ADVERTISEMENT

‘തോല്‍ക്കുമ്പോൾ പെട്ടെന്നു തളർന്നുപോകുന്ന ആളാണോ?’ ദിലീഷ് പോത്തന്റെ ചോദ്യം ഫഹദിനോടായിരുന്നു. ‘തോൽവിയിൽനിന്നു തുടങ്ങിയ ആളല്ലേ ഞാൻ, ഇതുവരെയും തളർന്നിട്ടില്ല’.– ഫഹദ് മറുപടിയായി പറഞ്ഞു. രണ്ടാം വരവിൽ ഒന്നിനൊന്ന് വ്യത്യസ്തകഥാപാത്രങ്ങൾ ചെയ്യുന്ന ഫഹദിന്റെ പുതിയ അവതാരം ഷമ്മി, മലയാളി പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സിലെ വില്ലനെന്നോ നായകനെന്നോ ഒക്കെ ഷമ്മിയെ വിശേഷിപ്പിക്കാം. കുമ്പളങ്ങിയുടെ അണിയറപ്രവർത്തകർ ഒന്നിച്ച വിഡിയോയില്‍ ദിലീഷ് പോത്തൻ ഷമ്മിയെക്കുറിച്ചും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകളെക്കുറിച്ചും ഫഹദിനോടു ചോദിക്കുന്നുണ്ട്....

ദിലീഷ് പോത്തൻ: ഫഹദ് എന്ന നടൻ തന്റെ കരിയറിന്റെ ഉയർച്ചയിൽ നിൽക്കുമ്പോഴാണ് ഷമ്മി എന്ന വളരെ ചെറുതായൊരു കഥാപാത്രം ചെയ്യുന്നത്. ഷമ്മിയെ തിരഞ്ഞെടുക്കാനുള്ള കാരണം.

ഫഹദ്: ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കാം എന്നു സമ്മതിച്ചു കഴിഞ്ഞ്, ഒരുപാട് നാളുകൾക്കു ശേഷമാണ് നിർമാണം ഏറ്റെടുക്കുന്നത്. നിർമാതാവായതുകൊണ്ട് അഭിനയിച്ചതല്ല. നിർമിക്കുന്ന സിനിമകളിൽ അഭിനയിച്ചേ തീരൂ എന്ന തീരുമാനം ഞാൻ എടുക്കാറില്ല.

Kumbalangi Get Together | Episode 2

നിങ്ങൾ തന്ന നരേഷൻ ആണ് ആകർഷിച്ചത്. ഇതൊരു ഗംഭീര സിനിമയാകും എന്ന് ഉറപ്പുണ്ടായിരുന്നു. ഗംഭീര സിനിമയിൽ ഏത് റോൾ ചെയ്താലും നന്നാകും. എന്നെവെച്ച് ബിസ്സിനസ് നടക്കാത്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു കഥാപാത്രം ചെയ്യുന്നതെങ്കില്‍ കാര്യമില്ല. ഇപ്പോഴാണ് ആ കഥാപാത്രം ഞാൻ ചെയ്യേണ്ടതെന്ന് എനിക്ക് തോന്നിയിരുന്നു.

ദിലീഷ് പോത്തൻ: ഷമ്മി എന്ന കഥാപാത്രം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന തോന്നലുണ്ടായിരുന്നോ?

ഫഹദ്: ഏത് കഥാപാത്രം ചെയ്താലും, ആ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിൽ എന്തെങ്കിലുമൊരു കാര്യം നമ്മൾ സംവദിച്ചിരിക്കണം. ഒരു സിനിമയിൽ വില്ലനായി അഭിനയിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, വില്ലൻ പറയുന്ന ഏതെങ്കിലും ഒരുകാര്യത്തിൽ ഉറച്ച് നിൽക്കണം. കുമ്പളങ്ങി നൈറ്റ്സിൽത്തന്നെ ഷമ്മിയുടെ കുറെ വൃത്തികെട്ട രീതികളെ അയാൾ തന്നെ നല്ലതാണെന്ന് വിശ്വസിക്കുകയാണ്. ആ ക്യാരക്ടർ തന്നെ അങ്ങനെയാണ് ഉണ്ടായത്. ബാക്കിയുള്ളവർ പോസിറ്റീവും ഇയാൾ നെഗറ്റീവുമാകാൻ കാരണം അയാളുടെ ഈ വിശ്വാസമാണ്.

Kumbalangi Get Together | Episode 1

ചിത്രീകരണം കഴിഞ്ഞ ശേഷം ഞാൻ എന്റെ സാധാരണജീവിതത്തിലേക്കു തിരിച്ചുപോകുന്നു. പിന്നെ അത് വെളിയിൽനിന്നു കാണുന്നു. ചെയ്യുന്ന സമയത്ത് ആ കഥാപാത്രം വിശ്വസിക്കുന്നതാണ് സത്യം, അതാണ് ശരിയെന്ന കാഴ്ചപ്പാടിലൂടെയാണ് ഞാൻ മുന്നോട്ടുപോകുന്നത്.

ദിലീഷ് പോത്തൻ: ഷമ്മി, പ്രകാശൻ തുടങ്ങിയ കഥാപാത്രങ്ങളുടെ സ്വാധീനം ജീവിതത്തിലുണ്ടാകാറുണ്ടോ?

ഫഹദ്: ഹൃദയാഘാതം ഉണ്ടാകുമ്പോൾ അത് ഏത് അളവിലാണ്, തീവ്രതയിലാണ് ഉണ്ടായതെന്നു കണ്ടുപിടിക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. സിനിമയിൽ അഭിനേതാവ് കരയുന്നുണ്ട്, ചിരിക്കേണ്ട രംഗത്ത് ചിരിക്കുന്നുണ്ട്. സത്യത്തില്‍ ആ സമയത്ത് ശരീരത്തിൽ എന്തോ കെമിക്കൽ റിയാക്‌ഷൻ നടക്കുന്നുണ്ട്. ജീവിതത്തിൽ ഓടിയാലും ഷോട്ടിന് വേണ്ടി ഓടിയാലും കിതയ്ക്കും.

കഥാപാത്രങ്ങൾക്കു വേണ്ടിയുള്ള അഭിനയം ശരീരത്തിൽ മാറ്റം വരുത്താറുണ്ട്. വീട്ടിൽ പോയി ഭാര്യയോടു വഴക്കിടുന്നതും ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങുന്നതുമൊക്കെ സംഭവിച്ചിട്ടുണ്ട്. എന്തൊക്കെയോ സംഭവിക്കാറുണ്ട്. ഇല്ലെന്ന് പറഞ്ഞാൽ കള്ളത്തരമാകും. നമ്മുടെ ശരീരത്തിന് അമിതമായ ഊർജം നൽകിയാണ് അഭിനയിക്കുന്നത്.

നമ്മളല്ലാത്തൊരാളാകാനാണ് ശരീരത്തെ നിർബന്ധിക്കുന്നത്. രാവിലെ എഴുന്നേൽക്കാൻ മടിയുള്ള ആളാണ് ഞാൻ. രാത്രിയിൽ വളരെ താമസിച്ചു കിടക്കാനുമാണ് ഇഷ്ടം. സിനിമയിൽ നേരെ തിരിച്ചാകും. ഇഷ്ടമല്ലാത്ത പല കാര്യങ്ങളും സിനിമയിൽ ചെയ്യേണ്ടിവരും. ബാപ്പ പറഞ്ഞുകേട്ടിട്ടുണ്ട്, സത്യൻ മാഷ് സെറ്റിൽ ആരോടും സംസാരിക്കാറില്ലെന്ന്. സെറ്റിൽ വരുന്നതും പോകുന്നതും ആ കഥാപാത്രമായിട്ടായിരിക്കും.

ചില താരങ്ങൾ ആ സമയത്ത് ദേഷ്യമായാകും ഇതൊക്കെ പ്രകടിപ്പിക്കുക. സെൽഫി എടുക്കാൻ വരുമ്പോൾ ചൂടാകുന്നതൊക്കെ കണ്ടിട്ടില്ലേ? എന്റേതും അങ്ങനെയൊരു പ്രകൃതമാണ്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ആ കഥാപാത്രമായിരിക്കും. അതെന്നെ അലട്ടും. എന്റെ അടുത്ത ആളുകൾ എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്.

ദിലീഷ് പോത്തൻ: തോൽക്കുമ്പോൾ പെട്ടെന്നു തളർന്നുപോകുന്ന ആളാണോ?

ഫഹദ്: തോൽവിയിൽ നിന്നല്ലേ ഞാൻ തുടങ്ങുന്നത്. തളർന്നിട്ടില്ല. ഞാനൊരുപാട് തോറ്റിട്ടുണ്ട്. പക്ഷേ ജീവിതത്തിൽ തളർന്നിട്ടില്ല. ഒരു പടം ഓടിയില്ലെങ്കിൽ എന്റെ ആദ്യ പത്തുചിന്തകൾ ആ സിനിമയുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ആയിരിക്കില്ല. നമ്മൾ തെറ്റായിരുന്നല്ലോ എന്നാണ് ചിന്തിക്കുക. നമ്മുടെ ചിന്തകളല്ലേ സിനിമ, ആറു മാസം, ഒരു വർഷം രാവുംപകലുമായി കഷ്ടപ്പെട്ടിട്ടാണ് സിനിമ ഇറക്കുന്നത്. ഇത്രയും സമയമെടുത്ത് ആലോചിച്ചെടുത്ത തീരുമാനം തെറ്റായിപ്പോയല്ലോ എന്ന തിരിച്ചറിവാണ് എന്നിലുണ്ടാകുക. അല്ലാതെ പൈസ പോയെന്നല്ല. തൊഴിൽ ചെയ്യാൻ അറിയാവുന്നിടത്തോളം നമ്മൾ ഉണ്ടാക്കിയ നഷ്ടം നികത്താൻ പറ്റും.

നമ്മുടെ ചിന്തകൾ തെറ്റായിരുന്നു എന്നതാണ് ഏറ്റവും വലിയ തോൽവി; മനുഷ്യന്റെ കാര്യത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com