോകരുതെന്ന തോന്നലായിരുന്നു. അതിലുപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നാണക്കേടാവരുതെന്നും.’–ദുൽഖർ പറയുന്നു.

ദുല്‍ഖർ സൽമാൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം–

‘എന്റെ ആദ്യ ചിത്രം റിലീസ് ചെയ്തിട്ട് ഇന്ന് ഏഴു വര്‍ഷം തികയുന്നു. ഒരു വിരോധാഭാസമെന്ന പോലെ അതിന്റെ പേര് സെക്കന്‍ഡ് ഷോ എന്നായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ഞാൻ അനുഭവിച്ച അത്രയും ഭയം ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ല. അനാവശ്യമായ സമ്മര്‍ദമായിരുന്നു അന്ന് ഞാന്‍ എനിക്കുമേല്‍ ചെലുത്തിയത്. ഒരു ചുവടു പോലും തെറ്റായി പോകരുതെന്ന തോന്നലായിരുന്നു. അതിലുപരി എന്റെ മാതാപിതാക്കള്‍ക്ക് ഒരിക്കലും നാണക്കേടാവരുതെന്നും.’

‘എന്നാല്‍ ആ സിനിമയോട് യെസ് പറഞ്ഞ സമയം തൊട്ട് എല്ലാം വളരെ സാധാരണമായി മുന്നോട്ട് പോയി. ഏകദേശം ആ സമയത്ത് തന്നെയാണ് എന്റെ ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയേയും ഞാന്‍ കണ്ടുമുട്ടിയത്. സെക്കന്‍ഡ് ഷോയുടെ ചിത്രീകരണത്തിനിടെ എന്നെ തേടി ഉസ്താദ് ഹോട്ടലും എത്തി. ആ വര്‍ഷം എന്റെ ജീവിതം മുഴുവനായി മാറിമറഞ്ഞു. ഒരുപക്ഷേ നക്ഷത്രങ്ങളെല്ലാം ക്രമമായതായിരിക്കാം. ഒരുപക്ഷേ എല്ലാം നേരത്തെ എഴുതപ്പെട്ടതായിരുന്നിരിക്കാം. ഒരുപക്ഷേ അതായിരുന്നിരിക്കാം നിയോഗം. ഒരുപക്ഷേ ദൈവത്തിന്റെ ആഗ്രഹം അതായിരുന്നിരിക്കാം.’

‘എന്റെ സ്‌നേഹം നിറഞ്ഞ കുടുംബത്തിന്. സുഹൃത്തുക്കള്‍ക്ക്. മലയാള സിനിമാ മേഖലയിലുള്ള എല്ലാവര്‍ക്കും. മലയാള സിനിമയോടുള്ള സ്‌നേഹവും ബഹുമാനവും സൂക്ഷിച്ചുകൊണ്ട് എന്നെ സ്വാഗതം ചെയ്ത് മറ്റു ഭാഷകളിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും. എല്ലാറ്റിനും ഉപരി സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ക്ക്, അവരുടെ അവസാനിക്കാത്ത സ്‌നേഹത്തിനും പ്രോത്സാഹനത്തിനും. ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ കുമ്പിടുന്നു. ഇതാ അടുത്ത വര്‍ഷത്തിലേക്ക് കടക്കുന്നു.’– ദുല്‍ഖര്‍ കുറിച്ചു.

ദുൽഖറിന്റേതായി മലയാളത്തിലും തമിഴിലും ബോളിവുഡിലും ചിത്രങ്ങൾ ഒരുങ്ങുകയാണ്. വാൻ, കണ്ണും കണ്ണും കൊളളയടൈത്താൽ എന്നിവയാണ് താരത്തിന്റെ തമിഴ് പ്രോജക്ടുകൾ. ഹിന്ദിയിൽ സോയ ഫാക്ടർ ചിത്രീകരണം പുരോഗമിക്കുന്നു. കര്‍വാൻ ആയിരുന്നു ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം.

മലയാളത്തിൽ ഒരു യമണ്ടന്‍ പ്രേമകഥയിലാണ് ദുൽഖർ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‍. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.