sections
MORE

‘എടേയ്...നീയിപ്പോൾ കാരവാനിൽ നിന്നിറങ്ങാറില്ലേ’; സുരേഷ് കുമാറിനോട് മോഹൻലാൽ

HIGHLIGHTS
  • ‘രാമലീല’ ഇറങ്ങിയ ശേഷം പേടി കാരണം കാണാൻ പോയില്ല
  • മമ്മൂട്ടിയെ കണ്ടാലുടൻ എന്തെങ്കിലും തർക്കുത്തരം പറയുന്നത് എന്റെ പതിവാണ്
keerthi-suresh-family-menaka
SHARE

‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനു ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിലെത്തിയതായിരുന്നു നിർമാതാവ് ജി. സുരേഷ്കുമാർ. അവിടെ കിടന്ന കാരവാനിനു പുറത്ത് സുരേഷ്കുമാർ എന്നെഴുതി വച്ചിരിക്കുന്നതു കണ്ട് അദ്ദേഹം അറിയാതെ ചിരിച്ചു പോയി.

താരങ്ങൾ കാരവാൻ ഉപയോഗിക്കുന്നതിനെ എതിർത്തിരുന്നയാളാണു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റായ സുരേഷ്കുമാർ. ഇതിനോടകം 9 സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ സുരേഷ്, കാരവാനിൽ കയറിയാലുടൻ സഹപ്രവർത്തകർ കളിയാക്കാൻ തുടങ്ങും. ‘‘എടേയ്...നീയിപ്പോൾ കാരവാനിൽ നിന്നിറങ്ങാറില്ലേ...’’എന്നാണു മോഹൻലാൽ പോലും ചോദിക്കുന്നത്. സുരേഷിന്റെ മകൾ കീർത്തിക്കു തമിഴ് സിനിമയിൽ രണ്ടു കാരവാൻ വേണമെന്നാണു ഗണേശന്റെ പരിഹാസം.

പണ്ടു കംപ്യൂട്ടറിനെതിരെ സിപിഎം സമരം ചെയ്ത പോലെയാണിതെന്നു സുരേഷ്കുമാർ ന്യായീകരിക്കുന്നു. മൊബൈലിൽ എന്തും ചിത്രീകരിക്കാവുന്ന ഇക്കാലത്തു നടിമാർക്കു വസ്ത്രം മാറാനും മറ്റും കാരവാൻ ആവശ്യമാണ്. അതിന്റെ പേരിൽ ധൂർത്ത് പാടില്ലെന്നേയുള്ളൂ.

keerthi-suresh-family-2

സിനിമയിലെത്തി 40 വർഷത്തിനിടെ 33 സിനിമ നിർമിച്ച സുരേഷ്കുമാറിന് അഭിനയിക്കണമെന്ന മോഹം തോന്നിയിട്ടേയില്ല. പതിറ്റാണ്ടുകൾക്കു മുമ്പു ‘തേനും വയമ്പും’ എന്ന സിനിമയിൽ  മുഖം കാട്ടേണ്ടി വന്നിട്ടുണ്ട്. ഭാര്യ മേനകയും മകൾ കീർത്തിയും താരങ്ങളാണെങ്കിലും സുരേഷ് അഭിനയത്തിൽ നിന്നു മാറി നടക്കുകയായിരുന്നു. 

അങ്ങനെയിരിക്കെയാണു ‘രാമലീല’യിൽ രാഷ്ട്രീയക്കാരനായി അഭിനയിക്കാമോയെന്ന് അരുൺഗോപിയും സച്ചിയും ചോദിച്ചത്. തമാശയ്ക്കു സമ്മതിച്ചു. ഷൂട്ടിങ് അടുത്തപ്പോഴാണു സംഗതി സീരിയസാണെന്നു മനസ്സിലായത്. മറ്റാരെയെങ്കിലും അഭിനയിപ്പിച്ചു തന്നെ ഒഴിവാക്കണമെന്നു പ്രൊഡക്ഷൻ മാനേജരോടു പറഞ്ഞു നോക്കിയെങ്കിലും ഫലമുണ്ടായില്ല. അഭിനയിക്കാമെന്നു സമ്മതിച്ച സ്ഥിതിക്കു മറ്റു നിർവാഹമില്ല. വാക്കു മാറുന്ന താരങ്ങൾക്കെതിരെ ഗർജിക്കുന്ന നിർമാതാവിനു വാക്കു മാറാനാവില്ലല്ലോ. ഷൂട്ടിങ് തീയതി അടുത്തതോടെ ചങ്കിടിപ്പു വർധിച്ചു.

മോഹൻലാലിന്റെ അഭിനന്ദനം

‘‘ആദ്യ ദിവസം പാർട്ടി ഓഫിസിലെ രംഗമാണ് എടുക്കേണ്ടത്. ഷൂട്ടിങ്ങിനെത്തിയ ഞാൻ കാണുന്നത് പാർട്ടി ഓഫിസിനു ചുറ്റും കൈ ഉയർത്തിയും തൊഴുതും നിൽക്കുന്ന എന്റെ പടുകൂറ്റൻ ഫ്ലക്സുകളാണ്. അതോടെ ഉള്ള ധൈര്യം കൂടി പോയി. ക്യാമറയ്ക്കു മുന്നിൽ സാധാരണ പോലെ പെരുമാറിയാൽ മതിയെന്നു പറഞ്ഞു ധൈര്യം പകർന്നതു സിദ്ദിഖാണ്. ദിലീപും കലാഭവൻ ഷാജോണും ഉപദേശങ്ങൾ തന്നു. ‘രാമലീല’ ഇറങ്ങിയ ശേഷം പേടി കാരണം കാണാൻ പോയില്ല. അഭിനയം നന്നായെന്നു മോഹൻലാൽ ഉൾപ്പെടെയുള്ളവർ പറഞ്ഞതോടെ ധൈര്യമായി.’’

മമ്മൂട്ടിയുടെ അനുഗ്രഹം

‘‘മധുരരാജ’ എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പമാണ് അഭിനയിച്ചത്. അദ്ദേഹം അഭിനയത്തിന്റെ സർവകലാശാലയാണ്. ഞാൻ എൽകെജി വിദ്യാർഥിയും. ഇക്കാര്യം ഞാൻ സംവിധായകൻ വൈശാഖിനോടു പറഞ്ഞു. മമ്മൂട്ടിയെ കണ്ടാലുടൻ എന്തെങ്കിലും തർക്കുത്തരം പറയുന്നത് എന്റെ പതിവാണ്. സെറ്റിലേക്ക് അദ്ദേഹം വന്നയുടൻ ഞാൻ കൈ കൊടുത്തു. ‘സിദ്ദിഖേ ഇവൻ സിനിമയിൽ വല്ലതും ചെയ്യുമോ...’ എന്നായിരുന്നു മമ്മൂക്കയുടെ സംശയം. അഭിനയിച്ചു തുടങ്ങും മുമ്പ് ഞാൻ മമ്മൂട്ടിയുടെ കാൽ തൊട്ടു വണങ്ങി. അദ്ദേഹം വലിയൊരു ആർട്ടിസ്റ്റാണ്. ആ ബഹുമാനം നമ്മൾ നൽകണം.’’

keerthi-suresh-family-1

‘‘ഒരു കുപ്രസിദ്ധ പയ്യനിൽ അഭിനയിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നതു നെടുമുടി വേണുവായിരുന്നു. എന്തെങ്കിലും സംശയം തോന്നിയാൽ വേണുച്ചേട്ടൻ പറഞ്ഞു തരും. 

സാക്ഷികളായി പുതുതലമുറ

‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ൽ മോഹൻലാലിന്റെ മകൻ പ്രണവിന്റെ (അപ്പു) കൂടെയാണ് അഭിനയിച്ചത്. കുട്ടിക്കാലം മുതൽ അപ്പുവിനെ കാണുന്നതാണ്. ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും അപ്പുവിന്റെ കൂടെയാണു കൊച്ചി രാജാവായി അഭിനയിച്ചത്. ഈ സിനിമയിൽ ഞാനും മോഹൻലാലും ഒന്നിച്ചുള്ള രംഗങ്ങൾ ഇല്ല.

അപ്പുവിനു പുറമേ പ്രിയദർശന്റെ മകൾ കല്യാണി, എന്റെ മകൾ കീർത്തി എന്നിവരും അഭിനയിക്കുന്നുണ്ട്. എന്റെ മൂത്ത മകൾ രേവതിയാണ് പ്രിയന്റെ സംവിധാന സഹായി. ആദ്യ ഷോട്ട് ഓക്കെ ആയപ്പോൾ ‘നീയിപ്പോൾ വലിയ നടനായല്ലോ...’ എന്നായിരുന്നു പ്രിയന്റെ കമന്റ്.

നിർമാണം അവസാനിപ്പിച്ചിട്ടില്ല

‘മധുരരാജ’ ഞാൻ അഭിനയിക്കുന്ന ഒൻപതാമത്തെ സിനിമയാണ്. അഭിനയം സുഖമുള്ള കാര്യമാണ്. കാശു മുടക്കുന്ന നിർമാതാവിനുള്ള ടെൻഷനൊന്നും താരങ്ങൾക്കില്ല. വെയിലത്തും മഴയത്തും അഭിനയിക്കണമെന്ന ബുദ്ധിമുട്ടേയുള്ളൂ. അഭിനയിക്കുന്നതിനു ഞാൻ പ്രതിഫലം ചോദിക്കാറില്ല. ചിലരൊക്കെ തന്നിട്ടുണ്ട്.

അഞ്ചു വർഷമായി നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റാണ്. താരങ്ങൾക്കൊപ്പം വരുന്ന സഹായികൾക്കു കൂടി നിർമാതാക്കൾ പ്രതിഫലം നൽകണമെന്ന നിലപാടിനെതിരെ അസോസിയേഷൻ ശക്തമായ നടപടി സ്വീകരിക്കും’’–സുരേഷ്കുമാർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA