ADVERTISEMENT

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിവരുന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പ്രേക്ഷകർക്ക് മാത്രമല്ല സിനിമാതാരങ്ങള്‍ക്കും ഈ വാർത്ത ഏറെ സന്തോഷം പകരുന്നതായിരുന്നു. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ ജഗതിയുടെ തിരിച്ചുവരവിൽ പ്രതികരണവുമായി എത്തി.

 

ജഗതി ശ്രീകുമാർ എന്നൊരു ഫെയ്സ്ബുക്ക് പേജിൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെ വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ജഗതിയെന്ന പേരിൽ തന്നെയായിരുന്നു പ്രേക്ഷകരുമായി സംവദിക്കുന്നതും. 

 

ഇത് ജഗതിയുടെ ഔദ്യോഗിക പേജ് ആണോ എന്നത് വ്യക്തമല്ല. മമ്മൂട്ടി ഉൾപ്പടെയുള്ള താരങ്ങൾ ഈ പേജിൽ നിന്നുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. തന്റെ തിരിച്ചുവരവ് മലയാളികൾ ആഘോഷമാക്കി മാറ്റുമ്പോൾ ജഗതിയുടെ പേജിൽ വന്ന ട്രോൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

 

അദ്ദേഹം തന്നെ അഭിനയിച്ച ഛോട്ടാ മുംബൈ എന്ന സിനിമയിലെ ഒരു രംഗം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് തന്റെ തിരിച്ചുവരവിനെ ജഗതി ട്രോളാക്കി മാറ്റിയത്. ഞാനിടയ്ക്ക് പോകും, വരും. എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട- ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രമായ പടക്കം ബഷീര്‍ , നാരായണന്‍കുട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പറയുന്ന രംഗമാണ് വിഡിയോയിലുള്ളത്. 

 

7 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജഗതി അഭിനയ രംഗത്തു തിരിച്ചെത്തുന്നത്. ജഗതിയുടെ മകൻ രാജ്കുമാർ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ‘ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റ്സ്’ ചിത്രീകരിക്കുന്ന പരസ്യത്തിലാണ് താരം അഭിനയിക്കുക.

 

ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് അദ്ദേഹം വീണ്ടും അഭിനയ രംഗത്തേക്കെത്തുന്നത്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാൽ അച്ഛന്റെ തിരിച്ചുവരവിനു വേഗം കൂടുമെന്ന് ഡോക്ടർമാർ അറിയിച്ചതായി രാജ്കുമാർ പറഞ്ഞു.

 

തൃശൂരിലെ തീം പാർക്കിന്റെ പരസ്യമായിരിക്കും ആദ്യത്തേത്. ഇതിൽ ജഗതിക്കൊപ്പം കുടുംബാംഗങ്ങളും അഭിനയിക്കും. 27നു വൈകിട്ട് 7നു സിൽവർസ്റ്റോം വാട്ടർ തീം പാർക്കിലാണ് സ്വിച്ചോൺ. തേഞ്ഞിപ്പലത്തു 2012 മാർച്ച് 10നുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ശേഷമാണ് ജഗതി സിനിമാരംഗം വിട്ടത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com