ADVERTISEMENT

പൃഥ്വിരാജ് സുകുമാരന്റെ എറ്റവും പുതിയ ചിത്രം നയന്‍ തിയറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്‌ഷന്‍ എന്നീ തലങ്ങളിലെല്ലാം നയന്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്നു. 

 

പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ആദ്യനിർമാണ സംരംഭം കൂടിയായിരുന്നു നയൻ. സോണി പിക്ച്ചേർസുമായി കൈകോർത്തായിരുന്നു പൃഥ്വി നയന്റെ നിർമാണം ഏറ്റെടുത്തത്. ഇപ്പോഴിതാ ഇവർക്ക് അഭിമാനിക്കാവുന്നൊരു നേട്ടം നയൻ സ്വന്തമാക്കിയിരിക്കുന്നു. സിനിമയ്ക്ക് വേണ്ടി മുടക്കിയ തുക റിലീസിനു മുമ്പ് തന്നെ ഇവർ നേടി കഴിഞ്ഞു. 

prithvi-supriya-2

 

ചിത്രത്തിന്റെ സാറ്റലൈറ്റ്, ഡിജിറ്റൽ, ഓവർസീസ് എന്നീ മേഖലകളിൽ നിന്നുമാണ് ചിത്രം മുടക്കുമുതൽ തിരികെപിടിച്ചത്. സിനിമയുടെ പബ്ലിസിറ്റി അടക്കം ആകെ മുതൽമുടക്ക് എട്ടുകോടിയാണ്.  ചിലവാക്കിയ തുകയുടെ 90 ശതമാനത്തോളം ഇതിനോടകം ലഭിച്ചെന്ന് നയൻ സിനിമയുടെ അടുത്തവൃത്തങ്ങൾ പറയുന്നു.

 

ഇന്ത്യൻ തിയറ്റർ റിലീസിൽ നിന്നും ലഭിക്കുന്ന വരുമാനം നിർമാതാക്കൾക്ക് ലാഭമായിരിക്കുമെന്ന് ചുരുക്കം. കൃത്യമായ മുന്നൊരുക്കത്തിന്റെയും പരിശ്രമത്തിന്റെയും തെളിവാണ് ഈ വിജയമെന്ന് അണിയറപ്രവർത്തകർ പറയുന്നു. സുപ്രിയ ആയിരുന്നു പൃഥ്വിക്കൊപ്പം നിർമാണരംഗത്ത് കൂടുതൽ സജീവമായി ഉണ്ടായിരുന്നത്.

 

കഴിഞ്ഞ വർഷമാണ് പുതിയ പ്രൊഡക്‌ഷൻ കമ്പനി തുടങ്ങുന്ന വിവരം സമൂഹമാധ്യമത്തിലൂടെ പൃഥ്വി ആരാധകരെ അറിയിക്കുന്നത്. അന്ന് പൃഥ്വി കുറിച്ച വാക്കുകൾ–

 

കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഞങ്ങളുടെ ഒരു സ്വപ്നസാക്ഷാത്കാരത്തിനുള്ള പരിശ്രമത്തിലായിരുന്നു. ഇപ്പോള്‍ ഇത്  നിങ്ങളുമായി പങ്കുവയ്ക്കാന്‍ സമയമായി. ഞങ്ങള്‍ ഒരു പുതിയ ഒരു സിനിമാ നിര്‍മാണ കമ്പനി തുടങ്ങുന്നു. എനിക്ക് എല്ലാം തന്ന സിനിമയ്ക്ക് എന്നാല്‍ കഴിയുന്ന ഉചിതമായ സമര്‍പ്പണം. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമകള്‍ക്കു വഴി ഒരുക്കുക എന്നതാണ് ഈ പുതിയ കമ്പനിയുടെ ലക്ഷ്യമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. 

 

എന്തുകൊണ്ട് ഇത്  ഉടലെടുക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു? ഞങ്ങളുടെ പുതിയ സംരംഭം മലയാള സിനിമ നിര്‍മാണ മേഖലയ്ക്ക് ഒരു പുത്തന്‍ ചുവടുവെപ്പ് ആണ് എന്ന് ഞങ്ങള്‍ എന്തുകൊണ്ട് വിശ്വസിക്കുന്നു?  ഈചോദ്യങ്ങള്‍ക്ക് എല്ലാമുള്ള ഉത്തരം തുടര്‍ന്ന് ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ ഞാന്‍ ആക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട്, സിനിമ നിര്‍മാണ മേഖലയിലേക്ക് കടന്നു വന്നപ്പോള്‍ എനിക്കൊപ്പം നിന്ന ഷാജി നടേശനും സന്തോഷ് ശിവനും നന്ദി പറഞ്ഞു കൊണ്ട്, സിനിമ എന്താണെന്ന് എന്നെ പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട്. സുപ്രിയയും ഞാനും സമര്‍പ്പിക്കുന്നു. അവതരിപ്പിക്കുന്നു, പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com