ADVERTISEMENT

മഹേഷേട്ടൻ ആള് ലോലനായിരിക്കും, എന്നാൽ അതേ മഹേഷേട്ടനെ സൃഷ്ടിച്ച ശ്യാം പുഷ്ക്കരൻ ഫഹദിനു കൊടുത്ത പുതിയ കഥാപാത്രമായ ഷമ്മി ആളത്ര വെടിപ്പല്ല. കുമ്പളങ്ങി നൈറ്റ്സിലെ വില്ലനായ ഷമ്മി ഫഹദ് ഇതു വരെ ചെയ്ത നെഗറ്റീവ് കഥാപാത്രങ്ങൾ പോലെയല്ല എന്നു പറയാൻ കാരണമുണ്ട്. ചിത്രത്തിന്റെ നിർമാതാക്കളിലൊരാളുമായ നസ്രിയയെ പോലും ഷമ്മിയെ പോലെയാണോ ഫഹദ് എന്ന ഒരു ചോദ്യം വളരെ അസ്വസ്ഥയാക്കി. 

 

Kumbalangi Get Together | Episode 1

കുമ്പളങ്ങിയുടെ അണിയറപ്രവർത്തകർ ഒന്നിച്ച വിഡിയോയിലാണ് ഫഹദിനെ കുഴക്കിയ ചോദ്യം അവതാരകൻ ചോദിച്ചത്. ജീവിതത്തിൽ എവിടെയെങ്കിലും ഷമ്മിയുടെ സ്വഭാവം ഉണ്ടോ എന്ന് ഫഹദിനോട് അവതാരകൻ ചോദിക്കുമ്പോൾ, ഇല്ലെന്ന് പറയൂ എന്ന് നസ്രിയ ഉറക്കെ പറഞ്ഞു. എനിക്ക് പുറത്തിറങ്ങി നടക്കേണ്ടതാണ് ഇല്ലെന്നു പറയൂ എന്ന് നസ്രിയ ആവർത്തിച്ചു. ഷമ്മിയെക്കുറിച്ച് ഏകദേശരൂപം കിട്ടാൻ ഇതു പോരെ ? 

 

എനിക്ക് ഷമ്മിയെ പോലൊരാളെ അറിയില്ല. ജീവിതത്തിൽ ആദ്യമായാണ് ഇതുപോലൊരു കഥാപാത്രത്തെക്കുറിച്ച് കേൾക്കുന്നത് തന്നെ. ഫഹദ് പറഞ്ഞു. 

 

‘നമ്മുടെ എല്ലാവരുടെ ഉള്ളിലും ഒരു ഷമ്മിയുണ്ട്. ഡാർക് ഷെയ്ഡ് ഉള്ള കംപ്ലീറ്റ് മാൻ’ ശ്യാം പുഷ്കറിനു പറയാനുള്ളത് ഇതായിരുന്നു. ചിത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുവാനും അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനുമായിരുന്നു അണിയറക്കാരുടെ ഈ ഒത്തുചേരൽ. ഫഹദ്, നസ്രിയ, സൗബിൻ ഷാഹിർ, സുഷിൻ ശ്യാം, മധു സി. നാരായണൻ, ശ്യാം പുഷ്കർ, ഷെയ്ൻ നിഗം, അന്ന ബെൻ തുടങ്ങിയവർ സിനിമയിലെ രസകരമായ നിമിഷങ്ങൾ പങ്കുവെച്ചു.

 

ദിലീഷ് പോത്തൻ: കുമ്പളങ്ങി നൈറ്റ്സിന്റെ പണി കഴിഞ്ഞിരിക്കുന്നതിന്റെ സന്തോഷത്തിലാണ്. ഫഹദും നസ്രിയയും ശ്യാമും ഞാനും ചേർന്ന് പടം ചെയ്യാൻ തീരുമാനിച്ചിരുന്നു. കുമ്പളങ്ങിയുടെ സംവിധായകനായ മധുവും ഞാനും ആഷിക്കേട്ടന്റെ (ആഷിക്ക് അബു) അസോഷ്യേറ്റ് ആയി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. മധുവിന്റെ സിനിമയിൽ നിർമാതാക്കളായി പിന്നിൽ നിൽക്കുക എന്നതായിരുന്നു ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. എല്ലാ അർത്ഥത്തിലും ഇപ്പോൾ തൃപ്തരാണ്. 

 

മധു സി. നാരായണൻ: ഞാനും ശ്യാമും വളരെക്കാലമായി ആലോചിച്ചുകൊണ്ടിരുന്ന സ്ക്രിപ്റ്റ് ആണ് കുമ്പളങ്ങി നൈറ്റ്സ്. പോത്തേട്ടൻ ചിത്രം നിർമിക്കാം എന്നു പറയുന്നിടത്താണ് എന്റെ ആത്മവിശ്വാസം വർധിച്ചത്. കൂടെയുള്ളവരെല്ലാം പിന്തുണ നൽകി. സിനിമ നന്നായിട്ട് വന്നിട്ടുണ്ടെന്നാണ് വിശ്വാസം.

 

ശ്യാമിന്റെ തിരക്കഥയിൽ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അതായിരുന്നു എന്റെ വെല്ലുവിളി. എന്നാൽ എല്ലാവരും കൂടെ നിന്നപ്പോൾ അതൊക്കെ മാറി.

 

ശ്യാം പുഷ്കരൻ: കുറേകാലം മുമ്പ് മനസ്സിൽ വന്നൊരു ചിന്തയാണ് കുമ്പളങ്ങി നൈറ്റ്സ്. അന്നുതന്നെ ഈ കഥാപാത്രങ്ങളും കൈയിലുണ്ടായിരുന്നു. ഇടയ്ക്കാണ് ഫഹദിനെ കണ്ട് സിനിമയെക്കുറിച്ച് പറയുന്നത്. അദ്ദേഹം സന്തോഷത്തോടെ തന്നെ ചിത്രം നിർമിക്കാമെന്ന് ഏറ്റു. സിനിമയിലെ ചെറിയൊരു കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ അതും ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെയാണ് തുടക്കം.

 

ഷെയ്ൻ ചിത്രത്തിൽ അടിപൊളിയാണ്. അവന്റെയൊരു മേക്കോവർ ക്യാരക്ടർ ആയിരിക്കും ഈ ചിത്രത്തിലേതെന്ന് എനിക്ക് ഉറപ്പുണ്ട്. ഭയങ്കര നിരാശ നിറഞ്ഞ, അല്ലെങ്കിൽ ബാധ്യതകളുള്ള കഥാപാത്രങ്ങളെയാണ് ഷെയ്ൻ കൂടുതലും ചെയ്തിട്ടുള്ളത്. ഈ ചെറുപ്രായത്തിൽ അത്തരം കഥാപാത്രങ്ങള്‍ െചയ്ത് അവന്റെ കൂമ്പ് കുറച്ച് വാടിയിട്ടുണ്ട്. അത് ഇത്തവണ മാറും. ജീവിതത്തിലും അവനെപ്പോലൊരു കഥാപാത്രമാണ് ഈ സിനിമയിലേത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com