ADVERTISEMENT

തമിഴ് ബോക്സോഫിസിൽ തകർത്തോടുകയാണ് ധില്ലുക്ക് ധുഡ്ഡു – 2 എന്ന സന്താനം ചിത്രം. മലയാളത്തിൽ ഏതാനും തീയറ്ററുകളിലുമുണ്ട്. കാണാൻ നിറയെ ആളുകളുമുണ്ട്. പക്ഷേ അധികവും ഇവിടെയുള്ള തമിഴ് ആളുകളാണെന്നു മാത്രം. സംഗതി ഹൊറർ കോമഡിയാണ്. നേരത്തെ തമിഴ്നാട്ടിൽ ഹിറ്റായി മാറിയ കോമഡി സീരിസിന്റെ ചുവടു പിടിച്ചൊരുക്കിയ ദില്ലുക്ക് ദുഡ്ഡുവിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ‌‌

Dhilluku Dhuddu 2 Teaser 02 | Santhanam, Shritha Sivadas

 

അണിയറയിലും പഴയ ധില്ലുക്ക് ധുഡ്ഡിന്റെ ടീം തന്നെ. അതുകൊണ്ടു തന്നെ തമിഴർക്ക് സിനിമയോട് ഒരു പ്രത്യേക താൽപര്യമുണ്ട്. ചിത്രത്തിൽ നായികയായെത്തുന്നത് ഓർഡിനറി മുതലിങ്ങോട്ട് നിരവധി മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്കു സുപരിചിതയായ ശ്രിദ ശിവദാസ് എന്ന ആലുവക്കാരിപ്പെൺകൊടി. മലയാളത്തിൽ നിന്നു തമിഴിലെത്തിയപ്പോഴുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രിദ ശിവദാസ്. 

 

തമിഴിലേയ്ക്ക് ചേക്കേറുകയാണോ?

 

shritha-sivadas-1

എന്നു പറയുന്നില്ല. പക്ഷെ നല്ല വേഷങ്ങൾ ലഭിച്ചാൽ തമിഴ് സിനിമകളിൽ അഭിനയിക്കുന്നതിന് താൽപര്യമുണ്ട്. മലയാളത്തോട് താൽപര്യക്കുറവില്ല താനും. അവസരം കിട്ടിയാൽ ഏതു ഭാഷയിലായാലും നല്ല വേഷങ്ങളിൽ എത്തെണമെന്നുണ്ട്.

 

സന്താനം എന്ന മഹാ പ്രതിഭയ്ക്കൊപ്പം

shritha-sivadas-2

 

തമിഴ് സിനിമയാണെങ്കിലും ചോറ്റാനിക്കരയിലായിരുന്നു ആദ്യ ഷെഡ്യൂൾ. അഭിനയിക്കാൻ പോകുന്നത് സന്താനം എന്ന മഹാപ്രതിഭയ്ക്കൊപ്പമാണെന്നറിയാം.  സ്പോട്ടിൽ ഡയലോഗുണ്ടാക്കി കാച്ചുന്നതു കണ്ട് അന്തം വിട്ടു പോയി എന്നു വേണം പറയാൻ. നല്ല ടെൻഷനിലായി. സിനിമയിൽ മലയാളിപ്പെൺകുട്ടിയായി ആണ് അഭിനയിക്കേണ്ടത് എന്നതു മാത്രമായിരുന്നു ആശ്വാസം. വളരെ കുറച്ചു മാത്രമേ തമിഴ് സംസാരിക്കേണ്ടി വരികയുള്ളൂ എന്നറിയിച്ചിരുന്നു.

 

ഡയലോഗുകൾ പഠിക്കാനും പറയാനും അദ്ദേഹവും സഹായിച്ചു. ചിത്രത്തിൽ ഉർവശിച്ചേച്ചിയുണ്ട്. പലപ്പോഴും ഡയലോഗുകൾ പഠിപ്പിച്ചു തന്നത് ചേച്ചിയാണ്.  വളരെ വിനയത്തോടെ സഹപ്രവർത്തകരോട് പെരുമാറുന്ന സന്താനത്തെയാണ് സെറ്റിൽ കണ്ടത്. സെറ്റെന്നു പറയുന്നത് ഒരു വലിയ കൂട്ടു സംഘമായിരുന്നു. എല്ലാവരും സന്താനത്തിന്റെ സുഹൃത്തുക്കൾ. അവരോടൊപ്പം കൂടിയതോടെ ഞാനും അവരിൽ ഒരാളായി മാറി. 

 

ആദ്യം പേടി, പിന്നെ എല്ലാം യാന്ത്രികം

 

ഉയരം എന്നു പറയുന്നതേ പേടിയാണ്. മൂന്നാറിലേയ്ക്കൊക്കെ കാറിൽ പോകുമ്പോഴും ഒരു വശത്തെ കൊക്ക കാണുന്നത് വലിയ പേടിയാണ്. ആ എന്നോടാണ് മൂന്നു നിലയുടെ മുകളിൽ നിന്നു ചാടാൻ ആവശ്യപ്പെടുന്നത്. ഡ്യൂപ്പിനെ വച്ച് ചെയ്യാനാണ് ഞാൻ പറഞ്ഞത്. മൂന്നു നിലയുടെ മുകളിൽ നിന്ന് ചാടുന്ന കാര്യമൊന്നും ഓർക്കാനേ വയ്യ. പക്ഷെ കാമറാമാൻ പറഞ്ഞു ഡ്യൂപ്പിനെ വച്ചെടുക്കുന്നതിനെക്കാൾ നല്ലത് ശ്രിദ തന്നെ ചെയ്യുന്നതാണ്, അല്ലെങ്കിൽ മുഖം കൃത്യമായി പകർത്താൻ പ്രയാസമായിരിക്കും എന്നെല്ലാം. ഒടുവിൽ അത് സമ്മതിക്കേണ്ടി വന്നു.

 

എല്ലാം ഉറപ്പിച്ച് റോപ്പ് ഒക്കെ കെട്ടി ചാടാൻ റെഡിയായപ്പോൾ കാലുകൾ വിറയ്ക്കുന്നു. പിന്നെ രണ്ടും കൽപിച്ച് ചാടി. ആദ്യം വിചാരിച്ചു ഒരു തവണ ചാടിയാൽ മതിയാകുമെന്ന്. പിന്നെയാണ് പറയുന്നത് ചാട്ടത്തിന്റെ പല ആങ്കിളുകൾ എടുക്കണമെന്ന്. ചുരുക്കിപ്പറഞ്ഞാൽ ആദ്യത്തെ കുറച്ചു ചാട്ടത്തിനൊക്കെ പേടിയാരുന്നു. പിന്നെ എല്ലാം യാന്ത്രികമായി. ഒരാൾ പൊക്കത്തിൽ നിന്നു പോലും താഴോട്ടു നോക്കാത്ത എന്നെ ഒരു രാത്രി മുഴുവൻ റോപ്പിൽ കെട്ടിത്തൂക്കിയിട്ടു എന്നു പറയുന്നതാണ് ശരി. 

 

നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ വന്നപ്പോൾ പേടിച്ചു കരഞ്ഞു എന്നൊക്കെ പറയുന്ന കേട്ടല്ലോ?

 

ഒരു ദിവസം രാവിലെ ടിവി തുറന്നു നോക്കുമ്പോ നല്ല പരിചയമുള്ള പേര് തലക്കെട്ടിൽ. പിന്നെ ഒന്നൂടെ നോക്കിയപ്പം അപകടം മണത്തു. അല്ല, അത് എന്റെ പേര് തന്നെ. ‘നടി ആക്രമിക്കപ്പെട്ട കേസിൽ നടി ശ്രിത ശിവദാസിനെ ചോദ്യം ചെയ്തു’ എന്നാണ് വാർത്ത. ഒരു പ്രധാന വാർത്താ ചാനലാണ് ആദ്യം കൊടുത്തത്. അവിടെ പരിചയമുള്ള ഒരാളെ വിളിച്ച് പറഞ്ഞു, അങ്ങനൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന്. ഉടനെ തന്നെ അവർ വാർത്ത പിൻവലിച്ചു. 

 

പക്ഷെ അതേറ്റു പിടിച്ച ചില പത്രങ്ങളും വെബ്സൈറ്റുകളും അതിന് പപ്പും തൂവലും വച്ചു പിടിപ്പിച്ചു. ഏതോ സിനിമയിൽ ഞാൻ കരഞ്ഞുകൊണ്ടു നിൽക്കുന്ന ചിത്രവും വച്ച് ഇന്റർനെറ്റിൽ ഇപ്പോഴും കാണാം വാർത്ത. താനും കുടുംബവുമെല്ലാം പൊലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞെന്നും വാർത്തയിലുണ്ട്. യുട്യൂബിലൊക്കെ വൻ ഹിറ്റുള്ള വിഡിയോകളായി കിടക്കുന്നുണ്ട്. ഇതു കണ്ട് കരയണോ ചിരിക്കണോ എന്ന അവസ്ഥയിൽ ഞാനും. 

 

ചേച്ചിയുമായി നല്ല കൂട്ടാണ്. പ്രതിയായ ചേട്ടനെ നേരിട്ടു കണ്ടിട്ടു പോലുമില്ല. ആക്രമിക്കപ്പെട്ട ചേച്ചി ഒരു ദിവസം തൃശൂരിലേക്ക് പോകും വഴി പൊലീസുമായി കാണേണ്ട ആവശ്യമുണ്ടായിരുന്നു. തന്റെ വീട്ടിൽ വന്നോട്ടെ എന്നു ചോദിച്ചു. ഞാൻ വന്നോളാനും പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിരുന്നു ഈ പുകിലെല്ലാം.

 

2016ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ തുടർച്ചയാണ് ധില്ലുക്ക് ധുഡ്ഡു 2. റംഭാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൊട്ട രാജേന്ദ്രനും ദീപ്തിയും ബിപിനുമെല്ലാം വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ദീപക് കുമാറാണ് ക്യാമറയ്ക്കു പിന്നിൽ. ഷബിറാണ് സംഗീത സംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com