ADVERTISEMENT

സൂപ്പർതാരങ്ങളെന്നോ രാഷ്ട്രീയനേതാക്കളെന്നോ നോക്കാതെ ആരെയും വിമർശിക്കുന്ന കൂട്ടത്തിലാണ് രാം ഗോപാല്‍ വർമ. മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനെതിരെയും ആർ.ജി.വി. തന്റെ പരിഹാസവർഷം ചൊരിഞ്ഞിട്ടുണ്ട്.

 

ബോളിവുഡ് താരം സണ്ണി ലിയോൺ കേരളം സന്ദർശിച്ച വേളയിൽ, ഈ ആൾക്കൂട്ടത്തെ കണ്ട് മമ്മൂട്ടിയും മോഹൻലാലും അസൂയപ്പെട്ട് കരഞ്ഞിട്ടുണ്ടാകും എന്നായിരുന്നു ആർ.ജി.വി.യുടെ കമന്റ്. മമ്മൂട്ടിക്കെതിരെയായിരുന്നു കൂടുതൽ വിമർശനം. ഇപ്പോഴിതാ ആ വിമർശനം പ്രശംസയിലേയ്ക്ക് വഴിമാറിയിരിക്കുന്നു.

 

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയെയും അതിലെ അഭിനയത്തെയും വാനോളം പ്രശംസിച്ച് ആർ.ജി.വി.യുടെ ട്വീറ്റ്. വൈഎസ്ആറിനെ അനശ്വരനാക്കിയ മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു ആർ.ജി.വി.യുടെ അഭിനന്ദനം. 

 

mammootty-rgv-1

ലക്ഷ്മി എൻടിആർ എന്ന പേരിൽ‌ ആന്ധ്രയുടെ മറ്റൊരു ഇതിഹാസ നായകൻ എൻടിആറിനെ പറ്റിയുളള ആർ.ജി.വി.യുടെ സിനിമ ഉടൻ റിലീസ് ആകാനിരിക്കെയാണ് ഈ അഭിനന്ദനം എന്നതാണ് ശ്രദ്ധേയം.

 

യാത്ര ഗംഭീരമായെന്നും വൈഎസ്ആറിനെ പുനരവതരിപ്പിച്ച മഹി വി രാഘവിനും അദ്ദേഹത്തെ തന്നിലേക്ക് ആവാഹിച്ച മമ്മൂട്ടിക്കും അഭിനന്ദനമെന്നാണ് സംവിധായകന്‍ കുറിച്ചിട്ടുള്ളത്. 

 

എന്തായാലും ആർജിവിയുടെ ട്വീറ്റിന് താഴെ മമ്മൂട്ടി ആരാധകരും കമന്റുകളുമായി എത്തി. മണിരത്‌നത്തിന്റെ ഓക്കെ കണ്‍മണി കണ്ടതിന് ശേഷം മമ്മൂട്ടിയെ ദുല്‍ഖറുമായി താരതമ്യം ചെയ്ത് തരംതാഴ്ത്തിയ ആർ.ജി.വി.യുടെ പഴയ ട്വീറ്റ് തങ്ങൾ മറന്നിട്ടില്ലെന്നും ഈ പ്രശംസയ്ക്ക് നന്ദിയുണ്ടെന്നും ആരാധകർ പറയുന്നു.

 

മമ്മൂട്ടി ദശാബ്ദങ്ങളായി ചെയ്യാന്‍ ശ്രമിച്ച പരാജയപ്പെട്ടിടത്താണ് ദുല്‍ഖര്‍ വിജയിച്ചത്, മമ്മൂട്ടി മകനില്‍ നിന്ന് അഭിനയം പഠിക്കണം, മകനെ വച്ച് നോക്കുമ്പോള്‍ മമ്മൂട്ടി ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആണ്, അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ ഓക്കെ കണ്‍മണി കണ്ടിരുന്നെങ്കില്‍ മമ്മൂട്ടിക്ക് കൊടുത്ത എല്ലാ അവാര്‍ഡുകളും തിരിച്ച് വാങ്ങി ദുല്‍ഖറിന് കൊടുത്തേനേ... ഇങ്ങനെയായിരുന്നു രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ്. ഓക്കെ കൺമണിയുടെ തെലുങ്ക് പതിപ്പ് കണ്ടതിനുശേഷമായിരുന്നു ഈ വിമർശനം. ദുൽഖറും ഈ ട്വീറ്റിന് മറുപടിയായി എത്തിയിരുന്നു. എത്ര ജന്മങ്ങൾ കഴിഞ്ഞാലും അച്ഛൻ കൈവരിച്ച നേട്ടങ്ങളുടെ ഒരംശം പോലും സ്വന്തമാക്കാൻ തനിക്കാവില്ലെന്നായിരുന്നു ദുൽഖറിന്റെ മറുപടി. 

 

ഇന്ന് യാത്ര എന്ന തെലുങ്ക് ചിത്രത്തിലൂടെ രാം ഗോപാൽ വർമ തന്നെ ഇതൊക്കെ തിരുത്തി പറഞ്ഞിരിക്കുന്നു. വർമയ്ക്കെതിരെയുള്ള മധുരപ്രതികാരമാണ് ഇതെന്ന് മമ്മൂട്ടി ആരാധകർ അഭിപ്രായപ്പെട്ടു.

 

നേരത്തെ സൂര്യ ഉൾപ്പടെ നിരവധി പേരാണ് മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഏതു കഥാപാത്രത്തെയും അനായാസേന തന്നിലേക്ക് ആവാഹിക്കുന്ന താരത്തിന്റെ അഭിനയമികവിന് മുന്നില്‍ തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം അത്ഭുതപ്പെട്ടിരിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തിയ തമിഴ് ചിത്രം പേരൻപും തെലുങ്ക് ചിത്രം യാത്രയും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. രണ്ട് ചിത്രങ്ങളിലൂടെ തമിഴിലും തെലുങ്കിലും സൂപ്പർഹിറ്റുകൾ. മറ്റൊരു സൂപ്പർതാരത്തിനുപോലും ൈകവരിക്കാൻ പറ്റാത്ത നേട്ടമാണ് മമ്മൂട്ടി സ്വന്തമാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com