ADVERTISEMENT

കൊച്ചി∙ ‘‘കുട്ടിക്കു ബാഹ്യസൗന്ദര്യത്തിലൊന്നും വിശ്വാസമില്ലല്ലേ’’. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ നായകനായ ഷെയ്ൻ നിഗത്തിന്റെ കഥാപാത്രം ഉറ്റ ചങ്ങാതിയുടെ കാമുകിയോടു ചോദിക്കുന്ന രസകരമായ ഈ ഡയലോഗിൽ തന്റെ തന്നെ ജീവിതവുമുണ്ടെന്ന് ആ ചങ്ക് ബ്രോയുടെ വേഷം ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി പി.എസ്. സുരാജ് പറയുന്നു. പ്രണയത്തിന്റെ അടിസ്ഥാനം ബാഹ്യമായ സൗന്ദര്യമല്ലെന്നതിനു തെളിവു തന്റെ ജീവിതം തന്നെയാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്ന സുരാജ് ഭാര്യ മഞ്ജുവിനെ ചേർത്തു നിർത്തി ഒരു പതിറ്റാണ്ട് പഴക്കമുള്ള ആ പ്രണയകഥയുടെ ഫ്ലാഷ് ബാക്ക് തുറക്കുന്നു:

Kumbalangi Nights Special Ruchiyidangal

 

shane-suraj

‘‘ചെറുപ്പം മുതൽ ഡാൻസിനോടായിരുന്നു ഇഷ്ടം. കോന്തുരുത്തിക്കാരൻ തന്നെയായ കൊറിയോഗ്രാഫർ സതീഷ് ആഷ്‌ലി ആരംഭിച്ച ഡി കമ്പനി ഡാൻസ് ട്രൂപ്പിൽ അവസരം ലഭിച്ചതോടെ അതു ജീവിതമായി. ഡാൻസ് പ്രോഗ്രാമുകൾ എപ്പോഴുമുണ്ടാവില്ല. അങ്ങനെയാണു പെയ്ന്റിങ് പണിക്കും പോയിത്തുടങ്ങിയത്. 

 

suraj-kumbalangi-nights-1

ഒരിക്കൽ ഒരു ഭക്തിഗാന ആൽബത്തിന്റെ ഷൂട്ടിനായി സതീഷേട്ടനൊപ്പം പാലക്കാട് വടക്കഞ്ചേരിക്കു സമീപം തൃപ്പന്നൂർ അമ്പലത്തിൽ പോയപ്പോൾ ഷൂട്ടിങ് കാണാൻ വന്നവരുടെ കൂട്ടത്തിലാണു മഞ്ജുവിനെ ആദ്യം കാണുന്നത്. മഞ്ജുവിന്റെ ചേച്ചിയുടെ മോൾക്ക് ഡാൻസ് പഠിക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞു വന്ന് സതീഷേട്ടനെ പരിചയപ്പെട്ടു. അവർ ഫോൺ നമ്പർ കൈമാറുകയും ചെയ്തു. സതീഷേട്ടനിൽ നിന്നു നമ്പൾ വാങ്ങി വിളിച്ചു സംസാരിച്ചു തുടങ്ങിയതാണു ഞങ്ങൾ. 

suraj-kumbalangi-movie-actor

 

ഇഷ്ടത്തിലായെങ്കിലും അവളുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. നമ്മൾക്ക് കാണാൻ വലിയ ലുക്കില്ല. കാശുമില്ല. അവളാണെങ്കിൽ  മൊഞ്ചത്തി. ജാതി വ്യത്യാസവും പ്രശ്നമായിരുന്നു. പക്ഷേ, അവൾ ഉറച്ചു നിന്നതിനാൽ എതിർപ്പു പ്രശ്നമായില്ല. പാലക്കാട് പോയി വിളിച്ചു ബസിൽ കയറ്റിക്കൊണ്ടുവന്നു. അമ്പലത്തിൽ താലികെട്ടി. അടുത്തൊരു ഹാളിൽ വിരുന്നുമൊരുക്കി. ആദ്യത്തെ കുഞ്ഞൊക്കെ ആയിക്കഴിഞ്ഞപ്പോൾ എന്റെ വീട്ടുകാർ തന്നെ അവളുടെ വീട്ടുകാരുമായി സംസാരിച്ചു. അതോടെ പ്രശ്നങ്ങളൊക്കെ മാറി. ഇപ്പോൾ ആ വീട് എന്റെയും വീടാണ്. സന്തോഷമായങ്ങനെ പോകുന്നു. വടക്കഞ്ചേരിയിൽ മഞ്ജുവിന്റെ വീട്ടിനു സമീപമുള്ള പിള്ളേരൊക്കെയായിട്ടും ഞാൻ വലിയ കമ്പനിയാണ്. അവരവിടെ തിയറ്ററിനു സമീപം എന്റെ ഫ്ലെക്സ് ബോർഡൊക്കെ വച്ചെന്നാണു കേട്ടത്...’’

 

മൂന്നാം ക്ലാസുകാരി ശ്രീലക്ഷ്മിയും എൽകെജിക്കാരി ശ്രീനന്ദയുമാണു മക്കൾ. വഴിത്തിരിവായത് കുമ്പളങ്ങി നൈറ്റ്സിലെ കഥാപാത്രമാണെങ്കിലും മുൻപ് 2 സിനിമകളിൽ ആൾക്കുട്ടത്തിലൊരാളായി തല കാണിച്ചിട്ടുണ്ട് സുരാജ്. മുല്ലയിലും ഇയ്യോബിന്റെ പുസ്തകത്തിലും. സുഹൃത്തായ സജി നെപ്പോളിയൻ വഴി തിരക്കഥാകൃത്ത് ശ്യാം പുഷ്കരനുമായുണ്ടായിരുന്ന പരിചയമാണു കുമ്പളങ്ങി നൈറ്റ്സിലേക്കു വഴി തുറന്നത്. ഡയലോഗൊക്കെയുള്ള വേഷമാണെന്നു കേട്ടപ്പോൾ അഭിനയിക്കാൻ എക്സ്പ്രഷനൊക്കെ വരുമോയെന്ന ആശങ്കയായിരുന്നെന്ന് സുരാജ് പറയുന്നു. 

 

ശ്യാം ഉൾപ്പടെയുള്ളവർ ആത്മവിശ്വാസവും പിന്തുണയും നൽകി.‘‘കുടുംബത്തോടൊപ്പം ആദ്യ ദിവസം തന്നെ  സിനിമ കണ്ടു. നന്നായിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞു. ഇപ്പോൾ എന്നെ പത്തുപേർ തിരിച്ചറിയുന്നുണ്ട്. പലരും കൂടെനിന്നു സെൽഫിയൊക്കെ എടുക്കുന്നു. പുതിയൊരു സിനിമയുടെ ചർച്ചയ്ക്കായി ഇന്നലെ ഒരു പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിട്ടുണ്ട്. സിനിമയിൽ നല്ല അവസരമൊക്കെ വന്നാൽ അതിനു തന്നെയാവും മുൻഗണന. ഇല്ലെങ്കിൽ പതിവു പോലെ ഡാൻസും പെയ്ന്റിങ്ങുമായങ്ങു ഹാപ്പിയായി പോകും’’- സുരാജ് പറയുന്നു. 

 

കൂറ്റൻ അപ്പാർട്ട്മെന്റുകളിൽ ശരീരത്തിൽ വടം കെട്ടി തൂങ്ങിക്കിടന്നു പെയിന്റിങ് ജോലി ചെയ്യുന്നതിലാണു സുരാജിനു താൽപര്യം. സാധാരണ പെയ്ന്റിങ്ങിന് 800 രൂപയാണെങ്കിൽ ഉയരങ്ങളിൽ തൂങ്ങിക്കിടന്നുള്ള പെയ്ന്റിങ്ങിന് 1000 രൂപ വരെ കൂലികിട്ടും എന്നതാണ് ആകർഷണം. അത് അപകടരമല്ലേ എന്ന് ചോദിച്ചപ്പോൾ സുരാജിന്റെ മറുപടി ഇങ്ങനെ: ‘‘എന്തെങ്കിലുമൊക്കെ റിസ്ക് എടുത്താലല്ലേ ജീവിതം രക്ഷപ്പെടൂ. അതല്ലേ ഒരു ത്രിൽ...’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com