sections
MORE

ജൂനിയർ ആർടിസ്റ്റുകളായി എത്തി; പടവുകൾ ഓരോന്നും മെല്ലെ ചവിട്ടി അവർ ഒന്നാമതെത്തി

soubin-jayan
SHARE

ഇക്കുറി സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് വേറിട്ടൊരു തിളക്കമുണ്ട്. ആ തിളക്കത്തിന് കഠിനാധ്വാനത്തിന്‍റെയും ആത്മവിശ്വാസത്തിന്റെയും ഊര്‍ജവുമുണ്ട്. സംസ്ഥാന പുരസ്കാരം ലഭിച്ചത് ജൂനിയർ ആർടിസ്റ്റുകളായി സിനിമാരംഗത്തെത്തിയ മൂന്നുപേർക്കാണ്. സ്വകാര്യ ചാനലിൽ പരിപാടി അവതരിപ്പിച്ചും മിമിക്രി ചെയ്തുമൊക്കെ സിനിമയിൽ തല കാട്ടിത്തുടങ്ങിയ ജയസൂര്യ വിനയൻ സംവിധാനം ചെയ്ത ഉൗമപ്പെണ്ണും ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ നായകനായി എത്തുന്നത്. പിന്നീട് വിവിധ വേഷങ്ങളിൽ നിറഞ്ഞാടി. ഒട്ടേറെ സിനിമകളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി വേഷമിട്ടതും വേഷങ്ങള്‍ക്കായി അലഞ്ഞതുമൊക്കെ ജയസൂര്യ തന്നെ പലയിടങ്ങളിലും പറഞ്ഞിട്ടുമുണ്ട്.

പത്രം സിനിമയിൽ ജയസൂര്യ

ആദ്യമൊക്കെ ചെറുവേഷങ്ങളില്‍ സിനിമകൾ ചെയ്ത് തുടങ്ങിയ ജയസൂര്യയുടെ ഉയര്‍ച്ച പെട്ടെന്നായിരുന്നു. വിക്കുള്ള നായകാനായും രോഗിയായും തൃശൂരുകാരനായ തനി ക്രിസ്ത്യാനിയായും തമാശക്കാരനായ ഗുണ്ടാ നേതാവായും ട്രാൻസ്ജെൻഡറായുമൊക്കെയുള്ള ജയസൂര്യയുടെ ഭാവമാറ്റം ആരാധകർ നിറകൈയടിയോടെ സ്വീകരിച്ചു. അപ്പോത്തിക്കിരി, സുധി വാൽമീകം, പുണ്യാളൻ അഗർബത്തീസ് ,ഷാജിപാപ്പൻ, മേരിക്കുട്ടി, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്തനായ ജയസൂര്യയെ കാണാം. അതുകൊണ്ട് തന്നെ ഒാരോ സംസ്ഥാന പുരസ്കാരങ്ങളിലും മലയാളികൾ ജയസൂര്യയുടെ പേര് പതിയാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ജയസൂര്യയുടെ വാക്കുകളിൽ ‘പുരസ്കാരം ഒട്ടും വൈകിയില്ല’, ഇതാണ് ശരിയായ സമയം. 

ജോജുവും സഹനടനായി സിനിമരംഗത്തെത്തിയ നടനാണ്. പത്തുവർഷത്തോളം ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. സിനിമാഭ്രാന്ത്മൂത്ത തന്നെ സഹോദരൻ സൈക്കാർട്ടിസ്റ്റിനെ കാണിക്കാൻ കൊണ്ടുപോയിട്ടുണ്ടെന്നും ജോജു മനോരമ ന്യൂസിന്റെ നേരേ ചൊവ്വേയില്‍ ഒരിക്കൽ പറഞ്ഞിരുന്നു. അന്ന് ഡോക്ടർ  പറഞ്ഞു, ഒന്നില്ലെങ്കിൽ ഇയാൾ സിനിമകൊണ്ട് രക്ഷപെടുമെന്നും അല്ലെങ്കിൽ സിനിമ കൊണ്ട് നശിച്ചുപോകുമെന്നും. മഴവിൽ കൂടാരം, ഇൻഡിപെൻഡൻസ്, ദാദാസാഹിബ് എന്നീ ചിത്രങ്ങളിൽ ജൂനിയർ ആർടിസ്റ്റായി വേഷമിട്ടു. 

ദാദാസാഹിബില്‍ ജോജു

ലാൽ ജോസിന്റെ പുള്ളിപുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുകയും അവസാനം സിനിമ നിർമിക്കുകയും ചെയ്തു ജോജു. രാമന്റെ ഏദൻ തോട്ടം, ഉദാഹരണം സുജാത, ജോസഫ് തുടങ്ങിയ സിനിമകളും നിർമിച്ചു. തന്നെ കൂട്ടുകാരായ കുറേപ്പേർ ചതിച്ചിട്ടുണ്ടെന്നും താൻ രക്ഷപെടുമെന്ന് അവർ വിചാരിച്ചിട്ടേ ഇല്ലെന്നും ജോജു അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. തന്നെ അറിയാവുന്ന സുഹൃത്തുക്കൾക്ക് ഈ പുരസ്കാരം പ്രചോദനമാകുമെന്നായിരുന്നു അവാർഡ് ലഭിച്ചതിനു ശേഷം ജോജു പറഞ്ഞത്.

സൗബിനും ഇതുപോലെ തന്നെയുള്ള ആളാണ്. ചെറുവേഷങ്ങളിലും സഹസംവിധായകനായി വന്നും നടനായും സംവിധായകനായും തിളങ്ങിയ ആളാണ് സൗബിൻ. അമല്‍ നീരദ് ചിത്രം അൻവര്‍'സിനിമയുടെ സെറ്റിൽ വെള്ളം ചീറ്റിച്ച് മഴപെയ്യിക്കുന്ന സൗബിന്റെ ചിത്രം നമ്മൾ കണ്ടിട്ടുണ്ട്. ഈ സിനിമയിൽ സംവിധാനസഹായിയും റെയിൻ ബോയിയുമൊക്കെ സൗബിനായിരുന്നു.

സംവിധായകരായ ഫാസിൽ, സിദ്ധിഖ്, റാഫി മെക്കാര്‍ട്ടിന്‍, പി.സുകുമാര്‍, സന്തോഷ് ശിവൻ, രാജീവ് രവി, അമല്‍ നീരദ് തുടങ്ങിയ നിരവധി സംവിധായകരോടൊപ്പം സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് സൗബിൻ. 2003-ൽ സിദ്ധിഖിന്‍റെ ക്രോണിക് ബാച്ചിലറിന്‍റെ സംവിധാന സഹായിയായിട്ടായിരുന്നു തുടക്കം. 2012-ൽ ഡാ തടിയ എന്ന സിനിമയിലായിരുന്നു ആദ്യമായി അഭിനയിച്ചത്.

തമാശയും സെന്റിമെൻസും ഒക്കെ ഒരുപോലെ കൈകാര്യം ചെയ്യാൻ സൗബിന് അപാര കഴിവാണ്. സുഡാനിയിലെ സൗബിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അടുത്തിടെ ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്സും സൗബിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്. പ്രേമം സിനിമയിലെ പി ടി മാഷിന്റെ റോളാണ് സൗബിനെ ശ്രദ്ധേയനാക്കിയത്.

പഠനം പാതിവഴിയിലുപേക്ഷിച്ച് സഹസംവിധായകനാകാൻ പുറപ്പെട്ട സൗബിനെ മമ്മൂട്ടി വഴക്കുപറഞ്ഞതും അടുത്ത തവണ കാണുമ്പോൾ പഠനം പൂർത്തിയാക്കിയിട്ടേ സിനിമയിൽ കാണാൻ പാടുള്ളൂ എന്ന് മമ്മൂക്ക താക്കീതു ചെയ്തതായും സൗബിൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഫാസിലിന്റെ അരികിൽ സഹസംവിധായകനാകാൻ പറഞ്ഞുവിട്ട ബാപ്പയ്ക്കാണ് സംസ്ഥാനപുരസ്കാരം സൗബിൻ സമർപ്പിച്ചത്.

ഇങ്ങനെ കഷ്ടപ്പാടിന്റെ കയ്പ് മധുരമാക്കി ജീവിതത്തിന്റെ കര പറ്റിയവരുടെ ആഘോഷം കൂടിയാകുന്നു ഇത്തവണത്തെ പുരസ്കാരം. മധുരമുള്ള വിജയഗാഥ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA