Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആ മാനസിക ധൈര്യം പൃഥ്വിക്ക് ലഭിച്ചത് എന്നിലൂടെയാകാം’

sukumran-mallika-prithvi

നയൻ സിനിമയുടെ ട്രെയിലർ കണ്ടപ്പോൾ താനോർത്തത് ഭർത്താവ് സുകുമാരനെയും കുട്ടിക്കാലത്തെ പൃഥ്വിരാജിനെയുമാണെന്ന് മല്ലിക സുകുമാരൻ. ‘ചെറുപ്പകാലത്ത് ഒരുപാട് സംശയങ്ങൾ ചോദിക്കുന്ന കുട്ടിയായിരുന്നു പൃഥ്വിരാജ്. സിനിമയിലെ ഓരോ ഷോട്ടുകളൊക്കെ രണ്ടു മക്കൾക്കും സംശയങ്ങളുണ്ടായിരുന്നു. എന്നാൽ പൃഥ്വിക്ക് സംശയങ്ങൾ കൂടുതലായിരുന്നു. ക്യാമറ അങ്കിൾ ആകാശത്തു നിന്ന് എടുക്കുമോ എന്നൊക്കെ അവൻ ചോദിക്കുമായിരുന്നു.’–മല്ലിക സുകുമാരൻ പറയുന്നു.

‘അതു പലതരത്തിലും എടുക്കാമെന്നൊക്കെ സുകുവേട്ടന്‍ പറയുമായിരുന്നു. മുകളിൽ നിന്നും ക്യാമറ വെച്ചെടുക്കാം ഹെലികോപ്റ്റർ വെച്ചെടുക്കാം എന്നൊക്കെ പറയും. അതു കേൾക്കുമ്പോൾ അവനുണ്ടാകുന്ന സന്തോഷവും ജി‍ഞ്ജാസയുമൊക്കെ ഞാനിപ്പോഴും ഓര്‍ക്കുന്നു. പൃഥ്വിക്ക് അത് ഓർമയുണ്ടോ എന്നറിയില്ല.’

‘എന്നാല്‍ സിനിമ എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നതിനെ സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. ആ ജോലി സുപ്രിയ, എന്റെ മോള് നന്നായി ചെയ്തു. പ്രൊഡക്‌ഷനുമായി ബന്ധപ്പെട്ടുള്ള 75 ശതമാനം ജോലികളും നിര്‍വഹിച്ചത് സുപ്രിയ ആണ്. പൃഥ്വിരാജിന്റെ മാനസികമായ ധൈര്യം എന്നൊക്കെ പറയുന്നത് ഒരുപക്ഷേ എന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളില്‍ ഞാന്‍ കാണിച്ച ഒരു മനോബലമാണ്. ഞാന്‍ എന്റെ മക്കളിലേക്ക് നിര്‍ബന്ധപൂര്‍വം അത് തിരികി കയറ്റാന്‍ ശ്രമിച്ചിട്ടില്ല. എന്നാലും ആ ഒരു മാനസിക ബലമായിരിക്കാം ചില സന്ദര്‍ഭങ്ങളൊക്കെ ധൈര്യപൂര്‍വം അതിജീവിച്ച് എന്റെ മോന്‍ മുന്നോട്ട് പോയിട്ടുള്ളത്. സ്വന്തം ജീവിതത്തിലെ കാഴ്ചപ്പാടുകളും അനുഭവങ്ങളുമൊക്കെ തന്നെയായിരിക്കാം നയന്‍ എന്ന ചിത്രം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ പൃഥ്വിരാജിന് കഴിഞ്ഞത്- മല്ലിക കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് നിര്‍മിക്കുന്ന നയന്‍ എന്ന സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.