ADVERTISEMENT

ഇന്ത്യൻ ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റർ 2 വിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനായി എത്തും. നായകനായ യഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ചാപ്റ്റർ ഒന്നിനായും അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാൽ മറ്റു സിനിമകളുടെ ചിത്രീകരണത്തിരക്കായതിനാൽ കരാർ ഒപ്പുവെയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാൽ രണ്ടാം ഭാഗത്തിൽ അദ്ദേഹം വരുന്നുണ്ട്.’–യഷ് പറഞ്ഞു.

 

ആദ്യഭാഗത്തിൽ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലൻ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും.

 

കെജിഎഫ് കന്നഡ ചിത്രമായതിനാലാണ് സഞ്ജയ് ദത്ത് ആദ്യ ഭാഗത്തിൽ അഭിനയിക്കാതിരുന്നതെന്ന് അദ്ദേഹത്തോട് അടുത്തവൃത്തങ്ങൾ പറയുന്നു. കന്നഡതാരം യഷിനെയും അധികമാർക്കും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ചിത്രം ഇന്ത്യ മുഴുവൻ തരംഗമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ഭാഗത്തിനായി ദത്ത് സമ്മതം മൂളിയതെന്നും ഇവർ പറഞ്ഞു.

 

അതേസമയം ചിത്രം തിയറ്ററുകളിൽ അൻപത് ദിവസം പിന്നിട്ടു. കഴിഞ്ഞ ഡിസംബർ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. കർണാടകയിൽ ആദ്യദിനം 350 സ്ക്രീനുകളില്‍ റിലീസ് ചെയ്തപ്പോൾ ബെംഗളൂരുവിൽ 500 പ്രദർശനങ്ങളും സംഘടിപ്പിച്ചിരുന്നു.

 

കർണാടകയിൽ ആദ്യ ദിന കലക്‌ഷൻ 14 കോടി. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ഹിന്ദിയിൽ നിന്നും 70 കോടിയും തെലുങ്കിൽ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ ആകെ കലക്‌ഷൻ 225 കോടി.

 

കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. നായകൻ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് കാഴ്ചക്കാർ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com