ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ചലച്ചിത്ര അവാർഡിനു സമർപ്പിച്ച കമലിന്റെ ‘ആമി’, ഫഹദ് ചിത്രം ‘കാർബൺ’ എന്നിവ മത്സരത്തിൽ ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ ചലച്ചിത്ര അക്കാദമി അധികൃതർ പ്രതിസന്ധിയിൽ.അക്കാദമി ചെയർമാനായ കമലിന്റെ പടം മത്സരത്തിൽ നിന്നു പിൻവലിക്കണമെന്നും അല്ലെങ്കിൽ ചെയർമാൻ പദവി രാജി വച്ച ശേഷം ചിത്രം മത്സരത്തിന് അയയ്ക്കുന്നതാണ് നല്ലതെന്നുമുള്ള നിലപാടാണ് സാംസ്കാരിക മന്ത്രിയുടെ ഓഫിസ് സ്വീകരിച്ചിരിക്കുന്നതെന്ന് അറിയുന്നു. 

 

അക്കാദമി വൈസ് ചെയർപഴ്സൻ ബീന പോൾ എഡിറ്റിങ് നിർവഹിച്ച വേണുവിന്റെ ‘കാർബൺ’ എന്ന സിനിമയ്ക്കും സമാന പ്രശ്നമുണ്ട്. അക്കാദമി ഭാരവാഹികളുടെ ചിത്രത്തിന് അവാർഡ് ലഭിച്ചാൽ വിവാദമാകുമെന്നാണു സർക്കാരിന്റെ ആശങ്ക. എന്നാൽ സിനിമ അവാർഡിനു സമർപ്പിക്കുന്നതു നിർമാതാക്കളാണെന്നിരിക്കെ സംവിധായകനോ എഡിറ്റർക്കോ അതിൽ അഭിപ്രായം പറയാനാവില്ല.

 

എന്നാൽ ചട്ടം അനുസരിച്ച് അവാർഡിനു സമർപ്പിച്ച ചിത്രം ഏകപക്ഷീയമായി തള്ളാനാവില്ല. തള്ളിയാൽ നിർമാതാവിനു കേസിനു പോകാം. അല്ലെങ്കിൽ നിർമാതാവ് തന്നെ സിനിമ പിൻവലിക്കണം. ഇപ്പോഴത്തെ സാഹചര്യത്തിൽ നിർമാതാവിൽ സമ്മർദം ചെലുത്തി പടം പിൻവലിപ്പിക്കാനാണു സാധ്യത. സിനിമ മത്സരത്തിനുണ്ടാവില്ലെന്ന് അക്കാദമി അധികൃതർ അനൗദ്യോഗികമായി പറയുന്നു.

 

അക്കാദമി ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ആറംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വ്യക്തിഗത അവാർഡിനു മത്സരിക്കാൻ പാടില്ലെന്നാണു ചട്ടങ്ങളിൽ പറയുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്ക് അവാർഡ് നൽകുന്നതിനു നിയമ തടസ്സമില്ല. ഇതനുസരിച്ചു മികച്ച ചിത്രം, സംവിധായകൻ, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ അവാർഡുകൾക്കു വേണ്ടി മത്സരിക്കുന്നതിനു മാത്രമേ ‘ആമി’ക്കു തടസ്സമുള്ളൂ. എഡിറ്റർക്കുള്ള അവാർഡിനു മത്സരിക്കുന്നതിന് ‘കാർബണി’നും തടസ്സമുണ്ട്.

 

‘ഫഹദിന്റെ ഗംഭീരപ്രകടനംകൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് കാർബൺ. ചിത്രം മത്സരത്തിനു പരിഗണിക്കാൻ കഴിയില്ലെന്ന നിലപാട് ഒരുതരത്തിലും അംഗീകരിക്കില്ല. ഇതിനെതിരെ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം.’–കാർബൺ ചിത്രത്തിന്റെ നിർമാതാവ് സിബി തോട്ടുപുറം പറഞ്ഞു.

 

ലോക്സഭാ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരും മുൻപേ അവാർഡ് പ്രഖ്യാപിക്കാനായി തിരക്കിട്ടു നീങ്ങുന്നതിനിടെയാണ് ഈ പ്രശ്നം. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി ലക്ഷദ്വീപിലുള്ള കമൽ അവാർഡ് പ്രഖ്യാപനത്തിനു തൊട്ടു മുൻപേ ഇനി തിരികെ എത്തുകയുള്ളൂ. ഇതിനിടെ, ജൂറി അംഗങ്ങളുടെ പേരുകൾ ചലച്ചിത്ര അക്കാദമി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഹരിഹരൻ, അമോൽ പലേക്കർ, കെ.പി.കുമാരൻ തുടങ്ങിയവരെയാണ് ജൂറി ചെയർമാൻ സ്ഥാനത്തേക്കു പരിഗണിക്കുന്നത്.105 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com