ADVERTISEMENT

ഇന്ത്യക്കാർക്കാകെ ശ്രീകൃഷ്ണന്റെ കാണപ്പെട്ട രൂപമെങ്കിൽ മലയാളികൾക്കു പ്രിയപ്പെട്ട ഗന്ധർവനും കൂടിയാണു നിതീഷ് ഭരദ്വാജ്. വിഖ്യാതമായ മഹാഭാരതം ടിവി സീരിയലിലൂടെ ശ്രീകൃഷ്ണനായി ഇന്ത്യയിലെങ്ങും വിളങ്ങുമ്പോഴാണു പത്മരാജൻ അദ്ദേഹത്തെ ഞാൻ ഗന്ധർവനിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട ഗന്ധർവനാക്കി മാറ്റിയത്. നീണ്ട ഇടവേളയ്ക്കു ശേഷം കൊച്ചിയിലെത്തിയ നിതീഷിനു വലിയ കൗതുകമായത് പത്മരാജന്റെ പേരിൽ നഗരത്തിൽ തുടങ്ങിയ ഒരു കഫേ ആയിരുന്നു.

Devanganangal malayalam song - Njan Gandharvan

സിനിമ സഹസംവിധായകനായ പത്തനാപുരം സ്വദേശി ശബരി വിശ്വം സിനിമാ സ്വപ്നങ്ങൾക്കുള്ള പണം കണ്ടെത്താനായി പനമ്പിള്ളി നഗർ ബ്രിഡ്ജ് അവന്യു റോഡിൽ ആരംഭിച്ച പപ്പേട്ടൻസ് കഫേയിൽ കഴിഞ്ഞ ദിവസം രാത്രി പപ്പേട്ടന്റെ പ്രിയപ്പെട്ട ഗന്ധർവനെത്തി. കുഞ്ഞു കടയുടെ മുന്നിൽ കാറിൽ നിന്നിറങ്ങി പുറത്ത് പപ്പേട്ടൻസ് എന്ന ബോർഡ് നോക്കി നിന്നപ്പോൾത്തന്നെ ആരാധക ഹൃദയങ്ങൾ കീഴടക്കിയ ആ ചിരി വീണ്ടും നിലാവു പോലെ തെളിഞ്ഞു. ഒറ്റമുറി കഫേയിലെ പത്മരാജൻ ചിത്രത്തിനു ചാരെയിരുന്ന് നാരങ്ങചായ നുകർന്നും പത്മരാജൻ കൃതികളെ തൊട്ടറിഞ്ഞും ഗന്ധർവ കാലത്തെ ഓർമകളിലേക്കൊരു തീർഥയാത്ര നടത്തുകയായിരുന്നു അദ്ദേഹം.

വേറിട്ടൊരു കത്ത്

ശ്രീകൃഷ്ണനിൽനിന്നു മലയാളത്തിന്റെ ഗന്ധർവനിലേക്കുള്ള പകർന്നാട്ടം വളരെ അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നെന്നു നിതീഷ് അനുസ്മരിച്ചു. ദൂരദർശനിൽ മഹാഭാരതം സീരിയൽ വൻ തരംഗമായപ്പോൾ അതിൽ ശ്രീകൃഷ്ണന്റെ വേഷം അഭിനയിച്ച ഭരദ്വാജ് ആരാധകരുടെ കൺകണ്ട കൃഷ്ണനായി മാറുകയായിരുന്നു. ഇന്റർനെറ്റും ഇ–മെയിലുകളുമൊന്നുമില്ലാത്ത കാലത്ത് ഈ കൃഷ്ണനെ തേടി രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും കത്തുകളുടെ പ്രവാഹമായിരുന്നു.

വീട്ടിൽ എഴുത്തുകൾ കുന്നു കൂടുന്നു. വായിക്കാൻ സമയമില്ലാത്തതിനാൽ അമ്മയാണ് കത്തുകളെല്ലാം വായിച്ചു നോക്കിയിരുന്നതെന്നു നിതീഷ് ഓർക്കുന്നു. ഇതിനിടെ കേരളത്തിൽനിന്ന് തന്റെ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടോയെന്നു തിരക്കി ഒരു സംവിധായകൻ അയച്ച കത്ത് വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടി അമ്മ പ്രത്യേകം എടുത്തു വച്ചിരുന്നു.

മലയാളത്തിൽ സോഫ്റ്റ് പോൺ ടൈപ്പ് സിനിമകളാണെടുക്കുന്നത് എന്നൊരു തെറ്റിദ്ധാരണ അന്ന് മുംബൈയിൽ സിനിമാക്കാർക്കിടയിൽ നിലനിന്നിരുന്നു. ഞാനാണെങ്കിൽ കൃഷ്ണ വേഷത്തിൽ എത്തുന്നതിനാൽ എവിടെ ചെന്നാലും ആളുകൾ ദൈവപരിവേഷത്തോടെയാണ് നോക്കുന്നതും സംസാരിക്കുന്നതും. അതുകൊണ്ടുതന്നെ കത്ത് അവഗണിക്കുകയായിരുന്നു.

പക്ഷേ അധികനാൾ കഴിയും മുൻപ് നിർമാതാവ് ഗുഡ്നൈറ്റ് മോഹൻ എന്നെ ഫോണിൽ ബന്ധപ്പെട്ടു. കത്തിൽ പറഞ്ഞിരുന്ന മലയാള സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു വിളിച്ചത്. പി.പത്മരാജൻ വലിയ സംവിധായകനും എഴുത്തുകാരനുമാണെന്ന് അറിയുന്നത് മോഹനിൽ നിന്നാണ്. മോഹൻലാലിനെ വച്ചൊക്കെ സിനിമ എടുത്തിട്ടുണ്ടെന്നു പറഞ്ഞു. അന്ന് എനിക്കു മോഹൻലാലിനെ അറിയാം. തുടർന്നാണ് പത്മരാജൻ സാറിനെ കാണാൻ തീരുമാനിച്ചത്. മുംബൈയിൽ അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് പത്മരാജന്റെ മഹത്വമെന്തെന്ന് മനസ്സിലാക്കുന്നത്.

Njan Gandharvan Scene

ഓരോ സീനും സീക്വൻസും ചിത്രങ്ങളായി വരച്ച് തയാറാക്കിയിരിക്കുന്നു. എത്രത്തോളും പ്രാധാന്യത്തോടെയാണ് ആ സിനിമ അദ്ദേഹം എടുക്കാൻ പോകുന്നതെന്ന് അതോടെ ബോധ്യമായി. അങ്ങനെയാണ് ഞാൻ ഗന്ധർവന്റെ ഭാഗമാകുന്നത്. ഒപ്പം നിന്ന് ഡയലോഗുകൾ പഠിച്ചിട്ടാവാം അഭിനയം എന്നു തീരുമാനിച്ചു. തനിക്കു സംസ്കൃതം അറിയാമെന്നു പറഞ്ഞപ്പോൾ ഡയലോഗുകൾ പഠിക്കാൻ അതു ധാരളം മതിയെന്നു സംവിധായകൻ പറഞ്ഞു.

nitish-njan-gandharvan-1-1-

അദ്ദേഹത്തിന്റെ സംവിധാന സഹായിയായിരുന്ന രാജീവ് അഞ്ചലിനൊപ്പം രണ്ടാഴ്ചയോളം ചെലവിട്ടാണു ഡയലോഗുകൾ പഠിച്ചെടുത്തത്. സിനിമ തുടങ്ങിയപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. എത്ര മനോഹരമായാണ് അദ്ദേഹം കഥാപാത്രങ്ങളെ അഭിനേതാക്കളിലേക്കു സന്നിവേശിപ്പിക്കുന്നത് എന്നു കണ്ട് ആരാധന തോന്നി. ഇന്ത്യക്കാർക്കെല്ലാം ഞാൻ കൃഷ്ണനാണെങ്കിലും മലയാളികൾക്ക് ഇന്നും ഗന്ധർവനാണ്. അത് ആ സിനിമയ്ക്കും കഥാപാത്രത്തിനുമുള്ള വലിയ അംഗീകാരമാണ്.

എതിർപ്പ് ഒറ്റകാര്യത്തിൽ

ഒരു കാര്യത്തിൽ മാത്രമേ പി. പത്മരാജൻ എന്ന സംവിധായകനോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കുടുംബത്തിൽ ആരും 44– 45 വയസ് പിന്നിട്ടിട്ടില്ലെന്നും തനിക്കും അത്രയേ ആയുസ്സുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം ഷൂട്ടിങ്ങിന്റെ ഇടവേളയിൽ പറഞ്ഞിട്ടുണ്ട്. അത് അംഗീകരിച്ചു കൊടുക്കാൻ തയാറല്ലായിരുന്നു. അങ്ങനെ പറയരുതെന്ന് പറയും. പക്ഷേ ആ പ്രായത്തിനുള്ളിൽ താൻ മരിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. മനസ്സുകൊണ്ട് മരണത്തിന് അദ്ദേഹം തയാറുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.

നഷ്ട സ്വപ്നം

തീർത്തും അപ്രതീക്ഷിതമായിരുന്നു പത്മരാജൻ സാറിന്റെ വേർപാട്. കോഴിക്കോട് ഞാൻ ഗന്ധർവന്റെ പ്രീമിയർ ഷോയ്ക്ക് എത്തിയതായിരുന്നു എല്ലാവരും. അദ്ദേഹം മരിച്ച വിവരം നിർമാതാവ് മോഹനാണ് എന്റെ മുറിയിലെത്തി അറിയിച്ചത്. ഓടി അദ്ദേഹത്തിന്റെ മുറിയിലെത്തുമ്പോൾ തറയിൽ വീണു കിടക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു.

എനിക്ക് പൂവണിയൊത്താരു വലിയ സ്വപ്നം സമ്മാനിച്ചാണ് അദ്ദേഹം പോയത്. ഞാൻ ഗന്ധർവനു ശേഷം മോഹൻലാലിനെയും എന്നെയും വച്ച് ഒരു സിനിമ എടുക്കാനുള്ള ആലോചനയിലായിരുന്നു അദ്ദേഹം. രണ്ടു സഹോദരൻമാരുടെ കഥയാണെന്നു പറഞ്ഞിരുന്നു. ഞാൻ സമ്മതിച്ചിരുന്നതാണ്. പക്ഷേ മോഹൻലാലിനെ പോലൊരു വിഖ്യാതനായ നടനൊപ്പം അഭിനയിക്കാനുള്ള വലിയ ഭാഗ്യം എനിക്കില്ലാതെ പോയി. ഇപ്പോഴും മലയാള സിനിമ എനിക്ക് ആവേശമാണ്. ഇനിയും നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കാൻ സന്തോഷമേയുള്ളൂ.

പപ്പേട്ടൻസ് ചായക്കടയിലെ ഭിത്തികളിൽ പത്മരാജന്റെയും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പിലെ മോഹൻലാലിന്റെയും കാരിക്കേച്ചറുകളും സിനിമയിലെ ഡയലോഗുകളും കഫേ സന്ദർശിച്ച പത്മരാജന്റെ മകൻ അനന്തപത്മനാഭൻ ഉൾപ്പടെയുള്ളവരുടെ ഫോട്ടോകളുമെല്ലാം കൗതുകത്തോടെ നോക്കിയിരിക്കുകയായിരുന്നു നിതീഷ്. പത്മരാജന്റെ സമ്പൂർണ കൃതി ഉൾപ്പടെയുള്ള പുസ്തകങ്ങൾ ഭാഷ വഴങ്ങില്ലെങ്കിലും അദ്ദേഹം മറിച്ചു നോക്കി. ലോല ഉൾപ്പടെയുള്ള കഥകളെക്കുറിച്ച് ചോദിച്ചറിഞ്ഞു.

പത്മരാജൻ കൃതികളുടെ ഇംഗ്ലിഷ് പരിഭാഷ ഇല്ലെന്നറിഞ്ഞപ്പോൾ തീർച്ചയായും അതുണ്ടാവേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാക്കാരൻ എന്നതിനൊപ്പം വലിയ എഴുത്തുകാരനുമാണ് അദ്ദേഹമെന്നും താൻ സിനിമയുടെ തിരക്കഥ എഴുതാൻ പഠിച്ചതും സംവിധായകനാവാൻ പ്രേരണയായയതും പത്മരാജനാണെന്നും നിതീഷ് പറഞ്ഞു. പപ്പേട്ടന്റെ പുസ്തകങ്ങൾ ചേർത്തു പിടിച്ചടക്കം നിരവധി ചിത്രങ്ങൾ സ്വന്തം മൊബൈലിൽ പകർത്തി

പപ്പേട്ടൻ കഫേ മനസ്സുനിറച്ചെന്ന് പറഞ്ഞ അദ്ദേഹത്തിന് ഒറ്റ പരിഭവം മാത്രമേയുണ്ടായിരുന്നുള്ളൂ; ഇവിടെ തന്റെ ഗന്ധർവനെ കാണാനില്ലല്ലോ എന്നതായിരുന്നു അത്. കുറച്ചു ചിത്രങ്ങൾ കൂടി കൊണ്ടുവരാനുണ്ടെന്നും അപ്പോൾ ഗന്ധർവനെയും തീർച്ചയായും ഉൾപ്പെടുത്തുമെന്നും മറുപടി ലഭിച്ചപ്പോൾ സന്തോഷത്തോടെയുള്ള ആ ചിരിനിലാവ് വീണ്ടും മുഖത്തു വിരിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com