ADVERTISEMENT

‘സ്ഫടികം’ ആടു തോമയെന്ന മകന്റെ (മോഹൻലാൽ) സിനിമയല്ല. മറിച്ചു തന്റെ തീരുമാനങ്ങൾ മാത്രം മകൻ നടപ്പാക്കണമെന്ന് അഗ്രഹിച്ച് അവന്റെ ജീവിതം തകർത്തു കളയുന്ന ചാക്കോ എന്ന അച്ഛന്റെ (തിലകൻ) കഥയാണ്. അയാളുടെ തിരിച്ചറിവ‌ിന്റെ കഥയാണ്.’ 1995ലെ ഈ സൂപ്പർ ഹിറ്റ് സിനിമയെക്കുറിച്ച് സംവ‌ിധായകൻ ഭദ്രൻ സംസാരിക്കുന്നു.

 

ആരാണ് ഈ അച്ഛൻ? 

 

‘എന്റെ ജീവിതത്തിലെ നാലു പേർ ചേർന്നാൽ സിനിമയിലെ ചാക്കോ സാറായി. ഒന്ന് എന്റെ അപ്പനാണ്. മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് എന്നെ കൊച്ചാക്കാറുണ്ടായിരുന്ന അപ്പൻ. നീ പോയി അവന്റെ  അമേധ്യം തിന്നടാ എന്നു പറയാറുണ്ടായിരുന്ന‌ു അപ്പൻ. പഠിക്കാൻ വളരെ മോശമായിരുന്ന എന്നെ സംഗീതജ്ഞനാക്കാൻ റേഡിയോ കൃഷ്ണയ്യരെ വീട്ടിൽ താമസിപ്പിച്ച‌് എനിക്ക് സംഗീത ക്ലാസുകൾ നൽകിയ അപ്പൻ.(ശിഷ്യന് ആവശ്യമില്ലാത്ത സാധനമായിരിക്കും എന്നു തിരിച്ചറിഞ്ഞതിനാലാകണം വർണം പഠിച്ചു കഴിഞ്ഞപ്പോഴേ ഭദ്രന്റെ ഹർമോണിയവുമായി സ്വാമി സ്ഥലം വിട്ടു.) 

 

പൊട്ടക്കിണറ്റിലെ പൊൻമാനെ കണ്ടു നിന്നതിനാലാണ് 10 മിനിറ്റ് വൈകിയതെന്നു പറഞ്ഞപ്പോൾ എന്റെ കവിളിൽ അടിച്ച ആലയ്ക്കാപ്പിള്ളി തോമസ് സാറാണ് മറ്റൊരാൾ (ആ 5 വിരൽപാടുകൾ കവിളിൽ നിന്ന് എപ്പോഴേ മാഞ്ഞു. പക്ഷേ അഞ്ചാം ക്ലാസിലെ ആ അടി ശബ്ദം കാതിൽ ഇപ്പോഴും). മറ്റൊരാൾ കണിശക്കാരനായ പിള്ള സാറാണ്. അൽപം സേവിച്ച‌ിട്ട് ഇരിങ്ങാലക്കുട ഡോൺബോസ‌്കോയിലെ ക്ലാസിൽ വരികയും ചുണ്ടിന്റെ കോണിലൂടെ മുറുക്കി തുപ്പിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഭൂതലിംഗം സാറാണ് നാലാമൻ.

 

തിലകനുമായ‌ി വഴക്ക് 

 

ചാക്കോ സാറായി തിലകനെ ഭദ്രൻ കണ്ടിരുന്നു. പക്ഷേ വിളിച്ചില്ല. കാരണം വർഷങ്ങളായി ഇരുവരും വഴക്കിലായിരുന്നു. ‘ഇടനാഴിയിൽ ഒരു കാലൊച്ച’ എന്ന സിനിമയുടെ ഡബ്ബിങ്ങിലായിരുന്നു വഴക്കുണ്ടായത്. ആ സിനിമയിൽ ‘ദേർ ഈസ് നോ മ്യൂസിക് വിത്ത് ഔട്ട് മെലഡി’ എന്ന ഡയലോഗ് തിലകൻ പറഞ്ഞപ്പോൾ ‘മെലുഡി’ എന്നായി. മെലഡി എന്നാണ് വേണ്ടത് എന്നു ഭദ്രൻ തിരുത്തിയപ്പോൾ ‘ഞാൻ ഡിഗ്രിക്കാരന‌ാണെന്നു തിലകൻ തിരിച്ചടിച്ചു. പക്ഷേ ഞാൻ പത്താം ക്ലാസുകാരനാ, അതാ വ്യത്യാസം എന്നായി ഞാൻ.’– ഭദ്രൻ പറഞ്ഞു (പഞ്ചിനു വേണ്ടി 10–ാം ക്ലാസ് എന്നു പറഞ്ഞതല്ല. ശരിക്കും പത്താം ക്ലാസുകാരനാണ് ഭദ്രൻ). 

 

spadikam-thilakan-1

പിന്നെ നിലവിട്ടു സംസാരമായി. അടിയുടെ വക്കോളമെത്തി. ഒന്നര ദിവസത്തെ ഷ‌ൂട്ടിങ് ബാക്കി നിൽക്കെ തിലകനെ സിനിമയിൽ നിന്ന് ഒഴിവാക്കി. മറ്റൊരാളുടെ കൈയും ആ കയ്യിലൊരു സ്റ്റിക്കും ചലിപ്പിച്ച് ബാക്കി ഷൂട്ട് ചെയ്തു. നാലഞ്ചു വർഷങ്ങൾ കഴിഞ്ഞു. സ്ഫടികത്തിന്റെ തിരക്കഥ പൂർണമായി. തിലകനെ വിളിക്കണം. പക്ഷേ എങ്ങനെ വിളിക്കും എന്നു മടിച്ചിരിക്കെ ഇടനാഴിയിൽ ഒരു കാലൊച്ച എന്ന സിനിമ തന്നെ ഇടപെട്ടു. 

 

ടെലിവിഷനിൽ ഈ സിനിമ സംപ്രേക്ഷണം ചെയ്തപ്പോൾ തിലകൻ ‘മെലുഡി’ കേട്ടു, തെറ്റ് മനസ്സിലാക്കി ഭദ്രനെ വിളിച്ചു. ‘അതേയ്, ഞാൻ തിലകനാ’. ‘ഈ ശബ്ദം തിരിച്ചരിയാത്തവർ ആരുണ്ട്’ എന്നു ഭദ്രൻ. മഞ്ഞുരുകി. പിറ്റേന്ന് തൃശൂർ രാമനിലയത്തിലെത്തി ഭദ്രൻ തിലകനോട് സ്ഫടികത്തിന്റെ കഥ പറഞ്ഞു. തനിക്കല്ലാതെ ആർക്കിതു ചെയ്യാൻ കഴിയും എന്നു പറഞ്ഞ് അദ്ദേഹം ആവേശഭരിതനായി. ‘പക്ഷേ നെടുമുടി വേണുവിനെ ചില അണിയറക്കാർ പരിഗണിച്ചിരുന്നു. തിലകന് വലിയ മേക്കപ്പ് വേണ്ടി വന്നില്ല. ചാക്കോയുടെ ചുരുണ്ട പുരികം വരെ തിലകനു സ്വന്തമായുണ്ടായിരുന്നു.’

 

ആടുതോമ 

 

ചാക്കോ സാറിന്റെ മൗഢ്യം തിരിച്ചറിയിക്കാൻ നിമിത്തമാകേണ്ട കഥാപാത്ര‌ം എന്ന പ്രാധാന്യമേ പ്രമേയപരമായി ആടു തോമയ്ക്കുള്ളൂ. പാലായിലും പരിസരപ്രദേശത്തുമുള്ള മൂന്നു റൗഡികളാണ് ആടു തോമയുടെ പ്രോട്ടോടൈപ്പ‌ുകൾ. ഒരാൾ ഇരട്ടച്ചങ്കൻ എന്നറിയപ്പെട്ടു. മറ്റൊരാൾ മുണ്ടുപറിച്ചടിക്കാരനായിരുന്നു. മറ്റൊരാൾ കത്തിനിൽക്കേ വീണുപോയവനായിരുന്ന‌ു. ‘ആണത്തം മാത്രമേ ഈ കഥാപാത്രത്തിനുള്ളുവെങ്കിൽ മമ്മൂട്ടിയോ സുരേഷ്ഗോപിയോ മതിയായിര‌ുന്നു. പക്ഷേ നിഷ്കളങ്കതയും ആത്മപുച്ഛവും ആ കഥാപാത്രത്തിനുണ്ട്. മോഹൻലാലിന്റെ കണ്ണുകളിൽ ഇതുണ്ട്. ’–ഭദ്രൻ.

 

ഉർവശി 

 

ശോഭനയെ നായികയാക്കാനാണ് തീരുമാനിച്ചത്. പക്ഷേ അവർക്ക് നൃത്ത പരിപാടിക്ക് യുഎസിൽ പോകേണ്ടതിനാൽ ഉർവശിയെ വിളിച്ചു. സിനിമ കണ്ടു കഴിഞ്ഞപ്പോൾ സംവിധായകനു തോന്നി ഉർവശി തന്നെയായിരുന്നു നല്ലതെന്ന്. കള്ളുകുടിച്ചുള്ള സീനൊക്കെ അത്ര ഭംഗിയായിരുന്നു. 

 

സ്ഫടികം ജോർജ് 

 

ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ നടൻ നാസറിന്റെ ഫോൺ – ‘നാളെ വരാൻ പറ്റില്ല. തമിഴിലെ ഷൂട്ടിങ് ന‌ീളുന്നു. 1‌0 ദിവസം കഴിയും എത്താൻ.’ എന്തുചെയ്യണമെന്ന് അറിയാതെ ഭദ്രൻ കോട്ടയം അ‍ഞ്ജലി ഹോട്ടലിന്റെ കാർപാർക്കിങ്ങിലെ വലിയ തൂണിൽ ചാരി നിന്നു തലപുകച്ചപ്പോൾ അവിടേക്ക് ബുള്ളറ്റിൽ വന്ന നാസറിനേക്കാൾ വണ്ണവും ഉയരവുമുള്ള യുവാവാണ് ജോർജ്. ‘തനിക്ക് അഭിനയിക്കണോ’ എന്ന് ഭദ്രൻ. അനന്തരം ജോർജ്, സ്ഫടികം ജോർജായി.

 

സംഗീതം

 

സംവിധായകൻ ഹരിഹരന്റെ വീട്ടിൽ നിന്നു ഭദ്രൻ കാറിൽ മടങ്ങവേ കൂപ്പുകൈയുമായി എസ്.പി. വെങ്കിടേഷ്. ‘സാർ, നാൻ കോടമ്പാക്കം പാലം മുതലേ ചേസ് ചെയ്യുകയിരുന്നു. ആരും ചാൻസ് തരുന്നില്ല. ഒരവസരം തന്നാൽ നന്നായി ചെയ്യാം’. ‘പശ്ചാത്തല സംഗീതം നന്നായി ചെയ്യുന്നയാളാണ്. കണ്ണ‌ുകളിൽ ആത്മാർഥതയുമുണ്ട്. 

എങ്കിലും ഞാൻ പറഞ്ഞു നിങ്ങൾ ചെയ്യുന്ന പാട്ട് എനിക്കിഷ്ടപ്പെടും. ഞാൻ ഒകെ പറയും. പക്ഷേ മൂന്നു നാലു ദിവസം കഴിയുമ്പോൾ ശരിയായില്ല അതു മാറ്റി ചെയ്യണം എന്നു ‍ഞാൻ പറഞ്ഞേക്കാം. അപ്പോൾ വന്നു ചെയ്യണം–പറ്റുമോ?’–ഭദ്രൻ ചോദിച്ചു. ‌‘സാറിന്റെ വീട്ടിൽ താമസിച്ചു കൊള്ളാം. ഒരു നേരം ഭക്ഷണം തന്നാൽ മതി’. ആ ആത്മർഥത പാടി: ‘ഏഴിമല പൂഞ്ചോല’. കേരളം അതേറ്റുപാടി. ഒരൊറ്റ പൈസ പോലും പ്രതിഫലം വാങ്ങാതെയാണ് എസ്.പി.വെങ്കിടേഷ് സ്ഫടികത്തിനു സംഗീതം ചെയ്തത്.

 

രണ്ട് ഛായാഗ്രാഹകർ

 

ജെ.വില്യംസായിരുന്നു ക്യാമറാമാൻ. പക്ഷേ ഭയങ്കര വഴക്കും വക്കാണവുമായതോടെ അദ്ദേഹത്തെ മാറ്റി എസ്.കുമാറിനെ കൊണ്ടുവന്നു. സിനിമ അവസാനിക്കാറായപ്പോൾ ഭദ്രന് തോന്നി. 

 

വില്യംസിനെ വച്ചു തുടങ്ങിയതല്ലേ. അങ്ങനെ തള്ളിക്കളയുന്നതു ശരിയാണോ‌? 4 ദിവസത്തെ നിർണായക ഷൂട്ട് ഉണ്ട‌്. വിളിച്ചാലോ? വിളിച്ചു. അദ്ദേഹം വന്നു. ‘എന്നെക്കണ്ടതും വില്യംസ് വാവിട്ടുകരഞ്ഞു. നിങ്ങൾ മാത്രമാണ് എന്നെ തിരിച്ചുവിളിച്ചത്. ഞാൻ എല്ലാവർക്കും വഴക്കാളിയായിപ്പോയി എന്നെല്ലാം പറഞ്ഞ്. പ്രായമായ ഒരാൾ ഉറക്കെ കരയുന്നത് എന്നെ വല്ലാതെയാക്കി. സ്ഫടികം ഞാൻ സമർപ്പിക്കുന്നത് വില്യംസിനാണ്. താഴ‌്ന്നാലേ ഉയരൂ എന്ന ജീവിത പാഠം എനിക്കു പകർന്നു തന്നതിന്.

 

പേര്

 

ആടുതോമയെന്ന പേരിട്ടാലേ അടിപ്പടം ആളുകൾ കാണാൻ വരൂ എന്ന് ഗുഡ്നൈറ്റ് മോഹൻ പറഞ്ഞു. ‘ഇത് ആടു തോമയുടെ കഥയല്ല, ഇടിപ്പടവുമല്ല. പേരന്റിങ്ങിനെക്കുറിച്ചുള്ള സിനിമയാണ്. പേര് സ്ഫടികം എന്നു തന്നെ’, എന്നായി ഭദ്രൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com