Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാമാങ്കത്തിൽ നിന്ന് സംവിധായകനെ മാറ്റിയത് അതിക്രൂരം: അണിയറപ്രവർത്തകന്റെ വെളിപ്പെടുത്തൽ

mamankam-aadhi-kiran

മാമാങ്കത്തിൽ നിന്ന് സംവിധായകനെ മാറ്റിയത് അതിക്രൂരമായ പ്രവർത്തിയാണെന്നും തന്റെ  കുഞ്ഞുമായി പെറ്റമ്മയ്ക്ക് ഇനി യാതൊരു ബന്ധവുമില്ലെന്ന് വളർത്തച്ഛൻ പറയുമ്പോലെ നൈതികതയ്ക്ക് നിരക്കാത്തതാണെന്നും മാമാങ്കം ചിത്രത്തിന്റെ അണിയറപ്രവർത്തകരിലൊരാളായ ആദി കിരൺ. മാമാങ്കത്തിന്റെ ഒപ്പം ആദ്യം മുതലുണ്ടായിരുന്ന ആദി കിരൺ വിവാദങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 

‘സജീവ് പിള്ളയ്ക്ക് മാമാങ്കമെന്ന സിനിമയുമായി ഇനിയൊരു ബന്ധവുമില്ല എന്ന നിർമാതാവിന്റെ വാക്കുകളാണ് ഈ കുറിപ്പിന് ആധാരം. കുഞ്ഞുമായി പെറ്റമ്മയ്ക്ക് ഇനി യാതൊരു ബന്ധവുമില്ലെന്ന് വളർത്തച്ഛൻ പറയുമ്പോലെ അതിക്രൂരവും നൈതികതയ്ക്ക് നിരക്കാത്തതും നിഷ്ഠൂരവുമാണ് ആ വാക്കുകൾ..!!

ഞാൻ മാമാങ്കമെന്ന ചിത്രത്തിൽ ആദ്യം ജോയിൻ ചെയ്യുന്ന സംഘാംഗമാണ്, 2017 ജൂൺ മാസത്തിലായിരുന്നു അത്. അന്നു മുതൽ സംവിധായകന്റെ ആ ബൃഹത് സ്വപ്നമെന്താണെന്നും അതിനായി അദ്ദേഹത്തിന്റെ കഠിനാധ്വാനം എന്തുമാത്രമുണ്ടെന്നും അടുത്തറിയാം. അദ്ദേഹം കഴിവുകെട്ടവനാണെന്നും മോശം പ്രോഡക്ട് ഉണ്ടാക്കിയിരിക്കുന്നു എന്നുമൊക്കെയുള്ള വാദങ്ങൾ ഉയർന്നത്, ഇതൊക്കെ നന്നായറിയുന്ന ഞങ്ങളെപ്പോലുള്ളവരെ ചെറുതല്ലാത്ത വിധം അസ്വസ്ഥരാക്കുന്നുണ്ട്.

ജോയിൻ ചെയ്ത അന്നു തന്നെ പുസ്തകരൂപത്തിലുള്ള തിരക്കഥ കിട്ടുന്നു. വായിച്ച രാത്രി സത്യത്തിൽ എക്സൈറ്റ്മെന്റ് കാരണം ഉറങ്ങാനായില്ല. നോൺലീനിയറായ അതിന്റെ ഘടനയിലും കഥകൾക്കുള്ളിലെ കഥകളായുള്ള ഇഴപിരിയലിലും ത്രില്ലർ സ്വഭാവത്താലും കേന്ദ്രകഥാപാത്രത്തിന്റെ വ്യത്യസ്തവും പുതുമയുള്ളതുമായ ഗെറ്റപ്പുകളാലും വലിയ സ്കെയിലിലെ ആക്‌ഷൻ രംഗങ്ങളാലും ഹൃദയത്തെ തൊടുന്ന വികാരതീവ്രരംഗങ്ങളാലും ലോക ഭൂമികയുടെ അടയാളങ്ങളാലും സമ്പന്നമായിരുന്നു തിരക്കഥ. തിരക്കഥ അതിന്റെ ഭാഷകൊണ്ട് കൂടി അത്ഭുതപ്പെടുത്തി. വായിച്ച ഏതൊരാളും തിരക്കഥാകൃത്തിന് ആരാധനയോടെ കൈ കൊടുത്തു പോകും ഉറപ്പ്.

കഠിനമായ മുന്നൊരുക്കത്തിന്റെ ഉറക്കമില്ലാത്ത രാപകലുകളായിരുന്നു പിന്നെ. ആ കാലത്താണ് അറിഞ്ഞത് അദ്ദേഹം രണ്ട് ഭാഗങ്ങളായി ത്രിഡിയിൽ ചെയ്യാൻ സ്വപ്നം കണ്ട ചിത്രമായിരുന്നു മാമാങ്കം. ഒരു ഭാഗത്തിന്റെ സമയപരിമിതിയിലേക്ക് ഒതുങ്ങിയപ്പോൾ ആ കാലത്തെ ലോകഭൂമികയെ അടയാളപ്പെടുത്തുന്ന രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നു. ഈ തിരക്കഥയ്ക്ക് അൻപതിനടുത്ത് വെർഷനുകളുണ്ടെന്നത് അന്ന് ഞങ്ങളെ ഞെട്ടിച്ച അറിവാണ്. സ്വയം പ്രദർശിപ്പിക്കുന്ന ഒരു സ്വഭാവക്കാരനല്ലാത്തതിനാൽ അദ്ദേഹത്തിന്റെ വലിയ അധ്വാനങ്ങളുടെ വലിപ്പം ഒട്ടും പ്രദർശിപ്പിച്ചിരുന്നില്ല.

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പ്രമുഖമായ കളരികളിൽ നേരിട്ടെത്തി ഓഡിഷൻ നടത്തി ഒട്ടേറെപ്പേരെ ചിത്രത്തിനായി തെരഞ്ഞെടുത്തു, സംവിധായകന്റെ മനസ്സിലുള്ള ഇടങ്ങൾ തേടി ഒത്തിരി അലഞ്ഞു. ഓരോ ഷോട്ടുകളും വ്യക്തമായി പ്ലാൻ ചെയ്ത് സ്റ്റോറിബോർഡ് തയ്യാറാക്കി. സംവിധായകന്റെ മനസ്സിലെ ആക്‌ഷന്റെ ആശയങ്ങളെ ആധാരമാക്കി പ്രീവിസ് വിഡിയോ ചെയ്തു. ഓരോ ഡിപ്പാർട്ട്മെന്റിനും അവർക്കായുള്ള ബൈൻഡഡ് പ്ലാനുകൾ നൽകി. ഒപ്പം ധ്രുവനും ചിത്രത്തിലെ മറ്റൊരു താരവും കളരി പരിശീലനങ്ങൾ തുടങ്ങി. അവർക്ക് തിരക്കഥാ വർക്ക്ഷോപ്പുകളും ഉണ്ടായിരുന്നു. ധ്രുവൻ കളരിയിലും ജിമ്മിലും തിരക്കഥാ പഠനത്തിലും അത്യധ്വാനം ചെയ്തു. ധ്രുവൻ പ്രാർത്ഥനാപൂർവം കരാറൊപ്പിടുന്ന രംഗം ഇപ്പോൾ മനസ്സിലൊരു നീറ്റലായുണ്ട്.

ഫസ്റ്റ് ഷെഡ്യൂൾ ചില കാരണങ്ങളാൽ, പ്ലാൻ ചെയ്തതിനും ഏറെ മുന്നെ ആരംഭിക്കേണ്ടി വന്നു. മൂന്ന് ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ കെച്ചെയുടെ ജെയ്ക്ക സ്റ്റണ്ട് ടീമും അതിന് കളരി സ്വഭാവം കൊടുക്കാൻ കോഴിക്കോട് CVN കളരിയിലെ സുനിൽ ഗുരുക്കളും ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങൾ ആക്‌ഷൻ റിഹേഴ്സൽ ഉണ്ടായിരുന്നു. ആക്‌ഷൻ രംഗങ്ങളിൽ മമ്മൂക്ക ആവേശത്തോടെ യഥാർഥ ഉറുമി വീശിയത് ഞങ്ങളുടെ ടീമിനെയാകെ അദ്ഭുതമായി. 

പരുക്കേറ്റ അവസരത്തിൽ എതിരെ നിന്ന് വാൾ വീശിയ ആളെ കുറ്റപ്പെട്ടുത്താതെ ടൈമിങ് തെറ്റിയാൽ അപകടം ആർക്കും സംഭവിക്കാമെന്നതായിരുന്നു മമ്മൂക്കയുടെ വാദം. പരുക്ക് വകവെയ്ക്കാതെ പഴയ ആവേശത്തോടെ മമ്മൂക്ക ഫൈറ്റ് ചെയ്തു. മമ്മൂക്ക ഇതേവരെ അവതരിപ്പിച്ചിട്ടില്ലാത്ത സ്വഭാവവൈശിഷ്ട്യമുള്ള കഥാപാത്രം അനായാസമായാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനങ്ങൾ ലൈവ് ആയി കാണാനായി.

സിനിമയിലെ ഓരോ ഘടകങ്ങളിലും സംവിധായകന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സെറ്റിന്റെ ഓരോ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. കോസ്റ്റ്യൂംസ്, അവയുടെ നിറങ്ങൾ മെറ്റീരിയൽ, അതിന്റെ ഡിസൈൻ എന്നിവയിൽ തുടങ്ങി ഓരോ ക്യാരക്ടറുകളുടേയും ഗെറ്റപ്പിൽ ഒക്കെയും അതത് സംഘങ്ങൾക്ക് അദ്ദേഹത്തിന്റെ കൃത്യവും വ്യക്തവുമായ നിർദ്ദേശങ്ങളുണ്ടായിരുന്നു. 

VFX കാര്യങ്ങളിലുള്ള സംവിധായകന്റെ വലിയ അറിവ് മലയാളത്തിലെ പ്രഗത്ഭനായ ഒരു സീനിയർ സംവിധായകനുമായുള്ള അനൗപചാരിക ചർച്ചയിൽ ബോധ്യമായതാണെന്ന് നിർമാതാവ് അഭിമാനത്തോടെ പറഞ്ഞിട്ടുള്ളതാണ്. മാമാങ്കത്തിന്റെ തിരക്കഥയെ ഒരു പ്രധാന നടൻ മലയാളത്തിന്റെ സാഹിത്യത്തിലേയും തിരക്കഥയിലേയും കുലപതിയുടെ രചനയ്ക്കൊപ്പം ചേർത്ത് പുകഴ്ത്തിയത് വേണു സാർ (വേണുകുന്നപ്പിള്ളി) തന്നെയാണ് ഞങ്ങളുമായി പങ്കുവെച്ചിട്ടുള്ളത്.

ഷൂട്ട് നടക്കുന്ന വേളയിൽ അതീവ ശ്രദ്ധവേണ്ട ക്രിയേറ്റീവ് വർക്ക് ചെയ്യുന്ന സംവിധായകനെ സമ്മർദ്ദത്തിലാക്കാതിരിക്കുക എന്നത് ആദ്യമായി സിനിമയിൽ സഹകരിക്കുന്ന ആൾക്ക് പോലും അറിയാവുന്ന ബാലപാഠമാണ്. പക്ഷെ രണ്ടാം ഷെഡ്യൂളിന്റെ ഘട്ടത്തിൽ അദ്ദേഹം നിർമാണ സംഘം വഴി അനുഭവിച്ച സംഘർഷം ഞങ്ങൾക്കെല്ലാം ബോധ്യമുള്ളതാണ്. 17 ദിവസങ്ങൾ അദ്ദേഹം നന്നായി ഉറങ്ങിയിട്ട് പോലുമില്ലായെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹത്തിന്റെ മനസ്സിൽ സിനിമ മാത്രമായിരുന്നു. അതിനു വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു ആ ജീവിതം. 

ഇത്രയും വലിയ ചിത്രത്തിന്റെ യാതൊരു സൗകര്യങ്ങളും സംവിധായകൻ ഉപയോഗിച്ചിരുന്നില്ലെന്നതാണ് സത്യം. എറണാകുളത്തെ ഷൂട്ട് സമയത്ത് അദ്ദേഹം കാലങ്ങളായി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്നാണ് ലൊക്കേഷനിലേക്ക് വന്നിരുന്നത്. ആദ്യ ഷെഡ്യൂളിലെ ചീഫ് അസോസിയേറ്റ് ഉൾപ്പെടെ 8 പേരെ ഒഴിവാക്കിയത് അവർ സംവിധായകന്റെ മനസ്സിനൊപ്പം പണിയെടുത്തു എന്നതു കൊണ്ടാണോ ! പുതിയതായി എത്തിയ രണ്ട് അന്യഭാഷാ അസോസിയേറ്റുകൾക്ക് ചിത്രത്തിന്റെ തിരക്കഥയിലുള്ള ബോധ്യം എത്രമാത്രമാണെന്ന് ഞങ്ങൾക്ക് നന്നായറിയാം. അവർ ആർക്ക് വേണ്ടിയാണ് പണിയെടുത്തതെന്നും സുവ്യക്തമാണ്. നല്ല നിർമാതാക്കൾ സംവിധായകന്റെ ക്രിയേറ്റീവ് സ്പേസിൽ കൈ കടത്തില്ലെന്നതാണ് കേട്ടറിവ്. പക്ഷെ ഇടപെടൽ ഇവിടെ പരമാവധിയിലായിരുന്നു.

പ്രോജക്ടിന്റെ ആരംഭ ഘട്ടം മുതൽ തന്നെ 'ഇത് നന്നായി പോകുമെന്ന് തോന്നുന്നില്ല നിങ്ങൾ തയാറായി ഇരുന്നോളു' എന്ന് എത്രയോ തവണ സജീവേട്ടൻ ഞങ്ങളോട് പറഞ്ഞിരിക്കുന്നു. സമ്മർദ്ദം ചെലുത്തി അവരുടെ വരുതിയിലാക്കുക എന്നതായിരുന്നു നിർമാണ സംഘം ആദ്യം മുതൽ അനുവർത്തിച്ച തന്ത്രം. നിലപാടും നിശ്ചയദാർഢ്യവുമുള്ളവരെ കൈകാര്യം ചെയ്തിട്ടില്ലാത്തതിന്റെ പിശകാണ് അവർ കാണിച്ചത്. കരാറിനുള്ളിൽ ഏകപക്ഷീയമായ ഒരു മനസ്സ് കാണാം, വല്ലാണ്ട് കുശാഗ്രവും ഒട്ടും ശുദ്ധമല്ലാത്തതുമായ ഒരു മനസ്സ്.

ഇത്രയേറെപ്പേരെ വെട്ടിനിരത്തിയ ഒരു പ്രോജക്ട് സിനിമാ ചരിത്രത്തിലാദ്യമാവും ! ആദ്യ ഷെഡ്യൂളിന് ശേഷം ചീഫ് അസോസിയേറ്റ് ഉൾപ്പെടെ 8 പേർ ഡയറക്ഷൻ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു. രണ്ടാം ഷെഡ്യൂളിന് ശേഷം കെച്ചെ (ആക്‌ഷൻ കൊറിയോഗ്രഫർ), ഗണേഷ് രാജവേലു (ഛായാഗ്രഹണം), സുനിൽ ബാബു (ആർട്ട് ഡയറക്ടർ), അനുവർദ്ധൻ (കോസ്റ്റ്യൂം ഡിസൈനർ) ചിത്രത്തിലെ ഒരു പ്രധാന അഭിനേതാവായിരുന്ന ധ്രുവൻ, ഒടുവിൽ ചിത്രത്തിന്റെ സംവിധായകനും..! അദ്ദേഹത്തിനൊപ്പം നാല് സംവിധാന സഹായികളും ഒഴിവാക്കപ്പെട്ടു. സജീവ് പിള്ള പ്രോജക്ടിലില്ല എങ്കിൽ താനും ചിത്രത്തിൽ തുടരില്ല എന്ന് എഡിറ്റർ ശ്രീകർ പ്രസാദ് സാറും പറഞ്ഞു !

രണ്ടാം ഷെഡ്യൂളിന് ശേഷമാണ് നിർബന്ധപൂർവ്വമായ തിരക്കഥാതിരുത്തൽ ആരംഭിക്കുന്നത് (ഇത്ര ഗംഭീരമായ തിരക്കഥയുടെ തിരുത്തൽ ആവശ്യങ്ങൾ ഇനിയും പൂർണ്ണ അർത്ഥത്തിൽ ദഹിച്ചിട്ടില്ല). മിക്ക ചർച്ചയിലും ഭാഗമായിരുന്നതിനാൽ ചെയ്യാൻ പാടില്ലാത്തതെന്തോ ചെയ്യുന്നതിന് സാക്ഷിയാവേണ്ടി വന്നതിന്റെ പിടച്ചിൽ ഇനിയും മാറിയിട്ടില്ല. ആ കാലത്തെ അടയാളപ്പെടുത്തുന്ന വിദേശ സാനിധ്യവും അവരുടെ നിർണായകമായ ഇടപെടലുകളും ഒഴിവാക്കപ്പെട്ടു. 

ഞങ്ങളത്ഭുതപ്പെട്ട വലിയ സ്കെയിലിലുള്ള ഒട്ടേറെ സീനുകൾ ഒഴിവാക്കപ്പെട്ടു. ഇനിയുമിനിയും എന്നാവർത്തിച്ചു കൊണ്ടേയിരുന്ന സ്ക്രിപ്റ്റ് എഡിറ്റിംഗ്. ശരിക്കും ചിത്രത്തിന്റെ ആത്മാവിനെ ബാധിക്കും വിധമായി തിരുത്തൽ നിർദ്ദേശങ്ങൾ. ചില കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ തന്നെയും മാറ്റാൻ സമ്മർദ്ദം ചെലുത്തി. ഒടുവിൽ ക്ലൈമാക്സും സാധാരണ മാസ് മസാലയിലേക്ക് നിർബന്ധിക്കപ്പെട്ടു. സംവിധായകന്റെ വിസമ്മതത്തിൽ കുരുങ്ങി കാര്യങ്ങൾ വീണ്ടും നീണ്ടു. പിന്നെ സംവിധായകന്റെ അറിവോ സമ്മതമോ ഇല്ലാതെ തെലുങ്കിൽ നിന്ന് സ്ക്രിപ്റ്റ് ഡോക്ടർ വരുന്നു. നമ്മുടെ സംസ്കാരത്തിന്റെ വേരുകളിലേയ്ക്ക് ആഴ്ന്ന ഒരു കഥ ബാഹുബലി ശൈലിയിൽ തിരുത്തപ്പെടണം, അതിനാണ് തെലുങ്ക് ഡോക്ടർ.

നല്ല ആരോഗ്യമുണ്ടെന്ന് കണ്ടവരെല്ലാം പറഞ്ഞ കുട്ടിയെ അസുഖമാരോപിച്ച് വകുപ്പറിയാത്ത ഡോക്ടറെ കൊണ്ട് ചികിത്സിപ്പിച്ച് ഇപ്പോൾ ഏത് നിലയിലാണെന്ന് അറിയാൻ അമ്മയ്ക്ക് അനുവാദമില്ല. അമ്മയ്ക്ക് കുഞ്ഞുമായി ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് വളർത്തച്ഛൻ അതിനെ മറ്റൊരമ്മയുടെ ഒക്കത്ത് കയറ്റിയിരുത്തിയിരിക്കയാണ്. ആ കുഞ്ഞിനെ അറിയുന്ന ഓരോരുത്തർക്കും അതിന്റെ നിലവിളി കേൾക്കാം. ഞങ്ങൾക്കത് ഒട്ടും സഹിക്കാനാവുന്നില്ലെന്നതാണ് സത്യം !

പ്രശ്നങ്ങളാരംഭിച്ച് ആറ് മാസത്തോളമായി ഞങ്ങൾക്ക് ഉറക്കം നഷ്ടമായി. അപ്പോഴും 'നമ്മൾ റിയാലിറ്റി ഫെയ്സ് ചെയ്യണം' എന്നാവർത്തിച്ച് ചിരിക്കുന്ന ഞങ്ങളുടെ പ്രിയ സജീവേട്ടൻ ഇതെങ്ങനെ സഹിക്കുന്നു എന്ന ചിന്തയിൽ തന്നെ ഞങ്ങളുടെ ബോധം നഷ്ടമാവുന്നു !

അദ്ദേഹത്തിന് പണിയറിയില്ലെന്ന് പറഞ്ഞ് പരത്തുന്നവർ തുറന്ന മനസ്സോടെ വന്നാൽ അദ്ദേഹം ചെയ്ത വർക്കുകളുടെ ഫൂട്ടേജ് കാണിച്ചു തരാം. നമ്മുടെ ചരിത്രവുമായി ബന്ധപ്പെട്ട രാജ്യാന്തര നിലവാരമുള്ള ഡോക്യുമെന്ററികൾ . 15 ദിവസത്തോളം ഉൾക്കടലിൽ തങ്ങി ഷൂട്ട് ചെയ്ത കന്യാകുമാരി ജില്ലയിലെ തുത്തൂരിലെ ചങ്കുറപ്പുള്ള സ്രാവ് വേട്ടക്കാരുടേയും കഥ പറയുന്ന ലോങ് സെയിൽസ്. മസ്തിഷ്ക ശാസ്ത്രത്തിന്റെ വികാസ ചരിത്രം ആയുർവേദ കാലം മുതൽ ഇന്നിന്റെ ഉന്നത സാങ്കേതിക കാലം വരെ നീളുന്ന ഒരു ദൃശ്യ യാത്രയാണ് Exploration of Brain. Ancient Civilizations, Kalaripayattu, Islands of Lost Rhythms, Mohiniyattam എന്നിവയും അദ്ദേഹം ഈ മാധ്യമത്തെ എത്ര ഗൗരവത്തോടെയാണ് കാണുന്നതെന്നതിന്റെ തെളിവാണ്. 

അദ്ദേഹം തന്റെ സുഹൃത്തുക്കളുമായി ചേർന്ന് നിർമിച്ച 'പെൺകൊടി' എന്ന ചിത്രം കണ്ട ഒരുവനാണ്. ഈ മാധ്യമത്തിൽ അദ്ദേഹത്തിനുള്ള വഴക്കവും ദൃശ്യഭാഷാ പ്രാവീണ്യവും ക്രാഫ്റ്റും വ്യക്തമാക്കുന്ന ചെറിയ സ്കെയിലിലുള്ള ചിത്രമാണത്. അസ്വസ്ഥതയുടെ കനലുകൾ കോരിയിടുന്ന ഒരു പെൺമനസ്സിന്റെ യാത്രയാണീ ചിത്രം. പ്രഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന്റെ ഒരു ഫീച്ചർ ഫിലിം അടക്കം അഞ്ച് ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുമുണ്ട്.

നിലപാടും ആത്മാഭിമാനവും കൈമുതലായുള്ള വള്ളുവനാടൻ ചാവേറിന്റെ കഥ പറയാനെത്തിയ കഥാകാരന് കഥ അറം പറ്റിയോ ! വെട്ടി ജയിക്കുക അല്ലെങ്കിൽ വെട്ടി മരിക്കുക അതാണ് വള്ളുവനാടൻ സ്ഥൈര്യം. സജീവേട്ടനെ മലയാള സിനിമയിൽ വെച്ചേക്കില്ലെന്ന ഭീഷണി വരെ ഉണ്ടായി..! അങ്ങനെ സംഭവിച്ചാൽ നഷ്ടം മലയാള സിനിമയ്ക്കാവും ഉറപ്പ്. ഇതിലും എത്രയോ വലിയ ചിത്രങ്ങളും വളരെ അർത്ഥവത്തായ ചെറുചിത്രങ്ങളും അദ്ദേഹത്തിന്റെ മനസ്സിലും കൈയിലുണ്ട് മലയാളത്തിനത് നഷ്ടമായിക്കൂടാ.

ഒരാൾക്ക് ഗോഡ്ഫാദറും ഒരു സിനിമാ സംഘങ്ങളുടേയും പിന്തുണയും ഇല്ലാതിരുന്നാൽ അയാളെ തീർത്തവസാനിപ്പിക്കാമെന്ന ചിന്ത അപകടകരവും ജനാധിപത്യവിരുദ്ധവുമാണ്. 

ഓർക്കുക ആ കുഞ്ഞ് പെറ്റൊരാളുടേതാണ് അല്ലാതെ വളർത്തച്ഛൻ എടുത്തിരുത്തിയ ആ ഇടുപ്പിന്റെ ഉടമയുടേതല്ല.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.