ADVERTISEMENT

സന്ദേശം സിനിമയെ വിമര്‍ശിച്ച തിരക്കഥാകൃത്ത് ശ്യം പുഷ്‌കരന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വര്‍ഷം ഒരു ഹര്‍ത്താല്‍ നടന്നത് ശ്യം പുഷ്‌കരന്‍ അറിഞ്ഞില്ലേയെന്നും അത് തന്നെയാണ് സന്ദേശം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്നും ഹരീഷ് പേരടി കുറിച്ചു. 

 

സന്ദേശം സിനിമ ഒരു സന്ദേശവും നൽകുന്നില്ലെന്നും ചിത്രം മുന്നോട്ടുവെക്കുന്ന ആശയത്തിൽ വിയോജിപ്പുണ്ടെന്നുമായിരുന്നു റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്യാം പുഷ്കരന്‍ പറഞ്ഞത്.

 

സന്ദേശം എന്ന സിനിമ നൽകുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് എനിക്ക് സംശയമുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തോട് താത്പര്യമുള്ളയാളാണ് ഞാൻ. പക്ഷേ സിനിമ വിദ്യാർഥി രാഷ്ട്രീയം വേണ്ടെന്നാണ് പറഞ്ഞുവെക്കുന്നത്. അവരെന്തെങ്കിലും രാഷ്ട്രീയം പ്രകടിപ്പിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത''-ഇതായിരുന്നു ശ്യാം പുഷ്കരന്റെ അഭിപ്രായം.

 

ശ്യം പുഷ്‌കരന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് ഒട്ടനവധി പേര്‍ രംഗത്ത് വന്നിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ ഹര്‍ത്താലുമായി താരതമ്യം ചെയ്താണ് ഹരീഷ് പേരടി ശ്യാമിനെ വിമർശിച്ചത്.

 

ശബരിമല വിഷയം വലിയ ചർച്ചയാകുന്ന സമയത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബിജെപി സമരപ്പന്തലിന് മുന്നില്‍ വേണുഗോപാലന്‍ നായര്‍ എന്നൊരാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യ ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചാണ് എന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. 

 

എന്നാൽ വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്തായതോടെ പാർട്ടി വെട്ടിലായി. സമൂഹത്തോട് തനിക്ക് വെറുപ്പാണെന്നാണ് വേണുഗോപാലന്‍ നായര്‍ മരണ മൊഴി നല്‍കിയത്. ബിജെപി നടത്തുന്ന ഹര്‍ത്താല്‍ നാടകമാണെന്ന് സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുകയും ചെയ്തു.

 

സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ എത്തിയ സന്ദേശം എക്കാലത്തെയും സിനിമാപ്രേമികളുടെ ഇഷ്ടസിനിമയാണ്. അന്ധമായ രാഷ്ട്രീയം കുടുംബ ബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.ശ്രീനിവാസന്‍, ജയറാം, തിലകന്‍, കവിയൂര്‍ പൊന്നമ്മ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, മാമുക്കോയ തുടങ്ങിയവരുടെ അഭിനയപ്രകടനവും ചിത്രത്തിന്റെ ആകർഷണമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com