ADVERTISEMENT

എട്ടു വയസുകാരിയാണ് ചെല്ലമ്മ . കുറെക്കൂടി വളർന്നു കൗമാരക്കാരിയാണ് പാപ്പ. വിരലിൽ തൂങ്ങാൻ, നെഞ്ചോടു ചേർക്കാൻ പെൺകുഞ്ഞില്ലാത്ത ഒരച്ഛന്റെ ജീവിതം എത്രമാത്രം ശൂന്യവും വിരസവുമാണെന്ന് ചെല്ലമ്മയും പാപ്പയും നമ്മെ ബോധ്യപ്പെടുത്തും. ‘തങ്കമീനു’കളിലെ ചെല്ലമ്മയിൽ നിന്നു ‘പേരൻപി’ലെ പാപ്പയിലേക്ക് വളർന്നിട്ടും സാധന ഇന്നും അച്ഛന്റെ  അൻപുചെല്ലമാണ്. ഒപ്പം സംവിധായകൻ റാമും നടൻ മമ്മൂട്ടിയും ‘എന്റെ മകൾ’ എന്നു പറഞ്ഞു ചേർത്തുപിടിക്കുന്നു ഈ പ്ലസ്‌വൺകാരിയെ . 

 

∙ ചെല്ലമ്മ വളർന്നു പാപ്പയാകും വരെ ‘പേരൻപു’മായി കാത്തിരിക്കുകയായിരുന്നു സംവിധായകൻ റാം. അദ്ദേഹവുമായുള്ള അടുപ്പത്തെക്കുറിച്ച് ?

sadhana-mammootty-peranbu-2

 

റാം അങ്കിൾ എനിക്ക് അച്ഛനെപ്പോലെയാണ്. അദ്ദേഹം എന്നെ ഇപ്പോഴും ചെല്ലമ്മ എന്നാണു വിളിക്കുക. ‘തങ്കമീനു’കളിലെത്തുന്നത് കുടുംബസുഹൃത്തുവഴിയാണ്. അന്നു റാം അങ്കിളിനെ കണ്ടു, ഓഡിഷൻ ചെയ്തു. അതിൽ പ്രധാനകഥാപാത്രമാണ് ചെല്ലമ്മ. എനിക്ക് അതു ചെയ്യാൻ പറ്റുമോയെന്നു സംശയമായിരുന്നു. പക്ഷേ ആ സിനിമയിൽ എനിക്ക് അഭിനയിക്കുന്നതുപോലെ തോന്നിയതേയില്ല. ചെല്ലമ്മയ്ക്ക് സ്കൂളിൽ പോകാൻ ഇഷ്ടമില്ല, എനിക്കും അങ്ങനെ തന്നെ. എല്ലാകാര്യത്തിലും ഞാൻ തന്നെയായിരുന്നു, സെറ്റിലും വീടുപോലെ തന്നെയായിരുന്നു. റാം അങ്കിൾ സിനിമയിൽ എന്റെ അച്ഛനായി അഭിനയിച്ചു. അതുകൊണ്ടു തന്നെ അങ്ങനെയൊരു അടുപ്പമാണ് അദ്ദേഹത്തോട്. 

 

∙ പേരന്‍പിലെ പാപ്പയെക്കുറിച്ച് ആദ്യം കേട്ടത് എന്താണ് ?

sadhana-mammootty-peranbu

 

തമിഴിൽ മമ്മൂട്ടി സാറിനെ വിളിക്കുന്നത് അഴകൻ എന്നല്ലേ. എത്ര ശരിയാണത്. ഒരു പത്തടി ദൂരെ നിന്നാൽപോലും അദ്ദേഹത്തിന്റെ ഗ്ലാമറിനു മുന്നിൽ നമ്മളെ കാണില്ല.

രണ്ടാം ചിത്രവും ആദ്യ സംവിധായകനൊപ്പം തന്നെ ചെയ്യാനാകുക എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല, പക്ഷേ എനിക്കതു കിട്ടി. ഒരു ദിവസം റാം അങ്കിൾ ഫോൺ ചെയ്തു, ‘‘ചെല്ലമ്മാ, നിനക്ക് അടുത്ത നാഷനൽ അവാർഡ് കിട്ടാൻ പോകുന്നു. പേരൻപിലെ പാപ്പയാകുന്നതു നീയാണ്’ എന്നു പറഞ്ഞു. അപ്പോഴും ഞാൻ വലുതായൊന്നും പ്രതീക്ഷിച്ചില്ല. പിന്നെ അങ്കിൾ പറഞ്ഞു, മമ്മൂട്ടി സാറിനൊപ്പമാണ് നീ അഭിനയിക്കാൻ പോകുന്നത്. അപ്പോഴാണ് ഞാൻ ഞെട്ടിയത്. ‘അയ്യയ്യോ അയ്യയ്യോ’ എന്നായിപ്പോയി ഞാൻ. 

 

∙ വളരെയേറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രമാണ് പാപ്പ. സാധനയുടെ തയാറെടുപ്പുകൾ എങ്ങനെയായിരുന്നു ?

 

എനിക്കു സ്പാസ്റ്റിക് കുട്ടികളെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. റാം അങ്കിൾ പറഞ്ഞു, നീ ആദ്യം കുറെ സ്കൂളുകളില്‍ പോകണം, അവരെ നോക്കുന്ന ഡോക്ടർമാർ, തെറപ്പിസ്റ്റ് എന്നിവരുമായി സംസാരിക്കണം’’

 

sadhana-mammootty-peranbu-3

പലതരത്തിലുള്ള സ്പാസ്റ്റിക് കുട്ടികളുണ്ട്, വ്യത്യസ്തമാണ് അവരുടെ രീതികൾ. പാപ്പയ്ക്കു വേണ്ടി ഞാൻ ഏഴു തരത്തിലുള്ള നടത്തം, ഏഴു തരത്തിലുള്ള ചിരികൾ, ഏഴു തരത്തിലുള്ള മാനറിസം പഠിച്ചു, ഇതെല്ലാം ചേർന്നതാണ് പാപ്പ. ഷൂട്ടിങ്ങിനു രണ്ടു ദിവസം മുമ്പാണ് പാപ്പ എങ്ങനെയാണ് നടക്കേണ്ടത്  എന്നു ഞങ്ങൾ ഫൈനലൈസ് ചെയ്തത്. പാപ്പയുടെ നടത്തവും ചിരിയും മാത്രമാണ് അങ്ങനെ തീരുമാനിച്ചത്. ബാക്കി ഇമോഷനുകളെല്ലാം വരുന്നതു പോലെ തന്നെ ചെയ്യുകയായിരുന്നു. 

 

റാം അങ്കിളിന് കൃത്യമായ ധാരണയുണ്ടായിരുന്നു പാപ്പയെക്കുറിച്ച്. ഇങ്ങനെയുള്ള കുട്ടികൾക്കു നീണ്ടമുടി സൂക്ഷിക്കാൻ പറ്റില്ല. അങ്കിൾ ഒരു ദിവസം പറഞ്ഞു, ചെല്ലമ്മാ വാ, മുടി മുറിക്കാം. ഞാൻ കരഞ്ഞുകൊണ്ടാണ് നീളൻ മുടി തോളൊപ്പം മുറിച്ചത്. 

 

∙ ഇങ്ങനെയൊരു കഥാപാത്രം ചെയ്തതിന്റെ ശാരീരിക പ്രശ്നങ്ങൾ ?

 

പാപ്പയുടെ ഒരു കണ്ണു ചുരുങ്ങിയിരിക്കണം, മറ്റേതു വലുത്, പിന്നെ നാക്ക് പുറത്തുകിടക്കണം, പക്ഷേ ചില സീനുകളിൽ വായിൽനിന്നു വെള്ളം വരാതെ പോലും നോക്കണമായിരുന്നു. കഴുത്തിന്റെ ഒരുവശം ഞരമ്പുകൾ കാണാം, കാരണം അങ്ങനെയൊരു സ്റ്റിഫ്നെസ് വരും ഇത്തരം കുട്ടികൾക്ക്. പിന്നെ ഒരു കൈ മുകളിൽ ആകണം, മറ്റേ കൈ വേറൊരു രീതിയിൽ, ഒരു കാൽ ഇതു വഴി, കാലിലെ വിരലിലൊന്ന് മുകളിൽ വരണം അങ്ങനെ ഒരുപാട് ഡീറ്റെയ്‌ലിങ് നോക്കേണ്ടിയിരുന്നു. ഇതെല്ലാം എന്റെ ശരീരത്തിൽ കൊണ്ടുവരണമായിരുന്നു. 

 

നൃത്തം ചെയ്യാറുള്ളതുകൊണ്ട് എനിക്കു നല്ല വഴക്കമുണ്ടായിരുന്നു. വായ് ഇങ്ങനെവച്ചുകൊണ്ട് അഭിനയിക്കുകയായിരുന്നു എനിക്കു വെല്ലുവിളി. ലോങ് ഷോട്ട് ഒക്കെയാകുമ്പോൾ ചിലപ്പോൾ കയ്യും കാലുമൊക്കെ വേദനിക്കും. ഒരുതവണ മുഖം ഒരുവശത്തേക്കു തന്നെ ആയിപ്പോയി. സെറ്റിൽ ഫിസിയോതെറപ്പിസ്റ്റ് എന്നുമുണ്ടാകും. അവർ വന്നു മസാജ് ചെയ്താണ് അതെല്ലാം ശരിയായത്. ഇത്തരം പ്രയാസങ്ങളൊക്കെ കണ്ട് എന്റെ അച്ഛൻ പലപ്പോഴും കരഞ്ഞുപോയിട്ടുണ്ട്. 

 

∙ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചതിന്റെ ഓർമകൾ ?

 

മമ്മൂട്ടി സാറിനൊപ്പം അഭിനയിക്കുകയെന്നത് ഒരുപാടു പേർക്കു ലഭിക്കുന്ന അവസരമല്ല. എനിക്ക് ആദ്യം പേടിയായിരുന്നു. അതുകണ്ട് റാം അങ്കിൾ പറഞ്ഞു, ‘‘എന്നെടീ, ഷിവറിങ്, അപ്പടി പണ്ണക്കൂടാത്’’. അവർ വലിയൊരു നടനല്ലേ, അദ്ദേഹം ഒറ്റ സീനിൽ പക്കാആകും, ഞാൻ പക്ഷേ കൂടുതൽ ഷോട്സ് എടുക്കേണ്ടി വന്നാലോ എന്നൊക്കെയായിരുന്നു പേടി.. പക്ഷേ മൂന്നാം ദിവസം അദ്ദേഹം പറഞ്ഞു, എത്ര ഷോട്സ് വേണമെങ്കിലും ട്രൈ ചെയ്തോളൂ, ഞാൻ കൂടെ ചെയ്തോളാം’’ അത്രയും ഫ്രണ്ട്‌ലി ആയിരുന്നു. അതു മാത്രമല്ല, അദ്ദേഹം കാണാൻ എത്ര ഹാൻഡ്സം ആണ്. തമിഴിൽ അദ്ദേഹത്തെ വിളിക്കുന്നത് അഴകൻ എന്നല്ലേ. എത്ര ശരിയാണത്. ഒരു പത്തടി ദൂരെ നിന്നാൽപോലും അദ്ദേഹത്തിന്റെ ഗ്ലാമറിനു മുന്നിൽ നമ്മളെ കാണില്ല.

 

∙ അടുത്ത ചിത്രം മണിരത്‌നത്തിനൊപ്പം വേണമെന്നാണോ റാമിനൊപ്പം മതിയെന്നാണോ ?

 

എനിക്ക് നൃത്തം കരിയറായി എടുക്കണമെന്നതാണ് വലിയ ആഗ്രഹം. സിനിമ, അഭിനയം എന്നിവയെക്കുറിച്ച് വലിയ പ്ലാനുകളില്ല. ഇപ്പോൾ നിറയെ അവസരങ്ങൾ വരുന്നുണ്ട്, ഇനിയും വരുമായിരിക്കും. പക്ഷേ ഒന്നും തീരുമാനിച്ചില്ല. സിനിമകളുടെ കാര്യത്തിൽ റാം അങ്കിള്‍ തീരുമാനമെടുക്കട്ടെയെന്നാണ് എനിക്കു തോന്നുന്നത്. അദ്ദേഹം ഒകെ പറഞ്ഞാൽ ഞാനും ഒകെയെന്നു പറയും.

 

∙ കുടുംബം ?

 

അമ്മ ലക്ഷ്മി വെങ്കിടേഷ്, അച്ഛൻ വെങ്കിടേഷ്, ചേച്ചി സഹാന പാട്ടുകാരിയാണ്. അമ്മയുടെ നാട് പാലക്കാടാണ്, അച്ഛന് പഴയന്നൂരിൽ കുടുംബക്കാരുണ്ട്. ഞങ്ങൾ പക്ഷേ ദുബായിൽ സെറ്റിൽഡ് ആണ്. അവിടെ ജെംസ് അവർ ഓൺ ഇന്ത്യൻ സ്കൂളിൽ പ്ലസ്‌വൺ പഠിക്കുകയാണ് ഞാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com